ദ നേറ്റിവിറ്റി സ്റ്റോറി 2006

2006-ല്‍ പുറത്തിറങ്ങിയ ഒരു എപിക് ഡ്രാമ സിനിമയാണ് ദ് നേറ്റിവിറ്റി സ്റ്റോറി. മാള്‍ട്ടയിലും ഇറ്റലിയിലും മൊറോക്കോയിലും ഈജിപ്തിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 2006-മെയ് ഒന്നിന് ഷൂട്ടിങ് ആരംഭിച്ച സിനിമ 2006 ഡിസംബര്‍ ഒന്നിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി.
ലോകരക്ഷകന്റെ പിറവിയെക്കുറിച്ച് പ്രതിപാദിക്കുന്ന ചലച്ചിത്രമാണ് ‘ദ നേറ്റിവിറ്റി സ്റ്റോറി’. ആശാരിപ്പണിക്കാരനായ ജോസഫിനെയും മേരി എന്ന പെണ്‍കുട്ടിയെയും ക്രിസ്തുവിന്റെ മാതാപിതാക്കളായി ദൈവം തിരഞ്ഞെടുക്കുന്നു. ജോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയായിരുന്നു മേരി. എന്നാല്‍ ഒരു ദിവസം ദൈവത്തിന്റെ ദൂതനായ ഗബ്രിയേല്‍ അവളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും ‘നീ ഒരു പുത്രന് ജന്മം നല്‍കും’ എന്ന് പറയുകയും ചെയ്യുന്നു. എന്നാല്‍ ഇതെങ്ങനെ സംഭവിക്കുമെന്ന ചോദ്യത്തിന് ‘ദൈവത്തിന്റെ പരിശുദ്ധാത്മാവ് നിന്നില്‍ നിറയും’ എന്നായിരുന്നു മാലാഖയുടെ മറുപടി. വിവാഹം കഴിക്കാതെ ഗര്‍ഭിണിയായ മറിയത്തിന് സമൂഹത്തില്‍ നിന്ന് നിരവധി അപമാനങ്ങള്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ ദൈവത്തിന്റെ ഇഷ്ടം തങ്ങളില്‍ നിറവേറുന്നുവെന്ന ഉറച്ച വിശ്വാസത്തോടെ ജോസഫും മേരിയും ഒരുമിച്ച് ജീവിച്ചു. തങ്ങളുടെ സ്വന്തം നാടുകളില്‍ പോയി പേര് ചേര്‍ക്കണമെന്ന നിയമം നടപ്പിലാക്കാന്‍ ഇരുവരും ജോസഫിന്റെ നാട്ടിലേക്ക് യാത്ര തിരിച്ചു. നസ്രേത്തില്‍ നിന്ന് വളരെ ദൂരെയുള്ള ബത്‌ലഹേമിലേക്കായിരുന്നു യാത്ര. അവിടെ വച്ചായിരുന്നു ക്രിസ്തുവിന്റെ ജനനം.
മറിയത്തെ ദൈവദൂതന്‍ മംഗളവാര്‍ത്ത അറിയിക്കുന്നത് മുതല്‍ ക്രിസ്തുവിന്റെ ജനനം വരെയുള്ള കാര്യങ്ങളാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. ചലച്ചിത്ര ലോകത്തെ പ്രശസ്തര്‍ തന്നെയാണ് ഈ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. ബൈബിളില്‍ വിവരിച്ചിരിക്കുന്ന അതേ സീനുകള്‍ സിനിമയില്‍ തനിമ ഒട്ടും ചോരാതെ ആവിഷ്‌കരിക്കാന്‍ സാധിച്ചു എന്നത് ഈ സിനിമയുടെ വിജയഘടകങ്ങളിലൊന്നാണ്. ചെറിയ സംഭവങ്ങള്‍ വരെ വളരെ മനോഹരമായി ഈ സിനിമയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.
കാതറിന്‍ ഹാഡ്വിക് ആയിരുന്നു ഈ ചലച്ചിത്രത്തിന്റെ സംവിധായകന്‍. കെയ്ഷ ഹാസില്‍ ക്യൂസ്, ഓസ്‌കാര്‍ ഐസക് എന്നിവര്‍ ആയിരുന്നു മേരി, ജോസഫ് എന്നിവരായി അഭിനയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here