ഓഖി ദുരന്തത്തില്‍ കാണാതായവര്‍ മരണപ്പെട്ടതായി കണക്കാക്കി നഷ്ടപരിഹാരം നല്കണം; തിരുവനന്തപുരം അതിരൂപത

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിപ്പിക്കുമെന്നിരിക്കെ മുങ്ങല്‍വിദഗ്ദര്‍, മുങ്ങിക്കപ്പല്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങളോടെയുള്ള തെരച്ചില്‍ നടത്തണമെന്നും അതിനുശേഷം കണ്ടെത്താന്‍ കഴിയാത്ത മുഴുവന്‍പേരും മരണപ്പെട്ടതായി കണക്കാക്കി അവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്നും തിരുവനന്തപുരം അതിരൂപത രാഷ്ട്രീയകാര്യ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം-119, തൂത്തൂര്‍-148, ഇതര സ്ഥലങ്ങള്‍-57 എന്നിങ്ങനെ 324 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഓഖി ദുരന്തത്തില്‍ അന്യസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെട്ടിട്ടുള്ളതുകൊണ്ട് അവരെ കണ്ടെത്തുന്നതിനും അവര്‍ക്കുവേണ്ടിയുള്ള സഹായപദ്ധതികള്‍ നടപ്പിലാക്കുന്നതിനും ദുരന്തത്തിന്റെ വ്യാപ്തിയും നാശനഷ്ടങ്ങളും അവലോകനം ചെയ്യുന്നതിനും കേരള-തമിഴ്‌നാട് സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും സംയുക്തയോഗം ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ദുരന്തത്തില്‍ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളെ തിരിച്ചരിയാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും വിവിധ ആശുപത്രി മോര്‍ച്ചറികളിലുള്ള മൃതദേഹങ്ങള്‍ ഒന്നിലധികം ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തി മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനും കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കാനും നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിന് നിയമത്തില്‍ നിലവിലുള്ള തടസ്സം നീക്കി ഇളവ് അനുവദിക്കണമെന്നും അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. മോണ്‍. ജെയിംസ് കുലാസ്, ഡോ. എം എ ജോര്‍ജ്ജ്, എം ആര്‍ക്കാഞ്ചലോ, ആന്റണി ആല്‍ബര്‍ട്ട്, സോളമന്‍ വെട്ടുകാട് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ