ദൈവദാസന്‍ മാര്‍ ഈവാനിയോസ് ഓര്‍മ്മപ്പെരുന്നാള്‍ നാളെ സമാപനം

തിരുവനന്തപുരം: ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 65-ാം ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നാളെ സമാപനം. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ വൈകിട്ട് അഞ്ചിന് കബറില്‍ എത്തിച്ചേര്‍ന്നിരുന്നു.

റാന്നി പെരുന്നാട്ടില്‍ നിന്നും ആരംഭിച്ച പ്രധാന പദയാത്രാ സംഘവും ജന്മഗൃഹമായ മാവേലിക്കര, തിരുവല്ല, മൂവാറ്റുപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള പദയാത്രികരും ഇന്നലെ രാവിലെ പിരപ്പന്‍കോട് വച്ച് പ്രധാന പദയാത്രയോട് ചേര്‍ന്ന് ഗുഡ്ഗാവ്, പൂന ഭദ്രാസനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും മാര്‍ത്താണ്ഡം, പാറശ്ശാല രൂപതാ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച പദയാത്രകളുമാണ് കബറിടത്തില്‍ എത്തിച്ചേര്‍ന്നത്. തീര്‍ത്ഥാടകര്‍ കബറിടത്തില്‍ എത്തിച്ചേര്‍ന്ന ഉടന്‍ സന്ധ്യാ പ്രാര്‍ത്ഥന നടന്നു. തുടര്‍ന്ന് സഭാതല സുവിശേഷ സംഘാംഗങ്ങളുടെ കൈവയ്പ്പ് ശുശ്രൂഷ നടന്നു. 6.30-ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന മെഴുകുതിരി പ്രദക്ഷിണം. പള്ളിയില്‍ നിന്നുമാരംഭിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ കവാടം വഴി കാതോലിക്കേറ്റ് സെന്റര്‍, സെന്റ് മേരീസ് സ്‌കൂള്‍ ഗേറ്റ് വഴി മെയിന്‍ റോഡില്‍ ഇറങ്ങി കത്തീഡ്രല്‍ ഗേറ്റുവഴി കബറിന്റെ മുന്നിലെത്തിച്ചേര്‍ന്നു. തുടര്‍ന്ന് കത്തീഡ്രല്‍ ബാല്‍ക്കണിയില്‍ നിന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരും തീര്‍ത്ഥാടകര്‍ക്ക് ശ്ലൈഹിക ആശിര്‍വാദം നല്‍കും.

ഓര്‍മ്മപ്പെരുന്നാളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ജര്‍മ്മനിയിലെ കൊളോണ്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ റയ്‌നര്‍ മരിയ വോള്‍ക്കി ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ചേരും. വൈകിട്ടു നടക്കുന്ന മെഴുകുതിരി പ്രദക്ഷിണത്തിലും ശ്ലൈഹിക ആശിര്‍വാദത്തിലും നാളെ നടക്കുന്ന ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും. നാളെ രാവിലെ എട്ടിന് കര്‍ദ്ദിനാള്‍ വോള്‍ക്കിക്ക് സെന്റ് മേരീസ് കത്തീഡ്രല്‍ ഗേറ്റില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഔദ്യോഗികമായ വരവേല്‍പ്പ് നല്‍കും.

തുടര്‍ന്ന് കബറിടത്തില്‍ നിന്നും പ്രധാന മദ്ബഹായിലേക്ക് പ്രദക്ഷിണം ആരംഭിക്കും. 8.30-ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കുര്‍ബാന ആരംഭിക്കും. കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കി വചന സന്ദേശം നല്‍കും. സഭയിലെ മെത്രാപ്പോലീത്താമാരും അഞ്ഞൂറോളം വൈദികരും സഹകാര്‍മ്മികരായിരിക്കും. കുര്‍ബാനയ്ക്കുശേഷം പ്രശസ്ത സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ ദൈവദാസന്‍ മാര്‍ ഈവാനിയോസിനെക്കുറിച്ച് ഗാനമാലപിക്കും. തുടര്‍ന്ന് കബറിടത്തില്‍ ധൂപ പ്രാര്‍ത്ഥനയും നേര്‍ച്ചയും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply