21 കോപ്ടിക് ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍

2015 ഫെബ്രുവരിയിലാണ് ലിബിയയിലെ കടല്‍ത്തീരത്ത് വച്ച് ഐഎസ് ഭീകരര്‍ ഈജിപ്റ്റുകാരായ 21 കോപ്ടിക് ക്രിസ്ത്യാനികളെ കഴുത്ത് അറത്തുകൊന്നത്. രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. നമുക്ക് അവരുടെ ഗ്രാമത്തിലേക്ക് ഒരു യാത്ര പോകാം. കൊല്ലപ്പെട്ടവരുടെ അമ്മമാരും ഭാര്യമാരും സഹോദരങ്ങളും എന്താണ് പറയുന്നത് എന്ന് കേള്‍ക്കാം. 

അല്‍ അവര്‍ (Al Aver) ഗ്രാമത്തില്‍ വീശിയടിക്കുന്ന കാറ്റിന് മരണത്തിന്റെ ഗന്ധമാണ്. കെയ്റോയില്‍ നിന്ന് മൂന്നു മണിക്കൂര്‍ തെക്കോട്ട് യാത്ര ചെയ്താല്‍ സദാനേരവും പൊടിക്കാറ്റ് വീശിയടിക്കുന്ന ഈ ഈജിപ്ഷ്യന്‍ ഗ്രാമത്തിലെത്താം. ലിബിയയില്‍ വച്ച് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ കഴുത്തറത്ത് കൊന്ന 21 പേരിലെ 13 പേരും ഈ ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു.

കൊലചെയ്യപ്പെട്ടവര്‍ എന്ന നിലയ്ക്കല്ല ഇവര്‍ തങ്ങളുടെ പട്ടണത്തിലും ഭവനങ്ങളിലും ഓര്‍മ്മിക്കപ്പെടുന്നത്. സ്‌നേഹിക്കുന്ന ഭര്‍ത്താവ്, അനുസരണയുള്ള മകന്‍, വാത്സല്യമുള്ള പിതാവ്, നന്മനിറഞ്ഞ കൂടപ്പിറപ്പ്, വിശ്വസ്തനായ സുഹൃത്ത് എന്നീ വിശേഷണങ്ങളാണ് അവര്‍ക്ക് ഇവിടെയുള്ളത്. അവരുടെ മരണത്തിലും ആഘോഷിക്കപ്പെടുന്നതും ഓര്‍മ്മിക്കപ്പെടുന്നതും നന്മനിറഞ്ഞ അവരുടെ ജീവിതങ്ങളാണ്.

പട്ടിണി മാറ്റാന്‍ പോയ ഒരാള്‍ 

മാഗ്ദാ അസീസിന് 29 വയസ്. കൊല്ലപ്പെട്ട 32 വയസുകാരന്‍ ഹാനി അബദേര്‍ മെസഹായുടെ ഭാര്യയാണ്. നാലുകുട്ടികളാണ് അവര്‍ക്ക്; മൂന്ന് പെണ്‍കുട്ടികളും ഒരാണും. പ്രാര്‍ത്ഥിക്കുന്ന കുടുംബമായിരുന്നു അവരുടേത്. ഭര്‍ത്താവിന്റെ ഫോട്ടോ നെഞ്ചോട് ചേര്‍ത്തുവച്ചുകൊണ്ട് അവര്‍ പറയുകയാണ്, ”അദ്ദേഹം ഒരു മാലാഖയായിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ട്, തമാശകള്‍ പറയുമായിരുന്ന ദയാലുവായ ഒരാള്‍. അദ്ദേഹം ഞങ്ങള്‍ക്ക് ചുംബനങ്ങള്‍ നല്‍കിയിരുന്നു.” നിറകണ്ണില്‍ നിന്ന് ഒരുതുള്ളി താഴേയ്ക്ക്. അതുകണ്ട് കുട്ടികളുടെ കണ്ണുകളും സജലമാകുന്നു.

”ഹാനി എപ്പോഴും പ്രാര്‍ത്ഥിക്കുമായിരുന്നു. പ്രാര്‍ത്ഥന എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.” ദാരിദ്ര്യവും പട്ടിണിയുമായിരുന്നു ഈജിപ്തില്‍. ഭാര്യയേയും മക്കളേയും പോറ്റാനുള്ള ആഗ്രഹമാണ് ഹാനിയെ ലിബിയയില്‍ എത്തിച്ചത്. അരക്ഷിതാവസ്ഥയും അരാജകത്വവും അക്രമവും തട്ടിക്കൊണ്ടു പോകല്‍ ഭീഷണിയും ഉണ്ടായിരുന്നിട്ടും ലിബിയയില്‍ തുടരാന്‍ ഹാനിയെ പ്രേരിപ്പിച്ചത് ഭാര്യയുടെയും മക്കളുടെയും വിശക്കുന്ന മുഖങ്ങളായിരുന്നു. എങ്കിലും തിരിച്ചുവരാന്‍ ഹാനി തീരുമാനിച്ചു. പക്ഷേ, അതിനുള്ള ഒരവസരം കിട്ടുന്നതിനു മുമ്പേ…”ന്യൂ ഇയര്‍ ദിവസത്തിലായിരുന്നു ഹാനി അവസാനമായി വിളിച്ചത്.” മാഗ്ദ ഓര്‍മ്മിക്കുന്നു.

”അന്ന് ഞങ്ങള്‍ എല്ലാവരോടും വ്യക്തിപരമായി സംസാരിച്ചു. കുട്ടികള്‍ക്കെല്ലാം സന്തോഷമായി. എന്തെങ്കിലും പ്രത്യേകമായി വേണോ എന്ന് എന്നോട് ചോദിച്ചു. എന്താണ് വേണ്ടതെങ്കിലും ഭൂമിയില്‍ എവിടെയുണ്ടെങ്കിലും അത് കൊണ്ടുത്തരാം എന്നും പറഞ്ഞു.” വീണ്ടും മാഗ്ദയുടെ കണ്ണുകള്‍ നിറയുന്നു.

”അങ്ങ് സുരക്ഷിതമായിരുന്നാല്‍ മതി. അത് മാത്രമാണ് എന്റെ ആഗ്രഹം എന്ന് ഞാന്‍ പറഞ്ഞു. നീ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് ഞങ്ങള്‍ സംസാരിച്ചില്ല. അതായിരുന്നു അവസാന സംഭാഷണം.” ഒഴുകുന്ന കണ്ണീരിനിടയിലൂടെ അവള്‍ പറഞ്ഞവസാനിപ്പിച്ചു.

ഭര്‍ത്താവിന്റെ തലയറുക്കുന്നത് ഈജിപ്ഷ്യന്‍ ടെലിവിഷന്‍ ചാനലിലൂടെ കണ്ടതിനുശേഷം മാഗ്ദ അധികം സംസാരിച്ചിട്ടില്ല. ഇപ്പോഴും അതിന്റെ ആഘാതത്തിലാണവള്‍. ”അദ്ദേഹത്തിന്റെ അസാന്നിധ്യം വല്ലാത്ത ശൂന്യതയാണ് എന്നിലുണ്ടാക്കിയിരിക്കുന്നത്,”അവള്‍ മന്ത്രിച്ചു.

അമ്മയോട് ചേര്‍ന്നിരിക്കുകയാണ് പെണ്‍കുട്ടികള്‍ മൂന്നുപേരും. മൂത്തയാള്‍ പെട്ടെന്ന് കരയാന്‍ ആരംഭിച്ചു. ഇളയവര്‍ രണ്ടു പേരും കരയുന്ന ചേച്ചിയെ കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരിക്കുകയാണ്.

ഒരു ബന്ധു കുട്ടികളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്; ”കരയേണ്ട മോളെ, നിന്റെ ഡാഡി ആകാശങ്ങളിലാണ്.” മുകളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അയാള്‍ പറഞ്ഞു, ”സ്വര്‍ഗ്ഗത്തില്‍ നിന്റെ പപ്പയുണ്ട് മോളേ.”

പെണ്ണുകെട്ടാത്ത ചേട്ടന്‍ 

അമ്മ പറഞ്ഞതാണ് യൂസഫിനോട് ലിബിയയിലേക്ക് പോകരുതെന്ന്. പക്ഷേ അവന്‍ കേട്ടില്ല. ലിബിയന്‍ അതിര്‍ത്തി അവരുടെ അടുത്തായിരുന്നതുകൊണ്ട് യൂസഫ് അതിര്‍ത്തി കടന്നു. കുടുംബം ഒരു നല്ല സ്ഥിതിയില്‍ എത്തണം എന്നതുമാത്രമായിരുന്നു യൂസഫിന്റെ ആഗ്രഹം. ഏതപകടത്തില്‍ നിന്നും ദൈവം തന്നെ രക്ഷിക്കുമെന്ന് അവന്‍ വിശ്വസിച്ചു. ലിബിയയില്‍ അപകടസാഹചര്യമാണുള്ളതെന്ന് അമ്മ തെരേസ പറഞ്ഞപ്പോള്‍ യൂസഫിന്റെ മറുപടി ഇങ്ങനെയായിരുന്നു: ”എനിക്ക് ഒരു ദൈവമേ ഉള്ളൂ. ഈജിപ്തിലും ലിബിയയിലും അവന്‍ തന്നെ എന്റെ ദൈവം.”

”അവന്‍ തന്റെ വിശ്വാസത്തിനനുസരിച്ചായിരുന്നു ജീവിച്ചിരുന്നത്,” പട്ടാളവേഷത്തിലുള്ള യൂസഫിന്റെ ഫോട്ടോ നെഞ്ചോട് ചേര്‍ത്ത്‌വച്ചുകൊണ്ട് യൂസഫിന്റെ ചേട്ടന്‍ ഷെനൗഡ പറഞ്ഞു. ഷെനൗഡയ്ക്ക് 27 വയസ് പ്രായം. യൂസഫിന് ഇരുപത്തിനാലേ ഉണ്ടായിരുന്നുള്ളൂ. ”ചേട്ടന്‍ പെട്ടെന്ന് പെണ്ണുകെട്ട്. എന്നിട്ടു വേണം എനിക്ക് കെട്ടാന്‍” തമാശരൂപത്തില്‍ യൂസഫ് എപ്പോഴും പറയുമായിരുന്നത് ഷെനൗഡ ഓര്‍ത്തു. യൂസഫിന്റെ കഴുത്തറുത്തത് കാണാനുള്ള ധൈര്യം ആ അമ്മയ്ക്കില്ല. പക്ഷേ ചേട്ടന്‍ ഷെനൗഡ കണ്ടു.

”അവന്‍ ധൈര്യവാനായിട്ടാണ് മരണത്തെ പുല്‍കിയത്. അന്ത്യനിമിഷങ്ങളില്‍ അവന്റെ മുഖത്ത് ദൈവിക പ്രകാശം ഉണ്ടായിരുന്നു. തലവെട്ടിയതിനു ശേഷവും ഒരു അലൗകിക വെളിച്ചം അവന്റെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു. അതെനിക്ക് ബലം നല്‍കുന്നു.”

അപകടം പതിയിരുന്ന വഴികള്‍ 

”ഈജിപ്തിലേക്കുള്ള വഴികളില്‍ അപകടം പതിയിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ന്യൂ ഇയറില്‍ വരേണ്ട എന്ന് ഞങ്ങള്‍ തോവാദ്രോസിനോട് പറഞ്ഞത്. പക്ഷേ ഇപ്പോള്‍…” ബെബാവ്വിയുടെ വാക്കുകള്‍ മുറിഞ്ഞു. ബെബാവ്വി യൂസഫ്, തോവാദ്രോസ് യൂസഫിന്റെ സഹോദരനാണ്; തോവാദ്രോസ് കൊല്ലപ്പെട്ട 21 പേരില്‍ ഒരാളും. ന്യൂ ഇയറില്‍ ഈജിപ്തിലേക്ക് തിരിച്ചു വരാന്‍ തുടങ്ങിയ തൊവാദ്രോസിനോട് സുരക്ഷയുടെ പേരില്‍ യാത്ര അല്പം കൂടി വൈകിക്കാന്‍ ആവശ്യപ്പെട്ടതോര്‍ത്ത് വ്യസനിക്കുകയാണ് കുടുംബാംഗങ്ങള്‍ എല്ലാവരും ഇപ്പോള്‍.

ഒന്നരവര്‍ഷം മുമ്പാണ് 42 വയസ്സുകാരന്‍ തോവാദ്രോസ് ലിബിയയില്‍ എത്തിയത്. തൊവോദ്രോസും കൂട്ടരും ഐഎസിന്റെ പിടിയില്‍ അകപ്പെട്ടു എന്നറിഞ്ഞ നാള്‍ മുതല്‍ സഹോദരന്റെ മോചനത്തിനായി ബെബാവ്വി ശ്രമിക്കുന്നതാണ്. അതിന്റെ ഭാഗമായി അല്‍ അവറില്‍ നിന്ന് കെയ്‌റോവരെ യാത്രയായി. കെയ്‌റോയിലെ ഈജിപ്ഷ്യന്‍ ടെലിവിഷന്‍ ചാനല്‍ ഷോയില്‍, തട്ടിക്കൊണ്ട് പോകപ്പെട്ട ഈജിപ്തുകാരെക്കുറിച്ച് പറയാനാണ് പോയത്. അതുവഴി ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുകയും മോചനത്തിന് ശ്രമിക്കുകയുമായിരുന്നു ലക്ഷ്യം. പക്ഷേ, ആ പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് ബെബാവ്വിക്ക് ഒരു ഫോണ്‍ വന്നു; തന്റെ ഇടവക വികാരിയച്ചന്റെ. ഇടറിയ സ്വരത്തില്‍ വികാരിയച്ചന്‍ ഫോണിലൂടെ പറഞ്ഞു: ”ബെബാവ്വീ, എല്ലാം കഴിഞ്ഞിരിക്കുന്നു. അവരെല്ലാം കൊല്ലപ്പെട്ടു.” ഇടവകപള്ളിയുമായി നിരന്തര ബന്ധമായിരുന്നു അവര്‍ക്ക്. അതുകൊണ്ടായിരിക്കും ഏറ്റവും സങ്കടകരമായ ആ വാര്‍ത്ത അറിയിക്കാന്‍ വികാരിയച്ചന്‍ നിയുക്തനായത്.

ബെബാവ്വിക്ക് ഇപ്പോഴും അത് വിശ്വസിക്കാനാവുന്നില്ല. ”അവര്‍ കൊല്ലപ്പെട്ടെങ്കിലും, കൊല്ലപ്പെട്ടിട്ടില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം അവന്‍ അത്രയ്ക്ക് നല്ലവനായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ദയാലുവായിരുന്നു അവന്‍, ഏറ്റവും സന്തോഷവാനും.”

ചാര്‍ജ് തീര്‍ന്ന മൊബൈല്‍ 

ഹമദ് തന്റെ സഹോദരന്‍ മഗദിനോട് അവസാനമായി സംസാരിച്ചത് തട്ടിക്കൊണ്ട് പോകുന്നതിന്റെ തൊട്ട്മുമ്പാണ്. ”മൊബൈലില്‍ ക്രെഡിറ്റ് തീര്‍ന്നെന്ന് പറഞ്ഞതേ കട്ടായി. അവന് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. അതിനിടയിലാണ് മൊബൈലിലെ പൈസാ തീര്‍ന്ന് സംസാരം മുറിഞ്ഞത്. പിന്നീടൊന്നും പറയാനോ, കേള്‍ക്കാനോ സാധിച്ചില്ല. അത് അന്ത്യസംസാരമാകുമെന്നും എനിക്കറിയില്ലായിരുന്നു.” കോപ്റ്റിക് ദേവാലയത്തില്‍ 21 പേരുടെ മരണാനന്തര ചടങ്ങുകളില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയവരുടെ മധ്യേയിരുന്ന് എമദ് കൊല്ലപ്പെട്ടവരില്‍ ഒരുവനായ തന്റെ സഹോദരനെ ഓര്‍ത്തു.

40 വയസുണ്ടായിരുന്നു മഗദ് സുലൈമാന്‍ ഷിഹാദയ്ക്ക്. മഗദും ഭാര്യയും മൂന്നുകുട്ടികളും അടങ്ങിയ കുടുംബം ഒറ്റമുറിയിലായിരുന്നു താമസം. ”അത്രയ്ക്ക് കഠിനമായ ദാരിദ്ര്യമായിരുന്നു ഇവിടെ. അതില്‍ നിന്ന് കുടുംബത്തെ രക്ഷപ്പെടുത്താനായിരുന്നു അദ്ദേഹം ലിബിയയിലേക്ക് പോയത്. ഇത്ര സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നിട്ടും, കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മഗദിന്റെ മൂത്ത മകള്‍ കോളജിലാണ് പഠിക്കുന്നത്.” അനുജന്റെ വാക്കുകളില്‍ അഭിമാനം.

കണ്ണീരിനിടയിലൂടെ വിരിഞ്ഞ പുഞ്ചിരിയോടെ എമദ് പറഞ്ഞു: ”ആകാശങ്ങളിലിരിക്കുന്ന പിതാവിന്റെ പക്കല്‍ അവരുണ്ട്. അവരെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു.”

ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here