ചായ് ദേശീയ കണ്‍വന്‍ഷനും വാര്‍ഷിക പൊതുസമ്മേളനത്തിനും തുടക്കമായി

കൊച്ചി: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) യുടെ ദേശീയ ആരോഗ്യ കണ്‍വന്‍ഷനും 74ാം വാര്‍ഷിക  പൊതുസമ്മേളനത്തിനും കൊച്ചി കാക്കനാട് രാജഗിരി വിദ്യാപീഠത്തില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയോടെ തുടക്കമായി. വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാഡമി ഫോര്‍ ലൈഫ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.വിന്‍ചെന്‍സോ പാല്യ ഉദ്ഘാടനം സമ്മേളനം ചെയ്തു.

ചായ് എക്ലേസിയാസ്റ്റിക്കല്‍ അഡ്വൈസര്‍ ബിഷപ് ഡോ. പ്രകാശ് മല്ലവരപ്പ് പതാക ഉയര്‍ത്തി. പ്ലാറ്റിനം ജൂബിലിയുടെ അവതരണവും നിര്‍വ്വഹിച്ചു. ഡയറക്ടര്‍ ജനറല്‍ റവ.ഡോ. മാത്യു ഏബ്രഹാം ആമുഖപ്രഭാഷണം നടത്തി. 2016-’17ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാശനം കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാനും ചായ് കേരള എക്ലേസിയാസ്റ്റിക്കല്‍ അഡ്വൈസറുമായ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് നിര്‍വ്വഹിച്ചു.

കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല കണ്‍വന്‍ഷന്‍ തീം അവതരിപ്പിച്ചു. കണ്‍വന്‍ഷന്‍ ഡയറക്ടറി പ്രകാശനം, പ്രത്യാശ ഹെല്‍ത്ത് കെയറിന്റെ അവതരണം, ഹെല്‍ത്ത് ആക്ഷന്‍ മാസികയുടെ അവതരണം, ലോഗോ പുനരവതരണം, തുടങ്ങിയ പരിപാടികളും കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്നു.

ഇന്നലെ വൈകുന്നേരം നടന്ന അവാര്‍ഡ് നൈറ്റില്‍ എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തില്‍ നിന്നും സമര്‍പ്പിതരായ ഡോക്ടര്‍, നഴ്‌സ്, സോഷ്യല്‍ വര്‍ക്കഴ്സ്സ്, മറ്റു ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എണ്ണൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ആര്‍ച്ച്ബിഷപ് ഡോ. വിന്‍ചെന്‍സോയുടെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ഇന്നത്തെ പരിപാടികള്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു സമാപന സമ്മേളനം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ