മുടി നൽകി അമേയക്കുട്ടി; ഇതു ഒരു മൂന്നാം ക്ലാസുകാരിയുടെ കരുണയുടെ കരം  

മരിയ ജോസ്

സിസ്റ്ററെ മോൾക്ക് ക്യാൻസർ രോഗികൾക്കായി മുടി നൽകണം എന്നൊരു ആഗ്രഹം ഉണ്ട്. ഞങ്ങൾ അങ്ങോട്ട് വരട്ടെ? ചോദ്യം ഇരിഞ്ഞാലക്കുടക്കാരുടെ സ്വന്തം സിസ്റ്ററമ്മ സി. റോസ് ആന്റോയോട് ആണ്. നന്മ ചെയ്യാനും ചെയ്യിക്കാനും കിട്ടുന്ന ഒരവസരവും പാഴാക്കാൻ കൂട്ടാക്കാത്ത സിസ്റ്റർ പോന്നോളാനും മറുപടി നൽകി. അങ്ങനെ ആളെത്തി. കണ്ടപ്പോ സിസ്റ്ററിനും അത്ഭുതം. ഒരു കടുക് മണി! മോൾടെ പേരെന്താ? അമേയ മോൾ.

അതെ ഇതു അമേയ എം നായർ. വയസ് എട്ട്‌. ക്യാൻസർ ബാധിതരുടെ കണ്ണീരു കണ്ട ആ കൊച്ചു മിടുക്കി എടുത്ത തീരുമാനമാണ് മുടി നൽകുക എന്നത്. തന്റെ മുന്നിലെത്തിയ ആ കുട്ടിയെക്കുറിച്ചും അവൾക്കു പ്രചോദനമായി നിന്ന മാതാപിതാക്കളെക്കുറിച്ചും സി. റോസ് ആന്റോ പറഞ്ഞു തുടങ്ങി…

കൂടൽമാണിക്യം ദേവസ്വം ജീവനക്കാരനായ മൂത്തേടത്ത് വീട്ടിൽ സജീവന്റെയും, ചേർപ്പ് സി.എൻ.എൻ ബോയ്സ് എൽ.പി സ്കൂളിലെ രമ്യ ടീച്ചറുടെയും മകൾ ആണ് അമേയക്കുട്ടി. അന്യരുടെ കണ്ണു നീർ കാണാതെ പോകരുതെന്ന് എപ്പോഴും മകൾക്കു ഉപദേശങ്ങൾ നൽകിയിരുന്നു എങ്കിലും പ്രായത്തിൽ കവിഞ്ഞ പക്വതയോടെ അവൾ അതൊക്കെ മനസിലാക്കിയിരുന്നു എന്നത് അവർക്കു മനസിലായത്ത് ഈ തീരുമാനത്തിലൂടെയായിരുന്നു. മക്കൾ അവർക്കു മാത്രമല്ല സമൂഹത്തിനും കൂടി താങ്ങാവണം എന്ന മാതാപിതാക്കളുടെ വാക്കുകൾ ആ മൂന്നാം ക്ലാസുകാരിയിൽ ആഴത്തിൽ പതിഞ്ഞു. അങ്ങനെ സമൂഹത്തെ കണ്ടും കെട്ടും അറിഞ്ഞുള്ള വളർച്ചയിൽ ക്യാൻസർ രോഗികളുടെ വേദന, മുടി പോയ അവരുടെ അവസ്ഥ അവളുടെ ഉള്ളിൽ തറഞ്ഞു.

പലപ്പോഴും പല സംശയങ്ങളിൽ നിന്നായി അവൾ തന്റെ മാതാപിതാക്കളിൽ നിന്ന് മുടി ദാനം ചെയ്യുന്നതിന്റെ മഹിമയും രോഗികളുടെ അവസ്ഥയും വേദനയും ഒക്കെ മനസിലാക്കി. മുടി ദാനം ചെയ്യുക എന്നത് നല്ലതാണെന്നും ഒരു അവയവ ദാനം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണെന്നും മാതാപിതാക്കളിൽ നിന്നറിഞ്ഞ അമേയ ഒന്നുറപ്പിച്ചു. എന്റെ മുടി ഞാൻ ദാനം ചെയ്യും.

അതിനായി അമേയ തന്റെ മുടി വളർത്തി തുടങ്ങി. മുടി ഇടക്കിടെ അവൾ  കണ്ണാടിയിൽ നോക്കും. എത്രത്തോളം ആയി എന്നറിയാൻ. മുടി നൽകാൻ കഴിയുന്നത്ര നീളം ആയി എന്നായപ്പോൾ അവൾ അച്ഛനെയും അമ്മയെയും വിളിച്ചു കാര്യം അവതരിപ്പിച്ചു. അവരും ഫുൾ സപ്പോർട്ട്! അങ്ങനെയാണ് അവർ സി. റോസ് ആന്റോയെ വിളിക്കുന്നത്.

മുടി നൽകണം എന്നതിനെ സംബന്ധിച്ച് ആരെ വിളിക്കണം എന്ന കാര്യത്തിൽ അവർക്കു ഒരു സംശയവും ഇല്ലായിരുന്നു. കാരണം കഴിഞ്ഞ ആറ് വർഷമായി വർഷത്തിൽ രണ്ടു പ്രാവശ്യം വീതം മുടി ദാനം ചെയ്യാനുള്ളവരെ കണ്ടെത്തുകയും അത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളാണ് സി. റോസ് ആന്റോ. അമല മെഡിക്കൽ കോളേജിലെ ക്യാൻസർ സെന്ററിന്റെ നേതൃത്വത്തിൽ ധാരാളം ആളുകൾക്ക് വിഗ്ഗ് ഉണ്ടാക്കാൻ മുടി നൽകുവാൻ സിസ്റ്ററിന്റെ  പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിരുന്നു. അങ്ങനെ സെപ്റ്റംബർ ഇരുപതാം തിയതി അമേയമോളുടെ മുടി മുറിച്ചെടുത്തു. മുടി ദാനം ചെയ്തു കഴിഞ്ഞു അമ്മയുടെ കൈപിടിച്ചു തിരിച്ചു നടന്ന അമേയ മോൾക്കു ലോകം മുഴുവൻ കീഴടക്കിയത് പോലെ ഒരു സന്തോഷം. വേദനിക്കുന്ന ഒരാളെ സഹായിക്കാൻ പറ്റിയെല്ലോ എന്ന സന്തോഷം, അതിനു ഒപ്പം നിന്നവരോടുള്ള നന്ദി ഒക്കെ ആ കൊച്ചു മുഖത്ത് മാറി മാറി വരുന്നത് കാണാമായിരുന്നു.

ഇവൾ അമേയ. ‘അളക്കാന്‍ കഴിയാത്തവള്‍’ എന്നാണ് ആ പേരിനര്‍ത്ഥം. അതേ നന്മയും മൂല്യങ്ങളും നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തില്‍ നന്മയുടെ അളക്കാന്‍ പറ്റാത്ത ശ്രോതസായി മാറിയ ഇളം തലമുറക്കാരി.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ