പരിശുദ്ധാത്മാവിനോടു തുറവി ഉള്ളവരാകാൻ 10 വഴികൾ

ദാനങ്ങളുടെ ദാനം, സഹായകൻ, ഉപദേഷ്ടാവ്, സമാശ്വാസകൻ, സുഹൃത്ത്, നവീകരിക്കുന്നവൻ, പരിശുദ്ധത്രീത്വത്തിലെ മൂന്നാമത്തെ വ്യക്തി ഇവയെല്ലാം പരിശുദ്ധാത്മാവിനു നൽകുന്ന വിശേഷണങ്ങളാണ്. പാപികളെ മഹാ വിശുദ്ധരാക്കി പരിവർത്തനം ചെയ്യുന്ന ശക്തിയാണു ദൈവത്തിന്റെ ആത്മാവ്. വിശുദ്ധർ പരിശുദ്ധാത്മാവിന്റെ അമൂല്യ കലാസൃഷ്ടികളാണന്നു വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പറയുന്നു . പരിശുദ്ധാത്മ വഴികളിൽ തുറവിയുള്ളവരായാൽ നാളയുടെ വിശുദ്ധരാകാനുള്ള പാതയിലാണു നമ്മൾ . പരിശുദ്ധാത്മ അറിവിൽ, സ്നേഹത്തിൽ, ഐക്യ ബന്ധത്തിൽ വളരുവാനും അതുവഴി ജിവിതത്തിൽ പരിവർത്തനം വരുത്താനുള്ള 10 വഴികൾ

1. പ്രാർത്ഥന
പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കുക ഒരു നിരന്തര ശിലമാക്കുക. പരിശുദ്ധാത്മാവിനോടുള്ള പരമ്പരാഗത പ്രാർത്ഥനയായ ” പരിശുദ്ധാത്മാവേ വരണമേ നിന്റെ വിശ്വാസികളുടെ ഹൃദയങ്ങളിൽ നിറയണമേ നിന്റെ ദൈവീക സ്നേഹത്താൽ ഞങ്ങളെ ജ്വലിപ്പിക്കണമേ ” എന്നു തുടങ്ങുന്ന പ്രാർത്ഥന ശിലമാക്കുക. പരിശുദ്ധാത്മാവേ നി എഴുന്നള്ളി വരണമേ എന്റെ ഹൃദയത്തിൻ….

തന്നാലും നാഥാ ആത്മാവിനെ …. എന്നീ പ്രസിദ്ധമായ ഗാനങ്ങൾ ഇടയ്ക്കിടെ പാടുക

പരിശുദ്ധാത്മാവിനോടുള്ള ലുത്തിനിയ ചൊല്ലുക. സഭയുടെ പരമ്പരാഗത പ്രാർത്ഥനകൾക്കൊപ്പം വ്യക്തിപരമായി പരിശുദ്ധാത്മ നിറവിനായി പ്രാർത്ഥിക്കാൻ മറക്കാതിരിക്കുക.

2. അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ വായിക്കുക
പെന്തക്കുസ്താ തിരുനാളിനൊരുക്കമായി പുതിയ നിയമത്തിലെ” അപ്പസ്തോലന്മാരുടെ നടപടികൾ ” എന്ന ഗ്രന്ഥം ശ്രദ്ധാപൂർവ്വം വായിക്കുക. ആദിമ സഭയിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനം മനസ്സിലാക്കാനും അവ ഇന്നും അനുഭവ വേദ്യമാക്കുവാനും ഈ വചന വായന സഹായിക്കും.

3. പരിശുദ്ധാത്മ ദാനങ്ങളെക്കുറിച്ചു അറിയുക
മാമ്മോദീസായിലൂടെ സ്വീകരിച്ചതും സ്ഥൈര്യലേപനത്തിലൂടെ പരിപോഷിക്കപ്പെട്ടതുമായ പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ഒരിക്കൽ കൂടി ഓർമ്മയിൽ കൊണ്ടുവരിക അവ തിരിച്ചറിയുക. അവ ഇപ്പോഴും നമ്മിൽ ഉറങ്ങിക്കിടക്കുകയാണങ്കിൽ അവയെ ഉണരാൻ അനുവദിക്കുക

പരിശുദ്ധാത്മ ദാനങ്ങൾ

ജ്ഞാനം
ബുദ്ധി
അറിവ്
ആലോചന
ആത്മശക്തി
ഭക്തി
ദൈവഭയം
വി. തോമസ് അക്വീനാസിന്റ അഭിപ്രായത്തിൽ ഈ ദാനങ്ങൾ നമ്മുടെ ബുദ്ധിശക്തിയെയും മനശക്തിയെയും പൂർണ്ണമാക്കുകയും അതുവഴി ദൈവത്തെ വ്യക്തമായി അറിയുകയും അവനെ തീവ്രതയോടെ സ്നേനേഹിക്കാൻ പ്രാപ്തനാക്കുകയും ചെയ്യുന്നു.

4. നിശബ്ദത
നമ്മുടെ അനുദിന ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും പരിശുദ്ധാത്മാമ നിമന്ത്രണങ്ങൾക്കു കാതോർക്കാൻ നിശബ്ദത നമ്മൾ ശീലിക്കണം. സാമുവേലിനെപ്പോലെ ” കർത്താവേ അരുളിചെയ്താലും അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു” എന്നു പറയാൻ നമ്മൾ നിശബ്ദത ശീലിക്കണം

5. വിധേയത്വം
പരിശുദ്ധാത്മ വിധേയത്വത്തിൽ വളരുന്നതിനു നിശബ്ദത അത്യാവശ്യമാണ്. കൃപയിൽ ജീവിക്കുന്ന വിശുദ്ധിയിൽ സത്യസന്ധമായി പുരോഗമിക്കുന്ന, പരിപൂർണ്ണത അന്വോഷിക്കുന്ന ഒരു വ്യക്തി പരിശുദ്ധാത്മാവിൽ നിന്നു വരുന്ന സ്വർഗ്ഗീയ പ്രചോദനങ്ങളോടു തുറവി ഉള്ളവനായിരിക്കും. പരിശുദ്ധാത്മാവ് ഒരു മാന്യ വ്യക്തി ആയതിനാൽ ആരെയും നിർബദ്ധിക്കത്തില്ല. നമ്മുടെ പ്രത്യുത്തരത്തിനായി ക്ഷമയോടെ കാത്തു നിൽക്കുന്നു. നമ്മൾ ശാന്തരും എളിമയുള്ളവരും അനുസരണയുള്ളവരുമാണങ്കിലേ പരിശുദ്ധാത്മാവ് നമ്മളിൽ ശക്തിയായി പ്രവർത്തിക്കുകയുള്ളു.

6. ജ്ഞാന വായന
ജ്വാക്വസ് ഫിലിപ്പി എന്ന ഫ്രഞ്ചു ആത്മീയ ആചാര്യന്റെ The School of the Holy Spirit, എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു ജീവിത വിശുദ്ധിയിൽ എത്തിച്ചേരാൻ കഴിയണമെങ്കിൽ നമ്മൾ പരിശുദ്ധാത്മാവിനെ അറിയണം, പരിശുദ്ധാത്മാവിനെ സ്നേഹിക്കണം ഈ അറിവും സ്നേഹവും അവന്റെ സ്വർഗ്ഗീയ പ്രചോദനങ്ങളോടു വിധേയപ്പെട്ടു നിന്നു കൊണ്ടു വെളിപ്പെടുത്തണം. അതിനാൽ പരിശുദ്ധാത്മ അറിവിലും സ്നേഹത്തിലും വളരാൻ ജ്ഞാന വായനക്കായി പുസ്തകം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം.

7. ശ്രദ്ധയും ജാഗ്രതയും ഉള്ളവരായിരിക്കണം
സാത്താന്റെ പണി നമ്മളെ നിരുത്സാഹരാക്കുകയും നിരാശയിലേക്കു തള്ളി വിടുകയുമാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെപ്പറ്റി നമ്മൾ അറിവുള്ളവരാകണം , നമ്മുടെ ആത്മാവിലെ മാധുര്യമുള്ള അതിഥിയായ പരിശുദ്ധാത്മാവ് സാത്താന്റെ നേരിട്ടുള്ള എതിരാളിയാണ്. .
എങ്ങനെയാണു പരിശുദ്ധാത്മാവു പ്രവർത്തിക്കുന്നതെന്നു വി. ഇഗ്നേഷ്യസ് ലെയോള പഠിപ്പിക്കുന്നു. “പരിശുദ്ധാത്മാവു യേശുവിനെ അനുഗമിക്കാനുള്ള നമ്മുടെ തീരുമാനത്തെ ശക്തിപ്പെടുത്തുകയും നമ്മുടെ വിശ്വാസം പ്രത്യാശ ഉപവി എന്നിവയെ സംരംക്ഷിക്കുകയും ചെയ്യുന്നു. ക്രിസ്തുവിനെ അനുഗമിക്കാൻ സമാധാനവും സന്തോഷവും ഊർജ്ജവും അവൻ നമ്മിൽ നിറയ്ക്കുന്നു. നമ്മുടെ മനസ്സിനെ സ്വർഗ്ഗത്തിലേക്കു ഉയർത്താൻ അവൻ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ആത്മാവിൽ നിത്യ രക്ഷയുടെ ചിന്ത നൽകി അവൻ നമ്മളെ ആശ്വസിപ്പിക്കുന്നു. അതിനാൽ നിങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടാൻ സത്താനെ അവൻ അനുവദിക്കുകയില്ല. പരിശുദ്ധാത്മാവ് നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യട്ടെ.”

8. പ്രാർത്ഥന, പരിഹാരം, ശക്തി, സ്ഥിരത, & പൂർണ്ണത
“5 P’കൾ പരിശുദ്ധത്മവിനോടുള്ള ഐക്യത്തിൽ വളരുന്നതിനു ശ്രദ്ധിക്കണം 1) Prayer പ്രാർത്ഥന. 2. Penance പരിഹാരം .3. Power ശക്തിയോടെ പ്രാർത്ഥിക്കണം. 4. Persevere സ്ഥിരത .5. Perfection പൂർണ്ണത. ആദ്യത്തെ നാലു പടി പൂർത്തിയാകുമ്പോൾ പൂർണ്ണതയിലേക്കു നമ്മൾ വളർന്നുകൊള്ളും.

9. എകാന്തതയിൽ ആത്മാവിനോടു സംസാരിക്കുക
പല വിധ പ്രശ്നങ്ങളിൽ അകപ്പെട്ടു എകാന്തത അനുഭവിക്കുയാണങ്കിൽ ഹൃദയ രഹസ്യങ്ങൾ അറിയുന്ന നമ്മുടെ ആത്മാവിന്റെ മാധുര്യമുള്ള അതിഥിയോടു സംസാരിക്കാൻ മറക്കരുത്. പ്രശ്നങ്ങൾക്കു പരിഹാരം നൽകിയോ അവയോടു സമരസപ്പെട്ടു പോകാനോ പരിശുദ്ധാത്മാവു നമ്മളെ സഹായിക്കും.

10. പരിശുദ്ധ കന്യകാ മറിയത്തോടൊപ്പം പ്രാർത്ഥിക്കുക
മറിയം പിതാവായ ദൈവത്തിന്റെ മകളും, പുത്രനായ ദൈവത്തിന്റെ അമ്മയും പരിശുദ്ധാത്മാവായ ദൈവത്തിന്റെ മണവാട്ടിയുമാണ്.

പരിശുദ്ധ അമ്മയും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധത്തെപ്പറ്റി വി. മാക്സിമില്യൻ കോൾബേ ഇപ്രകാരം പഠിപ്പിക്കുന്നു: “നിങ്ങളുടെ ഹൃദയത്തിൽ പരിശുദ്ധാത്മാവിന്റെ ശക്തമായ ഒരു കടന്നുകയറ്റം വേണമെങ്കിൽ, ഒരു വ്യക്തിപരമായ പെന്തക്കുസ്താനുഭവം നിങ്ങളുടെ ജീവിതത്തിൽ വേണമെങ്കിൽ, നിങ്ങൾ എന്തുകൊണ്ടു മറിയത്തിലേക്കു തിരിയുന്നില്ല. പെന്തക്കുസ്താ ദിനത്തിൻ മറിയത്തിന്റെ പ്രാർത്ഥനയാലും സാന്നിധ്യത്താലും ശ്ലീഹന്മാരുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങി വന്നെങ്കിൽ മറിയത്തിന്റെ പ്രാർത്ഥനയാലും സാന്നിധ്യത്താലും നമ്മുടെ ആത്മാവിലും അവൻ ഇറങ്ങി വരും. പരിശുദ്ധാത്മാവേ വരണമേ, മറിയത്തിന്റെ വിമല ഹൃദയത്തിലൂടെ എന്റെ ആത്മാവിലേക്കു വരണമേ “

Leave a Reply