ജോണ്‍ ശങ്കരമംഗലം: നക്ഷത്ര ശോഭയുള്ള ചലച്ചിത്രകാരന്‍  

ഡോ. ജോസഫ് പാറയ്ക്കല്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണ്. കോളജിന്റെ പത്താം വാര്‍ഷികാഘോഷമാണ് രംഗം. മുഖ്യ അതിഥിയെ കാത്ത് ഞങ്ങള്‍ എല്ലാവരും നില്‍ക്കുകയാണ്. ഒടുവില്‍ കാത്തിരുന്ന അതിഥി വന്നെത്തി. വന്നു കയറിയ ഉടനെ അദ്ദേഹം ചോദിച്ചു:

“ജോണ്‍ സാര്‍, എവിടെ? എനിക്ക് അദേഹത്തെ കാണണം.” ജോണ്‍ സാര്‍ എന്നാല്‍ സാക്ഷാല്‍ ജോണ്‍  ശങ്കരമംഗലം!

ചോദ്യം കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ആശ്ചര്യമായി. പക്ഷേ, അത് പുറത്ത് കാണിക്കാതെ, ഞങ്ങള്‍ അദ്ദേഹത്തെ ജോണ്‍ സാറിന്റെ മുറിയിലേക്ക് നയിച്ചു. ജോണ്‍ സാറിനെ കണ്ടപ്പോള്‍ അതിഥിയുടെ മുഖത്ത് സ്നേഹവും ബഹുമാനവും സന്തോഷവും ഒക്കെ നിറഞ്ഞു. അദ്ദേഹം സ്നേഹപൂര്‍വ്വം ജോണ്‍ സാറിനെ വണങ്ങി. സാര്‍ അദ്ദേഹത്തോട് ഇരിക്കാന്‍ അവശ്യപ്പെട്ടു. എന്നാല്‍, അദ്ദേഹം ഇരുന്നില്ല. ജോണ്‍ സാറിനു മുമ്പില്‍ ഇരിക്കാന്‍ പോലും മടിച്ച ആ അതിഥി മറ്റാരുമല്ല. സാക്ഷാല്‍ റസൂൽ പൂക്കുട്ടിയാണ്! ഓസ്കാര്‍ ജേതാവായ റസൂൽ പൂക്കുട്ടി! ഓസ്കാര്‍ നേടിയ മനുഷ്യന്റെ വിനയവും അദ്ദേഹത്തിന്റെ ഗുരുവിന്റെ മഹത്വവും ഒരുമിച്ച് മനസിലാക്കാന്‍ അന്ന് സാധിച്ചു.

ചങ്ങനാശ്ശേരി, മീഡിയാ വില്ലേജ് – സെന്റ്‌ ജോസഫ്‌ കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍സില്‍ വന്നപ്പോള്‍ മുതലുള്ള പരിചയമാണ് ജോണ്‍ സാറുമായി. ഞാന്‍ കണ്ടിട്ടുള്ള മഹാന്മാരായ മനുഷ്യരില്‍ ഒരാള്‍. ഒരേ സമയം സിനിമാക്കാരനും സിനിമാ അധ്യാപകനുമായിരുന്നു ജോണ്‍ സാര്‍. സാധാരണ അങ്ങനെ വരാറില്ല. നല്ല അധ്യാപകന്‍ ഒരു നല്ല സിനിമ സംവിധായകന്‍ ആകണമെന്നില്ല; തിരിച്ചും. പക്ഷേ, ജോണ്‍ സാര്‍ ഇതു രണ്ടും ആയിരുന്നു. തന്റെ അതുല്യ പാണ്ഡിത്യവും കഴിവും കൊണ്ട് അദേഹം കീഴടക്കിയത് സിനിമാ എന്ന ഒരു കലാരൂപത്തെ മാത്രമല്ല, ആളുകളുടെ മനസ്സു കൂടിയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. ഒരിക്കല്‍ പരിചയപ്പെടുന്നവര്‍ പോലും അറിയാതെ ‘സാറെ’ എന്ന് വിളിച്ചു പോകും. അത്രത്തോളം സ്നേഹവും ബഹുമാനവും അദേഹം ഓരോ വ്യക്തിക്കും നല്കാറുണ്ട്.

അഭ്രപാളിയുടെ പിന്നിലേക്ക്

പഠന കാലത്തേ ചങ്ങനാശ്ശേരിയുമായി അദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്നു.  ചങ്ങനാശ്ശേരി സെന്‍റ് ബർക്കുമാൻസ് കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായാണ് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട്, അദ്ദേഹം മദ്രാസ് ക്രിസ്ത്യൻ കോളേജിലെ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1962 -ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയപ്പോള്‍ ഒന്നാം റാങ്കോടെയാണ് അവിടെ നിന്നും ഇറങ്ങുന്നത്. തൊട്ടു പിന്നാലെ രണ്ടാം റാങ്കുമായി ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍ സാറും.

എഫ്ടി.ഐ.ഐ – യില്‍ നിന്ന് ആദ്യമായി ഒരു ഫീച്ചര്‍ സിനിമ എടുത്തതും അദേഹം തന്നെയായിരുന്നു. 1969 – ല്‍ ഇറങ്ങിയ ‘ജന്മഭൂമി’ എന്ന ചിത്രം ഒരുപാട് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആദ്യ ചിത്രം സംവിധാനം ചെയ്തപ്പോള്‍ തന്നെ ഒരു സംസ്ഥാന അവാര്‍ഡ്, ചിതത്തിന്റെ ഛായാഗ്രാഹകൻ നേടി. മധു, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, എസ. പി. പിള്ള, ഉഷാകുമാരി, ടി. ആര്‍. ഓമന എന്നിവര്‍ മുഖ്യ കഥാപാത്രങ്ങള്‍ ആയ സിനിമ, മതപരമായ ഐക്യത്തെ ആധാരമാക്കിയതായതിനാല്‍, മികച്ച ചിത്രത്തിനുള്ള നര്‍ഗിസ് ദത്ത് അവാര്‍ഡ് നേടിയിരുന്നു.

പിന്നീട് 1971 – ല്‍ ‘അവള്‍ അല്‍പ്പം വൈകി പോയി’ എന്ന ചിത്രം എത്തി. പ്രേം നസീറും ഷീലയും ജയഭാരതിയും അടൂര്‍ ഭാസിയും ഒക്കെ പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമ, ജി. ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തിലാണ് പൂര്‍ത്തിയായത്. വയലാര്‍ രാമവര്‍മ്മയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ജീവിതമൊരു ചുമട് വണ്ടി, കാട്ടരുവി, വര്‍ഷ മേഘമേ തുടങ്ങിയ ഗാനങ്ങള്‍ക്ക് പിന്നിലെ മാസ്മരിക ശബ്ദം പി. സുശീലയുടെയും കെ. ജെ. യേശുദാസിന്റെയുമൊക്കെയാണ്. പിന്നീട് സമാന്തരം (1985) വും സാരാംശം(1994 ) വും സംവിധാനം ചെയ്തു. വിവിധ ഭാഷകളിലായി 45 – ഓളം ഡോകുമെന്ററികളും ഹ്രസ്വ ചിത്രങ്ങളും ഒക്കെ തയാറാക്കിയ അദേഹം, നടന്‍,  സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ആയിരുന്ന അദേഹം കേരള ചലച്ചിത്ര അക്കാദമിയുടെയും അമരക്കാരില്‍ ഒരാള്‍ ആയിരുന്നു. പൂനയില്‍ പഠിച്ചിറങ്ങിയ ആദ്യ മലയാള സംവിദായകനായിരുന്നു ജോണ്‍ സാര്‍.

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസങ്ങള്‍ക്കൊപ്പം 

ഒരുവന്‍ ആരാണെന്നു മനസിലാക്കുന്നതിനുള്ള ഒരു മാര്‍ഗം അവന്റെ കൂട്ടുകാര്‍ ആരാണ് എന്നറിയുകയാണ്. ജോണ്‍ ശങ്കരമംഗലത്തിന്റെ സുഹൃത്തുക്കള്‍ മഹാന്മാരായിരുന്നു. ഇന്ത്യന്‍ സിനിമയുടെ പിതാമഹന്മാര്‍ ഒക്കെ അദേഹത്തിനൊപ്പം തങ്ങളുടെ ജീവിതത്തിലെ ചില നിമിഷങ്ങള്‍ പങ്കിട്ടവരാണ്. സത്യജിത് റെ, ഋത്വിക് ഘടക്ക്, മൃനാല്‍ സെന്‍, ബിമല്‍ റോയ് തുടങ്ങിയവര്‍ അദേഹത്തിന്റെ സുഹൃത്ത് വലയത്തില്‍ ഉള്ള ചിലരായിരുന്നു. സത്യജിത് റെ- യെ ലോകം പ്രകീര്‍ത്തിച്ചപ്പോള്‍ ജോണ്‍ സാര്‍ ചേര്‍ത്ത് നിര്‍ത്തിയത് ഋത്വിക് ഘടക്കിന്റെ ‘സമാന്തര സിനിമ’ ശൈലിയാണ്.

ബോളിവുഡ് സംവിധായകരായ സഞ്ജയ്‌ ലീല ബന്‍സാലി, രാജ്കുമാര്‍ ഹിരാനി എന്നിവര്‍ അദേഹത്തിന്റെ ശിഷ്യരാണ്. ക്യാമറയിലൂടെ ദൃശ്യങ്ങളുടെ മാസ്മരികത ഭാരതത്തിനു സമ്മാനിച്ച ഛായാഗ്രാഹകനായ ശ്രീ സന്തോഷ്‌ ശിവന്‍ അദേഹത്തിന്റെ മറ്റൊരു ശിഷ്യനാണ്.

ദക്ഷിണേന്ത്യയിലെ  ആദ്യ അംഗീകൃത മാധ്യമ കോളേജ് 

സാറുമായുള്ള എന്റെ പരിചയം ചങ്ങനാശ്ശേരി, സെന്റ്‌ ജോസഫ്‌ കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍സുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞിരുന്നല്ലോ. ഞാന്‍ വരും മുന്‍പേ, ഈ കോളജുമായി ബന്ധമുള്ള ആളാണ് ജോണ്‍ സാര്‍. അതിന്റെ തുടക്കക്കാരില്‍ ഒരാളായി പോലും അദ്ദേഹത്തെ കാണാവുന്നതാണ്.

ഇന്ത്യയിലെ വന്‍കിട നഗരങ്ങളില്‍ മാധ്യമ പഠന കോളേജുകള്‍ തുടങ്ങിയ 2004 – ല്‍ ഒരു മാധ്യമ വിദ്യാലയത്തിനു തുടക്കം കുറിക്കാന്‍ ചങ്ങനാശ്ശേരി അതിരൂപതയും ആഗ്രഹിച്ചു. അതിന് സഹായിക്കാനായി അതിരൂപത സമീപിച്ചവരില്‍ പ്രധാനിയാണ്‌ ശ്രീ ജോണ്‍ ശങ്കരമംഗലം. ജേര്‍ണലിസം, മാസ്സ് കമ്മ്യൂണിക്കേഷന്‍ പോലെ, പുസ്തകത്തില്‍ അധിഷ്ടിതമായ കോഴ്സുകള്‍ മാത്രം ഉള്ള കാലത്താണ്, ഏറെ വ്യത്യസ്തമായ പ്രാക്റ്റിക്കല്‍ അധിഷ്ടിതമായ കോഴ്സുകളുടെ ആശയവുമായി  കോളജിനുവേണ്ടി ജോണ്‍ സാര്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയെ സമീപിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ സര്‍വകലാശാല അംഗീകൃത മാധ്യമ കോളേജായ സെന്റ്‌ ജോസഫ്‌ കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍ എന്ന കോളേജ് അങ്ങനെയാണ് തുടങ്ങുന്നത്. അതിന്റെ പിന്നിലെ നേടുംതൂണ്‌കളില്‍ ഒന്ന് അദേഹമായിരുന്നു. 2004 മുതല്‍ 2011 വരെ കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയിരുന്ന അദേഹം, പിന്നീട് അക്കാദമിക് ചെയര്‍മാന്‍ ആയി തുടര്‍ന്നു.

കൃത്യനിഷ്ഠയുടെ ആള്‍ രൂപം

കോളേജിലെ ക്ലോക്ക്, ജോണ്‍ സാറിനെ നോക്കി കൃത്യമാക്കാമായിരുന്നു. രാവിലെ 9.30 എന്നൊരു സമയം ഉണ്ടെങ്കില്‍ അദ്ദേഹം കോളേജില്‍ എത്തിയിരിക്കും! അത്രമാത്രം കൃത്യതയായിരുന്നു അദ്ദേഹത്തിന്. ജര്‍മ്മന്‍ തത്വ ശാസ്ത്രകാരനായ എമ്മാനുവേല്‍ കാന്റിനെ നോക്കി ജര്‍മ്മന്‍കാര്‍ വാച്ചിലെ സമയം കൃത്യമാക്കിയിരുന്നു എന്ന് പറയാറുണ്ട്. അതുപോലെ തന്നെയായിരുന്നു ജോണ്‍ സാറും.

കലാകാരനും ടെക്നീഷ്യനും

സാങ്കേതിക വിദ്യയുടെ ഏറ്റവും അവസാനത്തെ വളര്‍ച്ച വരെ അദ്ദേഹത്തിന് അറിയാമായിരുന്നു. കോളേജിലെ പലരും ചോദിക്കുമായിരുന്നു, ജോണ്‍ സാര്‍ എങ്ങനെയാണ് ഇത്ര കൃത്യമായി സിനിമസാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ കാര്യം വരെ അറിയുന്നത് എന്ന്. സത്യത്തില്‍, ഒരു അത്ഭുതമായിരുന്നു ആ ജീവിതം.

സിനിമയുടെ Art and Craft – നെക്കുറിച്ച് അദ്ദേഹം ഇപ്പോഴും പറയുമായിരുന്നു. “സിനിമ നല്ലൊരു കലാരൂപമാണ്. ടെക്നിക്കല്‍ മികവ്‌ അതിന് ആവശ്യമാണ് താനും. പക്ഷേ, ടെക്നിക്കല്‍ മികവ്‌ മാത്രം പോരാ. നല്ലൊരു കലാകാരനില്ലെങ്കില്‍ എങ്ങനെ നല്ല സിനിമ ഉണ്ടാകും?” അതു രണ്ടും ആയിരുന്നു അദ്ദേഹം.

ഒരു മാസം മുമ്പ് വരെ കോളേജില്‍ എത്തി തന്റെ ശിഷ്യര്‍ക്കൊപ്പം ജോണ്‍ സാര്‍ സമയം ചിലവഴിച്ചിരുന്നു. നന്മയുടെയും ലാളിത്യത്തിന്റെയും കൂടി പ്രതീകമാണ് ജോണ്‍ ശങ്കരമംഗലം. സിനിമയെ ജീവനോളം സ്നേഹിച്ച അദേഹം അനശ്വരനാണ്. കാലത്തിനോ മരണത്തിനോ തോല്‍പ്പിക്കാനാകാത്ത അതുല്യ പ്രതിഭ. ആ ഓര്‍മ്മയുടെ മുന്‍പില്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ശിരസ്സ് നമിക്കുന്നു. നക്ഷ്ത്ര ശോഭയുള്ള ആ ചലച്ചിത്രകാരന്‍ ഞങ്ങളുടെ വെളിച്ചമായിരുന്നു.

ഡോ. ജോസഫ് പാറയ്ക്കല്‍, പ്രിന്‍സിപ്പല്‍, സെന്റ്‌ ജോസഫ്‌ കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍, ചങ്ങനാശ്ശേരി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ