മദ്യനയം പുനഃപരിശോധിക്കില്ലെന്നു പറയുന്നത് ഏകാധിപത്യം:  മാര്‍ ക്ലീമിസ് ബാവ

തിരുവനന്തപുരം: മദ്യനയം പുനഃപരിശോധിക്കില്ലെന്നു പറയുന്നത് ജനാധിപത്യമല്ല, ഏകാധിപത്യമാണെന്ന് സിബിസിഐ അധ്യക്ഷനും മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.

സെക്രട്ടേറിയറ്റിനു മുന്നില്‍ മദ്യനയത്തിനെതിരേ ആധ്യാത്മിക സാമൂഹിക, സാംസ്‌കാരിക നായകരുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഭാവിയേയും ജനങ്ങളുടെ ആരോഗ്യത്തേയും കരുതി സര്‍ക്കാര്‍ മദ്യനയം പുനഃപരിശോധിച്ചേ മതിയാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതുവിധത്തിലും മദ്യലോബികളെ സഹായിക്കുന്നതിനുള്ള ത്വരയാണ് സര്‍ക്കാരിനുള്ളതെന്ന് കെസിബിസി അധ്യക്ഷനും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. എം. സൂസപാക്യം പറഞ്ഞു. ഭൂരിപക്ഷം ഉപയോഗിച്ച് സര്‍ക്കാര്‍ തീരുമാനങ്ങള്‍ അടിച്ചേല്പിക്കുകയാണ്. അതിനോടു കൂട്ടുനില്‍ക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പുവേളയില്‍ നുണ പറയുന്നവരെ തിരിച്ചറിയാനാകുന്നില്ലെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

സ്‌കൂളുകളുടെ മുറ്റത്ത് മദ്യശാല വേണ്ടന്നും കുടുംബം തകര്‍ക്കുന്ന മദ്യത്തിനെതിരേ മുഴുവന്‍ അമ്മമാരുടേയും രോഷം ഉണ്ടാകുമെന്നും സമരം ഉദ്ഘാടനം ചെയ്ത സുഗതകുമാരി പറഞ്ഞു. പുതിയ മദ്യനയത്തില്‍ സര്‍ക്കാര്‍ ഹിത പരിശോധനയ്ക്കു തയാറുണ്ടോയെന്ന് വി.എം. സുധീരന്‍ സ്വാഗത പ്രസംഗത്തില്‍ ചോദിച്ചു. കേരളത്തില്‍ മദ്യം ഒഴുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമാണെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.

പ്രതിഷേധ സമരത്തിന് പാളയം ഇമാം സുഹൈദ് മൗലവി അധ്യക്ഷത വഹിച്ചു. മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, ബിഷപ് ഡോ.ജോസഫ് മാര്‍ ബര്‍ണബാസ്, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ്, ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദ, ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, അശ്വതി തിരുനാള്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎ.എ തുടങ്ങി സമൂഹത്തിന്റെ വിവിധയിടങ്ങളിലുള്ളവര്‍ സമരത്തില്‍ പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ