നിപ്പ വൈറസിനെക്കാള്‍ അപകടകാരികളായ ചിലരെക്കുറിച്ച്…

കോഴിക്കോട് കേന്ദ്രീകരിച്ച് നിപ്പ വൈറസ് പടര്‍ന്നുപിടിച്ച ഗുരുതരമായ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുമ്പോഴും അതിനെ ചുറ്റിപ്പറ്റിയ ചില സമാന്തര ആശയങ്ങള്‍ അനവസരത്തിലും അനാവശ്യമായും നമുക്കിടയില്‍ ചര്‍ച്ച ചെയ്യപ്പടുന്നുണ്ട്. ഇത്തരമൊരു മാരകമായ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കുറേപ്പേര്‍ ചോദ്യം ചെയ്യുന്നത് വിശ്വാസത്തെയും ആത്മീയതയെയും മറ്റുമാണ്. തികച്ചും ഖേദകരമാണ് ചില വാദഗതികള്‍ എന്ന് ഓര്‍മ്മിപ്പിക്കട്ടെ. ഇന്നലെ, ജൂണ്‍ ഒന്നിന് താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലറിനെ തുടര്‍ന്നാണ്‌ ആണ് ഒടുവിലെ വിവാദം ആരംഭിച്ചത്. വിശുദ്ധ കുര്‍ബ്ബാന നാവില്‍ സ്വീകരിക്കുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശം വിശ്വാസരാഹിത്യത്തില്‍ നിന്നുമാണെന്നതാണ് ചിലരുടെ കണ്ടെത്തല്‍. ഒപ്പം, വയനാടുള്ള മക്കിയാട് ബനഡിക്ടൻ ധ്യാനകേന്ദ്രത്തില്‍ വരും നാളുകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ധ്യാനങ്ങള്‍ ഉപേക്ഷിച്ചതും ചിലര്‍ സഭാ വിദ്വേഷം പരത്തുന്നതിനുള്ള ആയുധമാക്കിയിരിക്കുന്നു. ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഏതാനും ആഴ്ചകളായി തുടരുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ്.

രോഗങ്ങളെ ഭയപ്പെടുന്നവരും അവയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നവരുമോ ക്രൈസ്തവര്‍?

വി. ഡാമിയനെക്കുറിച്ച് അറിയാമല്ലോ, മൊളോക്കോയ് ദ്വീപില്‍ കുഷ്ഠരോഗികളെ ശുശ്രൂഷിച്ച് കുഷ്ഠരോഗിയായി ഇഹലോകജീവിതം അവസാനിച്ച വിശുദ്ധനാണ് അദ്ദേഹം. അനുദിന ദിവ്യബലിയര്‍പ്പണത്തില്‍ ലോകത്തിനും സകല മനുഷ്യര്‍ക്കും ശാന്തിയും സമാധാനവും ലഭിക്കണമെന്ന് പ്രാര്‍ത്ഥിച്ചിരുന്ന അദ്ദേഹം, തനിക്ക് കുഷ്ഠരോഗം ബാധിക്കരുതെന്ന് ദൈവത്തോട് അപേക്ഷിച്ചില്ല. അദ്ദേഹത്തെപ്പോലെ, രോഗങ്ങളും, പീഡനങ്ങളും, ദുരിതങ്ങളും സ്വയം ഏറ്റെടുക്കാന്‍ തയ്യാറായ അനേകായിരങ്ങള്‍ എക്കാലവും ക്രൈസ്തവരിലുണ്ട്. അന്നും ഇന്നും രോഗവും വേദനയും നീങ്ങിപ്പോകാന്‍ പ്രാര്‍ത്ഥിക്കുന്നവരും അതിന്റെ പേരില്‍ കണ്ണീരൊഴുക്കുന്നവരും യഥാര്‍ത്ഥ വിശ്വാസികള്‍ക്കിടയില്‍ ഒരുപാടൊന്നുമില്ല. കുരിശില്‍ തറയ്ക്കപ്പെട്ട് മരണം വരിച്ച ക്രിസ്തുവിനെ പിന്‍ചെല്ലുന്ന ക്രിസ്ത്യാനികളും അവരെ ആത്മീയതയില്‍ ശക്തിപ്പെടുത്തുന്നവരും എക്കാലവും പ്രാര്‍ത്ഥിക്കുന്നത്, അവിടുത്തെ മാതൃകയനുസരിച്ച്, ‘എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതം പോലെയല്ല, അവിടുത്തെ ഹിതം പോലെയകട്ടെ.’ എന്ന് തന്നെയാണ്. ആയതിനാല്‍, ഇത്തരമൊരു മാരക വ്യാധി ഒരു സമൂഹത്തെ ഭീതിയില്‍ ആഴ്ത്തിയപ്പോഴും ധ്യാനഗുരുക്കന്‍മാരെയും അഭിഷിക്തരെയും കുറിച്ച് ചിലര്‍ പറഞ്ഞു പ്രചരിപ്പിച്ച കറുത്ത തമാശകള്‍ അനുചിതമായിരുന്നുവെന്ന് ഓര്‍മ്മിക്കുക.

രോഗങ്ങള്‍ക്ക് മേലുള്ള ദൈവിക ഇടപെടലുകള്‍

പ്രാര്‍ത്ഥനയുടെ കത്തോലിക്കാ ദര്‍ശനം ഏറെ പക്വതയുള്ളതാണ്. സൃഷ്ടാവും പരിപാലകനുമായുള്ള ദൈവത്തോടുള്ള ആശയവിനിമയമാണ്‌ അത്. ദൈവം അറിയാതെയും അനുവദിക്കാതെയും ഒന്നും സംഭവിക്കുന്നില്ല എന്ന അടിയുറച്ച ബോധ്യത്തോടെ സകല വേദനകളെയും ആശങ്കകളെയും അവിടുത്തെ മുമ്പില്‍ ഭരമേല്‍പ്പിക്കുകയാണ് പ്രാര്‍ത്ഥനയിലൂടെ. പ്രാര്‍ത്ഥനകള്‍ ചെവിക്കൊള്ളുന്ന ദൈവത്തെ സകല വിശ്വാസികളും തിരിച്ചറിയുന്നുവെന്ന് നിശ്ചയം. എന്നാല്‍, മനുഷ്യബുദ്ധിക്ക് ദുര്‍ഗ്രഹമായ ദൈവിക പദ്ധതികളുടെ മാഹാത്മ്യത്തെയും അവര്‍ ഉള്‍ക്കൊള്ളുന്നു. എല്ലാത്തിലുമുപരി, തങ്ങള്‍ നേരിടുന്ന വിഷമഘട്ടത്തെ അതിജീവിക്കുന്നതിനുള്ള ആത്മീയശക്തി നേടുന്നതിനുകൂടിയാണ് ഓരോ പ്രത്യേക അവസരത്തിലും അവര്‍ ദൈവത്തിന് മുന്നില്‍ ശരണപ്പെടുന്നത് എന്നതാണ് വാസ്തവം. പ്രാര്‍ത്ഥനയോടുള്ള ഈ സമീപനമാണ് കത്തോലിക്കാ ആദ്ധ്യാത്മികതയുടെ അടിസ്ഥാനങ്ങളില്‍ ഒന്ന്. അതിനാല്‍ രോഗങ്ങളെയും വേദനകളെയും ദൈവ തിരുമുമ്പില്‍ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കുകയും, ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കുകയും ചെയ്യുന്നതിനെ വിമര്‍ശന ബുദ്ധിയോടെ വീക്ഷിക്കേണ്ടതില്ല.

സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോട് സഹകരിക്കുന്നത് മാനക്കേടോ?

സമീപകാലങ്ങളായി എന്ത് വിഷയം കിട്ടിയാലും അതിലൂടെ സഭയെ കുറ്റപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗം അന്വേഷിക്കുന്ന ഒരു ശൈലി ഈ സമൂഹത്തിന്റെ ചില കോണുകളില്‍ രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. അതിനാല്‍ മാത്രമാണ് ഒരു മെത്രാന്റെ വളരെ വിവേക പൂര്‍ണ്ണമായ നിര്‍ദ്ദേശം പോലും വിമര്‍ശിക്കപ്പെടുവാന്‍ ഇടയാക്കിയത്. കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് ബാധ കണ്ടെത്തിയ എല്ലാ പ്രദേശങ്ങളിലെയും ഇടവകകളും ഉള്‍പ്പെടുന്നത് താമരശ്ശേരി രൂപതയിലാണ്. വൈറസ് ബാധിച്ചാല്‍ രക്ഷപെടാന്‍ സാധ്യത വളരെക്കുറവായ ഗുരുതരമായ ഈ സാംക്രമിക രോഗം ശാരീരികസ്രവങ്ങളിലൂടെ എളുപ്പത്തില്‍ പകരുന്നുവെന്ന് നമുക്കറിയാം. ദിവ്യബലിയ്ക്കിടെ ദിവ്യകാരുണ്യസ്വീകരണത്തിനെത്തുന്ന വിശ്വാസികള്‍ക്ക് നാവില്‍ മാത്രം ദിവ്യകാരുണ്യം നല്‍കുക എന്ന നയമായിരുന്നു താമരശ്ശേരി രൂപത മുമ്പ് സ്വീകരിച്ചിരുന്നത്. എന്നാല്‍, പ്രത്യേകിച്ചും പ്രായമുള്ള വൈദികര്‍ വിശുദ്ധ കുര്‍ബ്ബാന നല്‍കുമ്പോള്‍ ചിലരുടെയെങ്കിലും ഉമിനീര്‍ അദ്ദേഹത്തിന്റെ കൈകളില്‍ പറ്റുക സാധാരണയാണ്. ഒരുപക്ഷേ തുടര്‍ന്ന് ദിവ്യകാരുണ്യ സ്വീകരണത്തിന് എത്തുന്നവരുടെ ചുണ്ടിലേയ്ക്കും അതിന്റെ അംശങ്ങള്‍ പറ്റിയേക്കാം. എങ്കിലും ഇത്തരത്തില്‍ ദിവ്യകാരുണ്യസ്വീകരണത്തിലൂടെ തങ്ങള്‍ക്ക് യാതൊരു ദോഷവും സംഭവിക്കില്ലെന്നത് വിശ്വാസികളായ മിക്കവരും ഉറച്ചുവിശ്വസിക്കുന്ന കാര്യമാണ്. എങ്കിലും അപൂർവ്വം ചിലരെങ്കിലും മറിച്ച് ചിന്തിച്ചേക്കാം. ഇന്ന് നാം അഭിമുഖീകരിക്കുന്നതുപോലെ ഒരു ഗൗരവമേറിയ സാഹചര്യത്തില്‍ അത് സമീപഭാവിയില്‍ തന്നെ വിമര്‍ശനത്തിന് കാരണമായേക്കാം. ചിലപ്പോള്‍ മുന്‍ധാരണകളോടെ ചിലരെങ്കിലും ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്ന് വിട്ടുനിന്നേക്കാം. അതുമല്ലെങ്കില്‍, അക്രൈസ്തവരായ ചിലര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചേക്കാം. അത്തരമൊരു വിവാദത്തിനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് അഭിവന്ദ്യ റെമിജിയോസ് പിതാവ് ഇത്തരമൊരു നിര്‍ദ്ദേശം നല്കിയതെന്നതിന് സംശയമില്ല. മാത്രമല്ല, ഒരു നാട് മുഴുവന്‍ ആശങ്കകളോടെ ഈ മാരക രോഗ നിവാരണത്തിനായി പ്രയത്നിക്കുമ്പോള്‍ ഇത്തരം ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക കൂടിയാണ് പിതാവ് ചെയ്തിരിക്കുന്നത്. ഈ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ വിശ്വാസത്തെയും ആത്മീയ ബോധ്യങ്ങളെയും പോലും അളക്കാന്‍ മുന്നോട്ട് വന്നവരുടെ ലക്ഷ്യങ്ങള്‍ നന്മയല്ല എന്ന് ഓര്‍മ്മിക്കുക.

താമരശ്ശേരി പിതാവിന്റെ നിര്‍ദ്ദേശങ്ങളില്‍ മറ്റ് ചിലത് കൂടിയുണ്ടായിരുന്നു. കുടുംബക്കൂട്ടായ്മകളുടെ ഒത്തുചേരല്‍, വേദപാഠം തുടങ്ങിയ കാര്യങ്ങള്‍ക്കും കുറച്ചു ദിവസങ്ങളിലേയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം, വയനാടുള്ള മക്കിയാട് ധ്യാനകേന്ദ്രത്തില്‍ നിന്ന് അടുത്ത ദിവസങ്ങളിലെ ധ്യാനം ഉപേക്ഷിച്ചിരിക്കുന്നതായി അറിയിപ്പുണ്ടായി . ഇത്തരം നിര്‍ദ്ദേശങ്ങളോടും ചിലര്‍ വളരെ നിഷേധാത്മകമായാണ് പ്രതികരിച്ചത്. അത്തരം മുന്നറിയിപ്പുകളിലൂടെ സഭാനേതൃത്വം മാനുഷികമായി ചിന്തിച്ചിരിക്കുന്നുവെന്നും വിശ്വാസവിരുദ്ധമായ നിലപാടുകളാണ് അവയെന്നും സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങളിലും പ്രചരിപ്പിക്കപ്പെടുകയുണ്ടായി.
അതേസമയം, ഇപ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാതെയും ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാതെയും മുന്നോട്ട് പോയിരുന്നെങ്കില്‍ വിപരീതമായ ആക്ഷേപങ്ങള്‍ അടുത്തദിവസങ്ങളില്‍ അതേ വ്യക്തികളിൽ നിന്നും പ്രതീക്ഷിക്കാമായിരുന്നു എന്നും തീര്‍ച്ച. അതിനാല്‍, ഉത്തരവാദിത്തപ്പെട്ടവര്‍ വിവേകപൂര്‍വ്വം എടുക്കുന്ന തീരുമാനങ്ങളെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നവരെ വിശ്വാസിസമൂഹം കരുതലോടെ അകറ്റി നിര്‍ത്തണമെന്ന് ഓര്‍മ്മിപ്പിക്കുന്നു

വളരെ പ്രത്യേകിച്ച് ഇന്ന് ഈ നാട് അഭിമുഖീകരിക്കുന്നത് പോലുള്ള സാഹചര്യങ്ങളില്‍ പോലും വിഭാഗീയതയും വെറുപ്പും സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരോട് ഒരു വാക്ക്. നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും നാടിന്റെയോ ഏതെങ്കിലും സമൂഹത്തിന്റെയോ നന്മയ്ക്ക് ഉതകുന്നതല്ല. അന്ധമായ വിമര്‍ശനബുദ്ധിയും ബുദ്ധിശൂന്യമായ ആക്രമണോത്സുകതയും ക്രിയാത്മകമായ ഒരു ഫലങ്ങളും സൃഷ്ടിക്കുന്നതുമല്ല. സാഹചര്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് അല്‍പ്പംകൂടി ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കുവാനും ചിന്തിക്കുവാനും അപേക്ഷിക്കുന്നു. ഇത്തരം പ്രതിസന്ധികൾ നേരിടുന്ന ഒരു സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചില്ലെങ്കിലും, അവർക്ക് യാതൊരു വിധ സഹായവും ചെയ്യാൻ മുന്നോട്ടുവന്നില്ലെങ്കിലും, സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി നിശബ്ദത പാലിക്കുവാനെങ്കിലും തുടർന്ന് ശ്രദ്ധിക്കുമല്ലോ…

കടപ്പാട്: സോഷ്യല്‍ മീഡിയ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply