അവള്‍ അയാളുടെ വലം കൈയ്യായി മാറി; അത്യപൂര്‍വ പ്രണയങ്ങളില്‍ ഒന്ന്

ശില്പ  രാജന്‍

രൂപം, നിറം, സമ്പാദ്യം, സാമൂഹിക സ്ഥിതി ഇവയൊക്കെയാണോ ഒരു മനുഷ്യന്റെ വ്യക്തിത്വത്തെ നിര്‍ണയിക്കുക? എന്തിനും ഉപരി കറതീര്‍ന്ന ഒരു മനസ്സ് ഉണ്ടാവുകയല്ലേ വേണ്ടത്? അങ്ങനെ ഒരുപാട് ചോദ്യങ്ങളാണ് നിധിയുടെ മനസിലൂടെ കടന്നു പോയത്. പക്ഷേ എല്ലാറ്റിനും ഒടുവില്‍ അവള്‍ തീരുമാനിച്ചു. തനിക്ക് ശരിയായത് തിരഞ്ഞെടുക്കുകയാണ് പ്രാധാനം എന്ന് നിധി തീര്‍ച്ചപ്പെടുത്തി.

തനിക്ക് വിവാഹം ആയി എന്ന് പറഞ്ഞപ്പോള്‍, അനീഷ്‌ മോഹനോട് പലരും അക്കമിട്ടു ചോദിച്ച, അല്ലെങ്കില്‍ മനസ്സില്‍ കുറിച്ച ചില ചോദ്യങ്ങള്‍ ഉണ്ട്.

“പെൺകുട്ടിക്ക് എന്തെങ്കിലും വൈകല്യം ഉണ്ടോ?”

“മറ്റ് പ്രശ്നങ്ങള്‍ എന്തെങ്കിലും…?” അങ്ങനെ നീളുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ അനീഷിന് ഒരു മറുപടിയേ കൊടുക്കാന്‍ ഉണ്ടായിരുന്നുള്ളു.

“ ഉണ്ട്. ഒരു വൈകല്യമുണ്ട്. ഹൃദയം കൊണ്ട് ചിന്തിക്കുവാനും അതിൽ ഉറച്ചു നിൽക്കാനുമുള്ള മനസ്സ്.”

അപകടത്തില്‍ വലത്തേ കരവും ഒരു കാലും നഷ്ടപ്പെട്ട അനീഷിന്റെയും, തന്റെ തീരുമാനങ്ങളില്‍ ഉറച്ചു നിന്ന നിധിയുടെയും കഥ. ഒപ്പം അവര്‍ വെട്ടി പിടിച്ച നേട്ടങ്ങളുടെയും…അനീഷിന്റെയും നിധിയുടെയും ജീവിതത്തിലൂടെ ലൈഫ്ഡേ നടത്തുന്ന യാത്ര.

എനിക്ക് ഒരു കൂട്ട് വേണം

ജീവിതം വിചാരിച്ച ട്രാക്കില്‍ ഓടി തുടങ്ങിയപ്പോഴാണ്, ഇനി ഒരു കൂട്ട് ആവാം എന്ന ആലോചന അനീഷിന് ഉണ്ടാവുന്നത്. അങ്ങനെ അനീഷ്‌ ഒരു വിവാഹ പരസ്യം ഫേസ്ബുക്കില്‍ കുറിച്ചു. പെണ്‍കുട്ടിക്ക് വേണ്ട ഗുണങ്ങളും ചേര്‍ത്തു. അക്കമിട്ടു തന്നെ!

  • സഹജീവികളോടു സഹാനുഭൂതിയുണ്ടാവണം.
  • ജീവിതത്തിൽ വളരണമെന്നും മറ്റുള്ളവരെ വളർത്തണമെന്നും ആഗ്രഹമുണ്ടാകണം.
  • പഠിക്കാൻ താൽപര്യമുണ്ടാക്കണം (എന്റൊപ്പം പരിശീലന മേഖലയിലേക്ക് കൊണ്ടുവരണം എന്നൊരാഗ്രഹമുണ്ട്, ഇംഗ്ലീഷ് ഭാഷാനൈപുണ്യം, കലാപരമായ കഴിവുകൾ ഉണ്ടെങ്കിൽ നല്ലത്.)
  • സ്ത്രീധനം താൽപര്യമില്ല (സ്ത്രീ തന്നെയാണ് ധനമെന്നാണ് എന്റെ വിശ്വാസം, വൈകല്യം ഉള്ളതുകൊണ്ടല്ല അതിനു മുമ്പേയുള്ള തീരുമാനമാണ്).

ആയിരത്തില്‍ ‘ഒരുവള്‍’

പലരും പഴിക്കുന്ന പുതിയ തലമുറയിലെ പക്വത എത്താത്ത പ്രണയത്തിന്‍റെയോ സ്നേഹത്തിന്‍റെയോ പ്രതീകമല്ല നിധി. മറിച്ചു, പുതിയ തലമുറയിലെ പക്വതയും നന്മയുമുള്ള ഒരു കൂട്ടം ആളുകളുടെ പ്രതീകമാണ്. വളരെ പക്വതയോടെ തന്റെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്താന്‍ കഴിയുന്ന ഒരാളെ തിരഞ്ഞെടുത്ത സ്ത്രീ.

വിവാഹ ആലോചനകള്‍ ക്ഷണിക്കുന്ന കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തത് കോട്ടയം ഗിരിദീപം ബെഥനി സെൻട്രൽ സ്കൂളിലെ അധ്യപികയായ നിധി സുകുമാരനും കണ്ടു. വിവാഹ പരസ്യം കണ്ടതോടെ അനീഷിനോട് താത്പര്യം തോന്നി. കൂടുതല്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ആ ഇഷ്ടം വര്‍ധിച്ചു. അങ്ങനെ തന്റെ തീരുമാനം അവള്‍ വീട്ടുകാരുമായി പങ്കു വയ്ച്ചു. ശാരീരിക വൈകല്യം ഒന്നും തനിക്ക് ഒരു കുറവായി തോന്നുന്നില്ല എന്ന തീരുമാനത്തില്‍ അവള്‍ ഉറച്ചു നിന്നു. ശരീരത്തിന് വൈകല്യം ഉണ്ടെങ്കിലും വ്യക്തിത്വത്തിന് ഒരു വൈകല്യവും ഉണ്ടായിരുന്നില്ല എന്നത് തന്നെയാണ് നിധിയെ അനീഷിലേക്ക് ആകര്‍ഷിച്ചത്.  ജീവിതത്തിനൊപ്പം, പരിശീലന പരിപാടികളിലും  സാമൂഹ്യ പ്രവർത്തനങ്ങളിലും ഒക്കെ നിധി അനീഷിനൊപ്പമുണ്ട്. വിധി വലം കൈ അറുത്തു മാറ്റിയെങ്കിലും അവള്‍ ഇന്ന് അനീഷിനോപ്പം ഉണ്ട്, അയാളുടെ വലം കൈ ആയി!

വഴിത്തിരിവ് ആയ അപകടം

ജീവിതം മാറി മറിയാന്‍ ഒരു ഒറ്റ നിമിഷം മതിയാവും എന്ന് പറയുന്നത് സത്യമാണ്. ഓരോരുത്തരുടെയും ജീവിത്തില്‍ ഉണ്ടാവും ഇത്തരത്തില്‍ ഒരു പ്രത്യേക നിമിഷം. അന്ന് വരെ ഉള്ള വ്യക്തിത്വത്തെ തന്നെ മാറ്റി മറിക്കാന്‍, അല്ലെങ്കില്‍ കൂടുതല്‍ തിളക്കമുള്ളത് ആക്കി മാറ്റാന്‍ കഴിയുന്ന ഒരു നിമിഷം.

ജീവിതത്തിന്റെ ഗതിയെ തന്നെ മാറ്റി മറിക്കാന്‍ കഴിയുന്ന അവിസ്മരണീയമായ മുഹൂര്‍ത്തം.ചിലര്‍ക്ക് ആ മുഹൂര്‍ത്തം ഏറെ മധുരമുള്ളതായിരിക്കും എന്നാല്‍ മറ്റു ചിലര്‍ക്ക് അവ, കൈയ്പ്പേറിയവയും. അനീഷിന്റെ ജീവിതത്തിലും അത്തരം ഒരു നിമിഷം കടന്നു വന്നു. അത് പക്ഷേ ഏറെ കയ്പ്പേറിയ ഒന്ന് ആയിരുന്നു.

തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കുള്ള യാത്രയാണ് എല്ലാറ്റിനും തുടക്കം. അനീഷിന്റെ ജീവിതത്തില്‍ വഴി തിരിവും, വേദനയും, സന്തോഷവും ഒക്കെ പ്രദാനം ചെയ്ത വലിയ അപകടം. കോട്ടയത്ത് എത്തിയപ്പോള്‍ സമയം ഏറെ വൈകി. ഒരല്‍പം വേഗത്തില്‍ നടന്നാല്‍ മാത്രമേ വീട്ടിലേക്കുള്ള അവസാന ബസ്‌ കിട്ടൂ. ട്രെയിനില്‍ നിന്ന് ഇറങ്ങിയ അനീഷ്‌ സമയം കളയാതെ ധൃതിയില്‍ പാലം മുറിച്ചു കടക്കാന്‍ തുടങ്ങി. പക്ഷേ കാലം അയാള്‍ക്കായി കാത്തു വയ്ച്ച കനി ആ റയില്‍ പാളത്തിലായിരുന്നു. കാലില്‍ കെട്ടിയിരുന്ന ബാന്‍ഡേജ് പാളത്തില്‍ കുരുങ്ങി. പിന്നെ എല്ലാം ഒരു ദുഃസ്വപ്നം പോലെയാണ് വന്നത്. കാല് പാളത്തില്‍ നിന്ന് മാറ്റാന്‍ പരമാവധി ശ്രമിച്ചെങ്കിലും അത് വിഫലമായി. കൂകി പാഞ്ഞെത്തിയ തീവണ്ടി അനീഷിന്റെ ഒരു കൈയും ഒരു കാലും കവര്‍ന്നെടുത്തു. അങ്ങനെ 21-ാം വയസ്സില്‍ അയാള്‍ 65% ശാരീരിക വൈകല്യമുള്ള വ്യക്തിയായി മാറി.

തോല്‍ക്കാന്‍ മനസില്ലാതെ

ജീവിതം വലിയ ഒരു വെല്ലുവിളിയാണ് നല്‍കിയത്. എന്നാല്‍ അനീഷ്‌ തന്റെ കുറവുകളെ പഴിച്ചു ജീവിതത്തിന്റെ വലിയ ഒരു ഭാഗം നശിപ്പിക്കാന്‍ ഒരുക്കമല്ലായിരുന്നു. കൃത്രിമ കാലിനും കൈകയ്ക്കും ഒപ്പം കൃത്രിമം തെല്ലും ഇല്ലാത്ത മനസ്സുമായി അയാള്‍ ജീവിതത്തിലേക്ക് വീണ്ടും ചുവടു വയ്ച്ചു. ജീവിതത്തോട് തോറ്റു കൊടുക്കാന്‍ മടി ഇല്ലാത്തതിനാല്‍ തന്നെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയും നേടി. ഒരു ഡയറെക്ട് സെല്ലിങ് കമ്പനിയുടെ ജീവനക്കാരനായി, അവരുടെ ഉത്പന്നങ്ങള്‍ വീടുകൾ തോറും കയറിയിറങ്ങി കച്ചവടം ചെയ്യുന്ന ജോലി ഏറ്റെടുത്തു.

ജീവിതം ഒരു വൈകല്യത്തിന്റെ പേരില്‍ അവസാനിപ്പിക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. തനിക്ക് കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ കഴിയും എന്ന് വിദഗ്ദര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിനെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് 2014-ല്‍ മോടിഫൈ ചെയ്യാത്ത കാര്‍ ഉപയോഗിക്കാനുള്ള അനുമതിയും നേടി. ജീവിതത്തില്‍ ആദ്യമായിയാണ് അനീഷ്‌ ഇത്രയും വേഗത്തില്‍ ഓടി തുടങ്ങിയത്.

‘ഇപ്കായിക്ക്’ ഒപ്പം

അനീഷ് ഇപ്കായ് ഡയറക്ടേഴ്സായ പ്രൊഫ.മാത്യു കണമല, മറ്റു പ്രവര്‍ത്തകര്‍ക്കും ഒപ്പം യു കെയില്‍

ജീവിതം മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നു എങ്കിലും ഇനി എന്ത് എന്ന ഒരു വലിയ ചോദ്യം മുന്നിലുണ്ടായിരുന്നു. അപ്പോഴാണ്‌ പ്രൊഫസര്‍ മാത്യു കണമലയുടെയും അദ്ദേഹത്തിന്റെ ഭാര്യ റീന ജയിംസിന്റെയും വാക്കുകള്‍ ഊര്‍ജം പകരുന്നത്. ദിശ അറിയാതെ വിതുമ്പിയപ്പോള്‍ അദ്ദേഹം ഒന്നേ പറഞ്ഞുള്ളൂ, “രണ്ട്  വര്‍ഷത്തിനുള്ളില്‍ നീ എന്റെ കൂടെ ഇംഗ്ലണ്ടില്‍ വരും. അവിടെ ഒരുപാട് പേര്‍ക്ക് പ്രചോദനം പകരാന്‍ നിനക്ക് കഴിയും.” ആ വാക്കുകള്‍ പകര്‍ന്ന ആത്മവിശ്വാസത്തില്‍ അനീഷ്‌ മുന്നോട്ടു നീങ്ങി.

പിന്നീടുള്ള ഓരോ പുലരിയും സന്തോഷത്തോടെ വരവേറ്റപ്പോഴാണ്, തന്നെ പോലെ അംഗവൈകല്യം സംഭവിച്ച അനേകര്‍ക്കായി തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന തോന്നല്‍ ഉണ്ടായത്. അങ്ങനെ 2013-ല്‍ അനീഷ്  കോട്ടയം കഞ്ഞിക്കുഴി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൽ സെന്റർഡ് അപ്രോച്ചസ് ഇൻ ഇന്ത്യ (IPCAI- ഇപ്കായ്) എന്ന

പരിശീലന കൗൺസിലിംഗ് സംഘടനയുടെ ഭാഗമായി. പ്രൊഫ.മാത്യു കണമല, ഭാര്യ റീന ജയിംസ് എന്നിവരാണ് ഇപ്കായ് യുടെ ഡയറക്ടേഴ്സ്. ഭിന്നശേഷിക്കാരുടെ ഉന്നമനം കൂടി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഇപ്കായ്.  പ്രൊഫ. മാത്യു പറഞ്ഞതിലും വേഗത്തില്‍, അതായത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ അദേഹത്തോടൊപ്പം അനീഷിന് ഇംഗ്ലണ്ടില്‍ പോകുവാന്‍ സാധിച്ചു. അനേകര്‍ക്ക് ചിരിയും ഊര്‍ജവും പകരാന്‍ അനീഷിനു സാധിച്ചു.

അനേകര്‍ക്ക് പ്രചോദനം പകരുന്ന ഒരു മോട്ടിവേഷണല്‍ സ്പീകര്‍ കൂടിയാണ് അദേഹം. യു. കെ. ആസ്ഥാനമാക്കി ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘ഡൈമെൻഷൻസ് (Dimensions)’ എന്ന അന്തർദേശീയ സംഘടനയുടെ ഇന്ത്യയിലെ ശാഖയായ ‘ഇപ്കായ്യു’ടെ നാഷണൽ കോ-ഓർഡിനേറ്ററായി പ്രവര്‍ത്തിക്കുകയാണ് അനീഷ്‌ ഇപ്പോള്‍. ഇനിയും അനേകരുടെ ജീവിതത്തില്‍ പ്രകാശം പകരാന്‍ ഈ ദമ്പതികള്‍ക്ക് സാധിക്കട്ടെ.

ശില്പ രാജന്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ