ജപമാല: അണുബോംബിനേക്കാള്‍ ശക്തം

ജോസ് ക്ലമന്റ്

”ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ചു നിലനില്‍ക്കും”
– ജപമാല പ്രേഷിതന്‍ ഫാ. പാട്രിക് പേറ്റന്‍

അര്‍ത്ഥവത്തും മനോഹരവുമായ വാചിക പ്രാര്‍ത്ഥനയാണ് ജപമാല. അതോടൊപ്പം ഇതൊരു മാനസിക പ്രാര്‍ത്ഥന കൂടിയാണ്. ജപമാല പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ ഈ രണ്ട് ഘടകങ്ങളും അനിവാര്യമാണ്. പിതാവായ ദൈവത്തിന്റെയും രക്ഷകനായ ഈശോയുടെയും പരിശുദ്ധ മറിയത്തിന്റെയും നാമം ജപിച്ച് പരിശുദ്ധ ത്രിത്വത്തിനു സ്തുതി ചൊല്ലി ഓരോ രഹസ്യത്തിലും നാം ധ്യാന നിമഗ്നരാകുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ ദൈവിക ശാന്തി നിറയും. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്ന സംരക്ഷണം അത്ഭുതകരമാണ്. അണുബോംബിനേക്കാള്‍ ശക്തിയേറിയ ഈ ആയുധം കയ്യിലേന്തി നമ്മേയും ലോകത്തേയും രക്ഷിക്കാന്‍ പരിശുദ്ധ അമ്മയോടു ചേര്‍ന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

പരിശുദ്ധ ജപമാലയോടുള്ള ഭക്തി എന്നും ശക്തമായി ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. കാരണം, ജപമാല പരിശുദ്ധ മറിയത്തിനു തന്നെ ഏറ്റവും പ്രിയപ്പെട്ട ഭക്തിയാണ് കാരണം, ലൂര്‍ദ്ദിലും ലാസലേറ്റിലും ഫാത്തിമായിലും മറ്റു പല ദര്‍ശനങ്ങളിലും ജപമാല സന്ദേശമാണ് ഈ അമ്മ നല്‍കിയിട്ടുള്ളത്. ജപമാല ജപിക്കുന്ന സ്ഥലങ്ങളില്‍ ദൈവജനനിയുടെ സാന്നിധ്യം ഉള്ളതായി വിമലാംബിക തന്നെ സ്റ്റെഫാനോ ഗോബി എന്ന വൈദികന്‍ വഴി വെളിപ്പെടുത്തിയിട്ടുണ്ട്. ”അണുശക്തിയേക്കാള്‍ പതിന്മടങ്ങ് ശക്തമാണ് ജപമാല. ഞാന്‍ പ്രത്യേകമായി ഇഷ്ടപ്പെടുന്ന പ്രാര്‍ത്ഥന പരിശുദ്ധ ജപമാലയാണ്.” ലൂര്‍ദ്ദിലും ഫാത്തിമായിലും ജപമാലയണിഞ്ഞുകൊണ്ടാണ് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതെങ്കില്‍ ഫാത്തിമായില്‍ ജപമാല രാജ്ഞിയായി സ്വയം വെളിപ്പെടുത്തുകയാണുണ്ടായത്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും പറഞ്ഞിട്ടുള്ളത് ജപമാല തന്റെ പ്രിയപ്പെട്ട പ്രാര്‍ത്ഥനയാണെന്നാണ്. ”ജപമാല പ്രാര്‍ത്ഥനയിലൂടെ കന്യകാംബിക വഴി ഈശോ നമ്മില്‍ ജീവിക്കുന്നു. ലോകത്തെ മുഴുവന്‍ ജപമാലയില്‍ ഉള്‍ക്കൊള്ളിക്കാം. തന്‍നിമിത്തം ജപമാല എനിക്ക് ഏറ്റവും പ്രിയപ്പെട്ട പ്രാര്‍ത്ഥനയാണ്.” റോമില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയിരുന്ന തീര്‍ത്ഥാടക സംഘത്തോട് പാപ്പാ ആഹ്വാനം ചെയ്തിരുന്ന പ്രധാന കാര്യം എല്ലാവരും ജപമാല ജപിക്കണമെന്നതായിരുന്നു.

കേരളത്തില്‍ കത്തോലിക്കാ കുടുംബങ്ങളില്‍, കുടുംബ പ്രാര്‍ത്ഥനയുടെ അടിസ്ഥാനം ഇന്നലകളിലും ഇന്നും ജപമാല തന്നെയായി നിലകൊള്ളുന്നു. എന്നാല്‍ ആധുനിക യുഗത്തില്‍ കുടുംബങ്ങളുടെ ഭദ്രതയും പവിത്രതയും നഷ്ടപ്പെട്ട് ശിഥിലമായിക്കൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണങ്ങളില്‍ മുഖ്യവിഷയം പല കുടുംബങ്ങളിലും ജപമാല പ്രാര്‍ത്ഥന ഉപേക്ഷിച്ചിരിക്കുന്നതുകൊണ്ടാണ്. ഒരുമിച്ചു ജപമാല ജപിക്കുന്ന കുടുംബങ്ങള്‍, ഒരുമിച്ചു നിലനില്‍ക്കും എന്നാണ് ജപമാല പ്രേഷിതനായ ഫാ. പാട്രിക് പെയ്റ്റന്റെ അഭിമതം. പതിനൊന്നാം പീയൂസ് പാപ്പാ പറഞ്ഞിരിക്കുന്നു: ”മാതാപിതാക്കള്‍ സായംസന്ധ്യയില്‍ മുട്ടുകുത്തി ഭക്തിപുരസ്സരം ജപമാല ചൊല്ലുന്നതുപോലെ മറ്റൊരു നല്ല മാതൃക മക്കള്‍ക്കു നല്‍കാനില്ല.

ദൈവാനുഗ്രഹത്തിന് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പരിശുദ്ധ മറിയം. കുരിശുമരണംവരെ യേശുവിന്റെ മാത്രം മാതാവായിരുന്നു പരിശുദ്ധ മറിയം. ആ രക്ഷാകര മുഹൂര്‍ത്തത്തിലാണ് യോഹന്നാനിലൂടെ നമ്മേയും സ്വന്തം മക്കളായി യേശു മറിയത്തെ ഏല്പിച്ചത്. അന്നുതൊട്ടു ഇന്നോളം ആ അമ്മ മാനവകുലത്തെ പരിപാലിച്ചുകൊണ്ടിരിക്കുന്നു. ലോകം വഴി തെറ്റിപ്പോകുന്ന നിമിഷങ്ങളിലൊക്കെ, തന്റെ സ്വര്‍ഗീയ ശോഭയും പ്രൗഢിയും വെടിഞ്ഞ് അമ്മ ലോകത്തിലേക്കിറങ്ങി വന്നിട്ടുണ്ട്. ലോകമെങ്ങുമുള്ള വിവിധ ദര്‍ശനങ്ങളിലൂടെ പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും ചെയ്ത് നന്മയിലേക്കു തിരിച്ചുവരാന്‍ ഈ അമ്മ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം പിശാചിന്റെ തന്ത്രങ്ങള്‍ക്കും ദൈവദൂഷണങ്ങള്‍ക്കുമെതിരായി പൂര്‍ണ വിജയത്തോടെ ഉപയോഗിക്കാവുന്ന വളരെ മൂര്‍ച്ചയുള്ള ആയുധമാണ് ജപമാലയെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

”ജപമാല പതിവായി ജപിക്കാന്‍ തുടങ്ങിയപ്പോഴാണ് എനിക്കു ലോകത്തെ മനസ്സിലാക്കാന്‍ സാധിച്ചതെന്ന്” ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പാ തന്റെ ആത്മകഥയായ ‘Journal of a Soul’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മരിയ ഭക്തിയിലൂടെ നുകര്‍ന്ന അനുഭൂതിയുടെ പാരമ്യമാണ് ഈ വാക്കുകള്‍. എല്ലാം തകര്‍ത്ത് നാമാവശേഷമാക്കുന്ന ധാര്‍മികവീര്യമുള്ളതാണ് അണുബോംബെങ്കില്‍ ജപമാലയെന്ന സ്‌നേഹബോംബ് എല്ലാം പണിതുയര്‍ത്തുന്ന വീര്യമുള്ള പ്രാര്‍ത്ഥനാശക്തിയാണ്.

വീട്ടിലോ യാത്രയിലോ നടന്നുപോകുമ്പോഴോ ഒക്കെ ഏതുസമയത്തും ജപമാല പ്രാര്‍ത്ഥന ചൊല്ലാം എന്നതാണിതിന്റെ സവിശേഷത. അടുക്കളയില്‍ ജോലിയിലേര്‍പ്പെട്ടിരിക്കുമ്പോഴും കുഞ്ഞിനെ തൊട്ടിലിലാട്ടി ഉറക്കുമ്പോഴെല്ലാം ജപമാല നമ്മുടെ അധരങ്ങളിലുണ്ടെങ്കില്‍ കുടുംബത്തില്‍ ശാന്തിയും സമാധാനവും നിറയും. ഓരോ രഹസ്യങ്ങളും ഓരോ പ്രത്യേക കാര്യത്തിനായി നിയോഗം വച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ അത് സുന്ദരമായ ഒരു മധ്യസ്ഥ പ്രാര്‍ത്ഥനകൂടിയായിത്തീരുന്നു. ജപമാല പൂര്‍ണ്ണമായും ദൈവവചനത്തിലധിഷ്ഠിതമായതിനാല്‍ ജപമാല പ്രാര്‍ത്ഥനയില്‍ ദൈവവചനങ്ങളാണ് ഉരുവിടുന്നതെന്ന് വിസ്മരിക്കാതിരിക്കുക. ദൈവവചനമുള്ളിടത്ത് നാരകീയശക്തികള്‍ നിലനില്‍ക്കുകയില്ല. അതിനാല്‍ ജപമാലയര്‍പ്പണം വഴി തിന്മയുടെയും പാപത്തിന്റെയുമൊക്കെ സ്വാധീനം ജപിക്കുന്നവരില്‍ കുറഞ്ഞുവരും.

ജോസ് ക്ലമന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ