ലൂർദ്ദിലെ 70-ാം അത്ഭുതം: സി. ബർണഡിറ്റേ മനസ്സു തുറക്കുമ്പോൾ

ലൂർദ്ദിലെ എഴുപതാമത്തെ അത്ഭുതമായി സഭ അംഗീകരിച്ച സി. ബർണഡിറ്റേ മോറിയോയുടെ സൗഖ്യത്തെക്കുറിച്ചു കൂടുതൽ അറിയാൻ ….

തളർവാതം മാറി രണ്ടു കാലിൽ നിൽക്കുന്ന അത്ഭുതമാണു സി. ബർണഡിറ്റേ മോറിയു . ലൂർദ്ദിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയാൻ, ലൂർദ്ദിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ 150 -ാം (2008) വാർഷികത്തിൽ തളർവാതത്തിൽ നിന്നു സുഖമാക്കപ്പെടുകയും 160 -ാം (2018) വാർഷികത്തിൽ അത്ഭുതമായി സംഭ അംഗീകരിക്കുകയും ചെയ്ത സൗഖ്യത്തെപ്പറ്റി സി. ബർണഡേറ്റ മനസ്സു തുറക്കുമ്പോൾ

ഈശോയുടെ തിരുഹൃദയത്തിന്റെ സഭാംഗമായ ഒരു ഫ്രാൻസിസ്കൻ കന്യാസ്ത്രീ ആണു സി. ബർണഡിറ്റേ. നേഴ്സായി ജോലി ചെയ്തിരുന്ന സിസ്റ്റർ 1939 ൽ ജനിച്ചു. തളർവാതരോഗത്തിന്റെ ലക്ഷണങ്ങൾ 1966 കണ്ടു തുടങ്ങുമ്പോൾ അവൾക്കു 27 വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. അന്നു മുതൽ വിജയത്തിലെത്താത്ത നിരവധി ശസ്ത്രക്രിയകൾ, നടക്കാൻ സാധിക്കാതെ ക്ലേശിച്ച വർഷങ്ങൾ, 2008 വരെ ജോലി ചെയ്യാതെ തള്ളി നീക്കേണ്ടി വന്ന നാലു പതിറ്റാണ്ടുകൾ

“രണ്ടായിരത്തി എട്ടാം ആണ്ടിലാണു എന്റെ രൂപത ലൂർദ്ദിലേക്കു നടത്തിയ തീർത്ഥയാത്രയിൽ ഞാൻ പങ്കു ചേർന്നത്. ഞാൻ അതിൽ തീക്ഷ്ണമായി പങ്കു ചേർന്നിരുന്നു. അവിടെ വച്ചു ഞാൻ രോഗിലേപനം സ്വീകരിക്കുകയും വേദന നിറഞ്ഞ വഴിയിൽ മുന്നോട്ടു പോകാനുള്ള ശക്തിക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ദിവ്യകാരുണ്യ പ്രദിക്ഷണവും പത്താം പീയൂസിന്റെ ബസിലിക്കയിൽ വച്ചുള്ള രോഗികൾക്കായുള്ള പ്രത്യേക ആശീർവ്വാദ പ്രാർത്ഥനയും എന്നെ ശക്തമായി സ്വാധീനിച്ചിരുന്നു. ഈശോ എന്നോടു പറയുന്നതുപോലെ എനിക്കനുഭവപ്പെട്ടു, ‘ഞാൻ നിന്റെ സഹനങ്ങൾ കാണുന്നു, അതുപോലെ നിന്റെ സഹോദരി സഹോദരന്മാരുടെയും സഹനങ്ങൾ. എല്ലാം എനിക്കു സമർപ്പിക്കുക.’ അതിനാൽ എനിക്കു ചുറ്റുമുള്ള രോഗികൾക്കു വേണ്ടിയാണ് ഞാൻ പ്രാർത്ഥിച്ചത്. അല്ലാതെ എന്റെ രോഗസൗഖ്യത്തിനു വേണ്ടി ഞാൻ പ്രാർത്ഥിച്ചതേയില്ല.”

അറുപത്തി ഒൻപതാം വയസ്സിൽ വീൽചെയറിൽ സി. ബർണഡിറ്റേ ലൂർദ്ദിലേക്കു തീർത്ഥയാത്രയ്ക്കു പോകുമ്പോൾ നട്ടെല്ലിനു നാലു ശസ്ത്രക്രിയകൾ കഴിഞ്ഞിരുന്നു. തുടർച്ചയായി വരുന്ന കഠിന വേദന ശമിക്കാനായി മോർഫിൻ കുത്തിവയ്പുകളായിരുന്നു ശരണം.

“2008 ജൂലൈ പതിനൊന്നിനു തീർത്ഥാടനം കഴിഞ്ഞു ഞാൻ കോൺവെന്റിൽ തിരികെ എത്തി. മറ്റു സിസ്റ്റേഴ്സിനൊപ്പം ഞാൻ നിത്യാരാധന ചാപ്പലിലായിരുന്നു. അപ്പോൾ സമയം വൈകിട്ടു 17.45 ആയിരുന്നു. എന്റെ ശരീരത്തിൽ പൊടുന്നനെ ഒരു ചൂടു അനുഭവപ്പെട്ടു. എന്താണു സംഭവിക്കുന്നത് എന്ന് എനിക്കു മനസ്സിലായില്ല. ഉടനെ ഞാൻ എന്റെ മുറിയിലേക്കു പോയി അപ്പാൾ ഒരു സ്വരം ഞാൻ കേട്ടു: “നിന്റെ ഉപകരണൾ ഉപേക്ഷിക്കുക” തളർവാത രോഗിയോടു എഴുന്നേറ്റു കിടക്കയുമെടുത്തു പോവുക എന്നു പറഞ്ഞ യേശുവിന്റെ രൂപമാണ് എന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞത്. ഒട്ടും ശങ്കിക്കാതെ തന്നെ എന്റെ കാലുകളിലും പാദങ്ങളിലും കെട്ടിയിരുന്ന ഉപകരണങ്ങൾ, നാഡി ഉത്തേജന യന്ത്രമുൾപ്പെടെ ഞാൻ അഴിച്ചുമാറ്റി. ഞാൻ രണ്ടു കാലിൽ വീണ്ടും നിവർന്നു നിന്നു. എന്റെ സഹോദരിമാരോടു സന്തോഷത്തോടെ വിളിച്ചു പറഞ്ഞു “എന്തു സംഭവിച്ചു എന്നു എനിക്കറിയില്ല എന്റെ തളർവാതം എന്നെ വിട്ടു പോയിരിക്കുന്നു.” എന്നെക്കണ്ടവരെല്ലാം അത്ഭുതസ്തബധരായി.

ബുവേ രൂപതയിലെ ബ്രെസ് ലേസിലെ കപ്പേളയിൽ ഈ അത്ഭുതം നടക്കുമ്പോൾ ലൂർദ്ദിൽ ദിവ്യകാരുണ്യ പ്രദിക്ഷണം നടക്കുന്ന സമയമായിരുന്നു.

„ഞാൻ അത്ഭുതത്തെപ്പറ്റി ഇതു വരെ സംസാരിച്ചട്ടില്ല. ഒരു സൗഖ്യത്തെക്കുറിച്ചാണു ഞാൻ സംസാരിക്കുന്നത്. സൗഖ്യം ഞാൻ അനുഭവിച്ചു. അന്നു മുതൽ ലൂർദ്ദിനോടു ഒരു ബന്ധം ഞാൻ കാത്തു സൂക്ഷിച്ചു. ലൂർദ്ദിലെ ദിവ്യകാരുണ്യ പ്രദിക്ഷണത്തിലെ ദൈവത്തിന്റെ സാന്നിധ്യം ഇപ്പോഴും എന്നിലുണ്ട് പ്രത്യേകിച്ചു ആരാധനാ നിമിഷങ്ങളിൽ. അത്ഭുതങ്ങളെക്കുറിച്ചു സംസാരിക്കാൻ ഞാൻ ആളല്ല. ഞാൻ ആദ്യം അനുഭവിച്ചറിഞ്ഞതു ഒരു സൗഖ്യമാണ്. പിന്നീട് ലൂർദ്ദിലെ അന്തർദേശീയ മെഡിക്കൽ കമ്മറ്റിയിലേക്കു എന്റെ ഫയലുകൾ അയച്ചു, വിശദമായ പഠനങ്ങൾ പത്തുവർഷം നീണ്ടു. അവസാനം ബാവെസലെ മെത്രാൻ എന്റെ സൗഖ്യം അത്ഭുതമായി അംഗീകരിച്ചിരിക്കുന്നു

ഫ്രാൻസിലെ ബുവേ (Beauvais) രൂപതയിലെ മെത്രാൻ ബിഷപ് ജ്വാകെസ് ബെനോയ്റ്റ്ത് ഗോണിൻ സിസ്റ്റർ ബർണഡിറ്റേയുമായി പലതവണ സംസാരിക്കുകയും, ലൂർദ്ദിലെ അന്തർ ദേശീയ മെഡിക്കൽ കമ്മറ്റിയിലെ ഫയലുകൾ അവലോകനം ചെയ്യുകയും ചെയ്ത ശേഷമാണ് ബർണഡിറ്റേ മൊറിയോയുടെ സുഖപ്പെടൽ ലൂർദ്ദിലെ ഔദ്യോഗികമായ എഴുപതാമെത്ത അത്ഭുതമായി പ്രഖ്യാപിച്ചത്.

“ഇന്നു എനിക്കു ഒരു അത്ഭുതം എന്നു പറയാൻ അനുവാദം കിട്ടിയിരിക്കുന്നു. കൈമാറാനായി എനിക്കു ഒരു സമ്മാനം ലഭിച്ചിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ദൈവത്തിൽ നിന്നു പരിശുദ്ധ കന്യകാ മറിയത്തിന്റെ മധ്യസ്ഥ്യം വഴി വന്ന ഒരു അടയാളമാണു എന്റെ സൗഖ്യം. ദൈവമഹത്വത്തിന്നും സഭയുടെ വളർച്ചയ്ക്കു മായി ഞാൻ എന്നും ഒരു എളിയ ഫ്രാൻസിസ്കൻ സന്യാസിനിയായി തുടരും അല്ലാതെ എന്റെ പ്രശസ്തിക്കുവേണ്ടി ഞാൻ നിലകൊള്ളില്ല.”

നാലു പതിറ്റാണ്ടുകൾക്കു ശേഷം വീണ്ടും രോഗികളെ പരിചരിക്കാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യവും പേറി ജീവിക്കുമ്പോൾ സി. ബർണഡിറ്റേ പറയുന്നു ക്രിസ്തുവിന്റെ സഹനങ്ങളിൽ എനിക്കു പങ്കുചേരാനായി അതിൽ വിശ്വസ്ത പുലർത്തിയപ്പോൾ അവന്റെ കൃപയുടെ ആനന്ദത്തിനു പരിശുദ്ധ മറിയം എന്നെ യോഗ്യയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ