ഉന്നം സഭ; പ്രത്യക്ഷത്തിൽ പിന്തുണ: രഹസ്യ അജണ്ടയുമായി മാധ്യമം 

സഭയും സന്യാസവും ഏറെ പ്രതിസന്ധി നേരിടുന്ന സമയമാണ് ഇത്. വ്യാജ പ്രചരണങ്ങളും ആരോപണങ്ങളുമായി സഭയെ കല്ലെറിയുവാനും തകർക്കുവാനും തർക്കം പാർത്തിരിക്കുന്ന വിവിധ ശക്തികൾ രംഗത്ത് വന്നിരിക്കുകയാണ്. നിരവധി ആരോപണങ്ങളിലൂടെ സഭയെ തകർക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരുടെ ഇടയിലേയ്ക്കു മാധ്യമം പത്രവും രംഗപ്രവേശനം  ചെയ്തിരിക്കുന്നു.

സഭയുമായോ സഭാകാര്യങ്ങളുമായോ അടുത്ത ബന്ധമൊന്നും അവകാശപ്പെടാനില്ലാത്ത ഈ പത്രം വസ്തുതാ വിരുദ്ധമായ കാര്യങ്ങളുടെ ഒരു പരമ്പര തന്നെയാണ് തുടങ്ങിയിരിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നു. പ്രത്യക്ഷത്തിൽ കന്യാസ്ത്രീകൾക്കു പിൻതുണ നൽകുന്ന പരമ്പരയും, ലേഖകനും ചോദ്യം ചെയ്യുന്നത് സഭയുടെയും സന്യാസ സമൂഹത്തിന്റെയും നിലനിൽപ്പിനെ തന്നെയാണ് എന്നത് നിസംശയം പറയാനാകും. സഭാ സംവിധാനങ്ങളെക്കുറിച്ചു വ്യക്തമായ അറിവില്ലാത്തവരിൽ നിന്നോ സഭാവിരുദ്ധരിൽ നിന്നോ കേട്ടറിഞ്ഞ കാര്യങ്ങളിൽ നിന്ന് ആരംഭിക്കുന്ന പരമ്പരയ്ക്കു പിന്നിൽ, സഭയെ തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ്. ഭാവനയും നന്നായി ഉപയോഗിക്കുന്നു.

പരമ്പരയിൽ പറയുന്ന പലകാര്യങ്ങളും വസ്തുതാവിരുദ്ധവും സഭയുടെ പാരമ്പര്യത്തെയും പ്രവർത്തന ശൈലികളെയും തകർക്കാൻ ലക്‌ഷ്യം വെച്ചുള്ളതുമാണ്. സന്യാസ സമൂഹങ്ങളുടെ  പ്രവർത്തനങ്ങളെ പൂർണ്ണമായും നിർബന്ധിതവും മാത്സര്യം നിറഞ്ഞതും കെട്ടിയിട്ടതുമായി സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുന്ന ലേഖകനും മാധ്യമവും, ഇതിനുള്ളിൽ വിശുദ്ധമായ ശുശ്രൂഷകൾ ചെയ്യുന്ന – ദൈവവുമായുള്ള ബന്ധം അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുന്ന –  അനേകം ആളുകൾ ഉണ്ടെന്ന കാര്യം സൗകര്യപൂർവം മറക്കുകയോ – മറച്ചു വയ്ക്കുകയോ ചെയ്യുന്നു. വിരലിൽ എണ്ണാൻ മാത്രമുള്ള ആളുകളുടെ എതിരഭിപ്രായത്തിലൂടെ സഞ്ചരിക്കുന്നത് ശരിയായ  മാധ്യമധർമത്തിനു യോജിച്ചതല്ല എന്നത് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നത് ഉചിതമെന്നു തോന്നുന്നു. കാരണം, സമരപന്തലിൽ ഇരുന്ന അഞ്ചു പേർ മാത്രമല്ല സന്യസ്തർ.

സന്യാസ ജീവിതത്തിന്റെ ചിട്ടകളും വട്ടങ്ങളും നന്നായി അറിഞ്ഞു, അതിനു അനുസരിച്ചു ജീവിക്കുവാൻ തയ്യാറുള്ളവർ മാത്രമാണ് ഈ ജീവിതവൃത്തി തിരഞ്ഞെടുക്കുന്നത് എന്നത് പ്രത്യേകം ഓർക്കുന്നത് നന്നാവും. മഠത്തിനുള്ളിലെ പ്രാർത്ഥനാ ജീവിതവും ചിട്ടകളും പെട്ടന്നൊരു ദിവസം പൊട്ടിമുളച്ചതോ ഒരു ദിവസം കൊണ്ട് ശീലിക്കാന്‍ നിര്‍ബന്ധിക്കുന്നതോ അല്ല. വർഷങ്ങൾ നീണ്ട പരിശീലനത്തിലൂടെയാണ് അവര്‍ സന്യസ്ത ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്. അതിനിടയിൽ പറ്റുന്നില്ല എന്ന് തോന്നുന്നവർക്ക് തിരികെ പോകുവാനും കഴിയും. തിരികെ പോയവരിൽ പലരും അന്തസായ രീതിയിൽ മറ്റു ജീവിതാന്തസുകളിലേയ്ക്ക് പ്രവേശിച്ചിട്ടുണ്ട് എന്നതും വ്യക്തമാണ്.

സന്യാസ ജീവിതം എന്നാൽ അടിച്ചമർത്തപ്പെടലാണെന്നും അവിടെ സ്വാതന്ത്രം നിഷേധിക്കുകയാണെന്നും സഭയുടെ അപജയങ്ങളാണ് ഇതിനു കാരണം എന്നും പറയുന്ന പരമ്പരകളുടെ ലക്‌ഷ്യം കന്യാസ്ത്രീകളുടെ നന്മയോ നീതിയോ അല്ല. മറിച്ചു, സഭയാണ് എന്നത് വ്യക്തമാണ്. സത്യത്തിനു നിരക്കാത്തത്തും സഭയുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാതെയും ഉള്ള ഇത്തരം പരമ്പരകൾ മഹത്തായ മാധ്യമ ധർമത്തിന് ഒരിക്കലും ചേരുന്നതല്ല.

നിങ്ങളുടെ തെറ്റിദ്ധാരണ പരത്തുന്ന പരമ്പരയ്ക്ക് ദീപിക പത്രം മറുപടി എഴുതിയപ്പോൾ, ഇതാ വരുന്നു, ‘വർഗീയമായി ഇവിടെ ചേരിതിരിവ് ഉണ്ടാക്കുന്നു എന്ന ആരോപണം.’ ആക്രമിക്കുന്നില്ലെങ്കിലും പ്രതിരോധിക്കാനും സത്യം പറയാനും മറ്റുള്ളവർക്കും അവകാശമുണ്ട് എന്ന് വിനയത്തോടെ ഓർമ്മിപ്പിക്കുന്നു.

മാധ്യമം പത്രത്തോട് – നിങ്ങൾ 1987 മുതലാണ് എഴുത്തു ആരംഭിച്ചത്. സന്യാസത്തിന്  നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്, വിശുദ്ധിയുണ്ട്. സ്വന്തം കണ്ണിലെ തടി എടുത്തിട്ട് പോരേ, അന്യന്റെ കണ്ണിലെ കരട് എടുക്കാനുള്ള പരമ്പര!

സന്തോഷ് ജോർജ് കെ  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ