ലോകത്തില്‍ ജപമാല വിപ്ലവം സൃഷ്ടിക്കുവാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സ്വീകരിച്ച 7 വഴികള്‍ 

പരിശുദ്ധ കന്യാമറിയത്തില്‍ ആശ്രയിച്ചു കൊണ്ട് സഭയെ മുന്നോട്ടു നയിച്ച വിശുദ്ധനായ പാപ്പായായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍. പ്രതിസന്ധികളുണ്ടാവുമ്പോള്‍ ആശ്രയിക്കുവാനും ഈശോയിലേയ്ക്ക് യാത്ര ചെയ്യുവാനുമുള്ള മാര്‍ഗ്ഗവുമായി അദ്ദേഹം മറിയത്തെ കാട്ടിത്തന്നു. അതോടൊപ്പം തന്നെ ജപമാല പ്രാര്‍ഥനയുടെ ശക്തി പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു.

ലോകത്തില്‍ ജപമാല വിപ്ലവം സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതിനായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സ്വീകരിച്ച ഏഴ് വഴികളാണ് താഴെ ചേര്‍ക്കുന്നത്.

1. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ജപമാലയെ നൂതനവും ആവേശകരവുമാക്കി

ലോക യുവജന സമ്മേളനങ്ങളിലൂടെയും ജൂബിലി വര്‍ഷാചരണത്തിലൂടെയും ജോണ്‍ പോള്‍ പാപ്പാ വിശ്വാസികളെ ക്രിസ്തുവുമായും സഭയുമായും അടുപ്പിച്ചു. അവരോടു ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പാ ആവശ്യപ്പെട്ടു. ജപമാല വര്‍ഷം ആചരിച്ചു കൊണ്ടും പ്രകാശത്തിന്റെ രഹസ്യം കൂട്ടിച്ചേര്‍ത്തുകൊണ്ടും അദ്ദേഹം ജപമാലയെ ആളുകള്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കി.

2. ലോകശ്രദ്ധയാര്‍ജ്ജിച്ച സംഭവങ്ങളുമായി ജപമാലയെ യോജിപ്പിച്ചു

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അദ്ദേഹം ലോകത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം കുടുംബങ്ങള്‍ക്കും അതിന്റെ സുസ്ഥിരതയ്ക്കുമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പാ ആഹ്വാനം ചെയ്തു. ക്രിസ്ത്യാനികള്‍ ജപമാല ദിവസം ഒരിക്കലെങ്കിലും കയ്യിലെടുക്കുവാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

3. ജപമാലയെ പ്രാര്‍ത്ഥിക്കുവാന്‍ എളുപ്പമുള്ളതാക്കി 

ജപമാല പ്രാര്‍ത്ഥനയെ കൂടുതല്‍ ലളിതമാക്കി മാറ്റുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ദൈര്‍ഘ്യമുള്ള ആമുഖപ്രാര്‍ത്ഥന ചെറുതാക്കി. കുട്ടികള്‍ക്കും പിതാക്കന്മാര്‍ക്കും ചൊല്ലുവാന്‍ എളുപ്പമുള്ളതാക്കി.

4. ജപമാലയെ കൂടുതല്‍ അനുഭവവേദ്യമാക്കി 

ഒരാളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന തരത്തില്‍ അദ്ദേഹം ജപമാല രൂപീകരിച്ചു. ഓരോ രഹസ്യവും  ഒരോ പ്രത്യേക കാര്യത്തിനു വേണ്ടി മാറ്റിവച്ചു.  ഉദാഹരണമായി ആദ്യത്തെ രഹസ്യത്തില്‍ ഈശോയുടെ മാമ്മോദീസ ചേര്‍ക്കുന്നു. ജപമാലക്കൊപ്പം തിരുവചനവും ചേര്‍ക്കണം എന്ന് അദ്ദേഹം ആവശ്യപെട്ടു.

5. ജപമാല വിശുദ്ധരെ പ്രോത്സാഹിപ്പിച്ചു 

ജപമാലയില്‍ അടിയുറച്ചു വിശ്വസിച്ച അനേകരെ വിശുദ്ധ പദവിയിലേയ്ക്ക് പാപ്പ ഉയര്‍ത്തി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അറിയപ്പെട്ടിരുന്നത്  ‘ജപമാല വിശുദ്ധന്‍’ ആയിട്ടാണ്. ജപമാല ആയുധമാക്കിയ പദ്രോ പിയോയെ അദ്ദേഹം വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഫാത്തിമയിലെ  കുട്ടികളെ, ജസിന്ത, ഫ്രാന്‍സിസ്‌കോ മാര്‍ട്ടൊ എന്നിവരെ, വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

6. സഭയുടെ ഭാവിയെ ഫാത്തിമായിലെ പ്രത്യക്ഷീകരണവുമായി ബന്ധിപ്പിച്ചു 

ഫാത്തിമയിലെ പ്രത്യക്ഷീകരണത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന പാപ്പാ മനുഷ്യ വംശത്തിന്റെ അനുരഞ്ജനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ലോകത്തോട് അഭ്യര്‍ത്ഥിച്ചു. തലമുറകള്‍ക്ക് ശേഷവും മാതാവിന്റെ ഫാത്തിമയിലെ ദര്‍ശനത്തെ പുതുമയോടെ കാണുവാന്‍ അദ്ദേഹം ലോകത്തോട് ആവശ്യപ്പെട്ടു.

7. പ്രാര്‍ത്ഥനയിലൂടെ കാര്യങ്ങളെ ലാളിത്യവത്കരിക്കുവാന്‍ ആവശ്യപ്പെട്ടു 

ജീവിതത്തിലുടനീളം ജപമാല കയ്യിലേന്തിയ വ്യക്തിയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും മുമ്പിലായി മുട്ടുകുത്തി നിന്ന് ജപമാല ചൊല്ലുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ ഫ്രാന്‍സിസ് പാപ്പാ ഒരിക്കല്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ജപമാലയോടുള്ള  ഭക്തി വളരെ വലുതാണെന്ന് ഫ്രാന്‍സിസ് പാപ്പായും സാക്ഷ്യപ്പെടുത്തുന്നു.

Leave a Reply