ക്വൊ വാദിസ് -1951

‘ക്വൊ വാദിസ്’ എന്ന അമേരിക്കന്‍ എപിക്ക് ഫിലിം 1951-ലാണ് പുറത്തിറങ്ങിയത്. ആ വര്‍ഷത്തെ നമ്പര്‍ വണ്‍ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു ഈ സിനിമ. ‘ക്വൊ വാദിസ്’ എന്ന ലാറ്റിന്‍ പദത്തിനര്‍ത്ഥം ‘നീ എവിടെ പോകുന്നു? എന്നാണ്. വളരെയേറെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ഈ ബിഗ് ബജറ്റ് ചലച്ചിത്രം മികച്ച ചിത്രത്തിനുള്‍പ്പെടെ എട്ട് അക്കാഡമി അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകളാണ് കരസ്ഥമാക്കിയത്.

പുരാതന റോമില്‍ എ. ഡി. 64-68 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ക്രിസ്ത്യാനിറ്റിയും റോമന്‍ സാമ്രാജ്യത്തിലെ അഴിമതികളും തമ്മിലുള്ള വൈരുധ്യങ്ങളാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. റോമന്‍ മിലിറ്ററി കമാന്‍ഡര്‍ മാര്‍ക്കസ് വിനിക്കസാണ് ഇതിലെ കേന്ദകഥാപാത്രം. നീണ്ട യുദ്ധത്തിനു ശേഷം റോമിലെത്തുന്ന മാര്‍ക്കസ് വിനിഷ്യസ്, ലിജിയ എന്ന ഒരു ക്രിസ്ത്യന്‍ യുവതിയുമായി പ്രണയത്തിലാകുന്നു. ഒപ്പം അവളുടെ മതവിശ്വാസത്തിലും അദ്ദേഹത്തിന് താത്പര്യം ജനിക്കുന്നു. ഇതേ സമയമാണ് റോമന്‍ ചക്രവര്‍ത്തിയായിരുന്ന നീറോ ക്രിസ്ത്യാനിറ്റിയെ റോമില്‍ നിന്നും അപ്പാടെ തുടച്ചു നീക്കാന്‍ തീരുമാനിച്ചത്.  മാര്‍ക്കസിന്റെയും ലിഗിയയുടെയും ബന്ധത്തിന് നീറോ എതിരായിരുന്നു. ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നതിനായി നീറോ റോമിനെ കത്തിയെരിക്കാന്‍ ഒരുങ്ങി. എന്നാല്‍ മാര്‍ക്കസ് ലിജിയയുടെ കുടുംബത്തിന് രക്ഷകനായി. എന്നാല്‍ അതിന്റെ പേരില്‍ മാര്‍ക്കസ് അറസ്റ്റ് ചെയ്യപ്പെടുന്നു. ഈ സമയം പത്രോസ് ശ്ലീഹായും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ ഉണ്ട്. പത്രോസ് മാര്‍ക്കസിന്റെയും ലിജിയയുടെയും വിവാഹം നടത്തുന്നു. ആകസ്മികമായ റ്റ്വിസ്റ്റുകള്‍ക്കൊടുവില്‍ നീറോയുടെ നിര്‍ദ്ദേശ പ്രകാരം പീറ്റര്‍ ക്രൂശിക്കപ്പടുന്നു.

എന്നാല്‍ റോം കത്തിയമര്‍ന്നതിനും നീറോയുടെ ഭാര്യ പൊപ്പെയയുടെ കൊലപാതകത്തിനും പിന്നില്‍ ക്രിസ്ത്യാനികളല്ല, മറിച്ച് ചക്രവര്‍ത്തിയായ നീറോയാണ് എന്ന് ജനക്കൂട്ടം തിരിച്ചറിയുന്നു.  ഒടുവില്‍ തന്റെ വിശ്വസ്തനായ അടിമ ആക്‌റ്റെയുടെ സഹായത്തോടെ നീറോ ചക്രവര്‍ത്തി സ്വയം മരണം വരിക്കുന്നു.

സിനിമ അവസാനിക്കുന്നത് മാര്‍ക്കസും ലിജിയയും റോമില്‍ നിന്നും യാത്രയാകുന്ന രംഗത്താണ്. വഴിയില്‍ അവര്‍ വിശുദ്ധ പീറ്ററിന്റെ ഉപേക്ഷിക്കപ്പെട്ട ദണ്ഡ് കാണാനിടയാകുന്നു. അതിനു സമീപം പ്രതീക്ഷയുടെ പുതിയ പൂക്കള്‍ മൊട്ടിട്ടിരുന്നു. ഒപ്പം ‘ഞാന്‍ ജീവനും സത്യവുമാകുന്നു’ എന്ന ഗാനവും ഉണരുന്നു.

റോബര്‍ട്ട് ടെയിലറാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. വളരെയേറെ ശ്രദ്ധയാര്‍ജ്ജിച്ചതാണ് സിനിമയിലെ മെക്കലോസ് റൊസ്സയുടെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍. എം.ജി.എം എന്റര്‍ടെയിന്‍മെന്‍് പ്രേക്ഷകരിലെത്തിച്ച ‘ക്വൊ വാദിസി’ന്റെ ദൈര്‍ഘ്യം 171 മിനിറ്റാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ