ഇവാഞ്ചലൈസേഷന്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് പ്രൊട്ടാ സെറുംഗുംബ മിഷന്‍ കോണ്‍ഗ്രസില്‍

മിഷന്‍ കോണ്‍ഗ്രസിന്റെ രണ്ടാം ദിനത്തില്‍ വത്തിക്കാനിലെ സുവിശേഷവത്ക്കരണ കമ്മീഷന്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് പ്രൊട്ടാ സെറുംഗുംബ വല്ലാര്‍പാടം ബസിലിക്കയിലെത്തി സമൂഹ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കാര്‍മികത്വം വഹിക്കും.

മിഷന്‍ കോണ്‍ഗ്രസ് – ബിസിസി കണ്‍വന്‍ഷന്‍ 2017-ന്റെ രണ്ടാം ദിനമായ ഒക്‌ടോബര്‍ ഏഴിന് വരാപ്പുഴ, ആലപ്പുഴ, കൊച്ചി, കോട്ടപ്പുറം എന്നീ നാലുരൂപതകളിലെ 22 സെന്ററുകളിലാണ് സംഗമം നടക്കുക. പ്രത്യേക യോഗങ്ങളും ചര്‍ച്ചകളും പ്രാര്‍ത്ഥനകളും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഓരോ സെന്ററുകളിലും നടക്കും.

ആലപ്പുഴ രൂപതയിലെ കണ്ടക്കടവ്, മാനാശ്ശേരി, കൊച്ചി രൂപതയിലെ ഫോര്‍ട്ടുകൊച്ചി ബസിലിക്ക, ഫോര്‍ട്ടുകൊച്ചി വെളി, ഇടക്കൊച്ചി, മുണ്ടംവേലി, പള്ളുരുത്തി, കോട്ടപ്പുറം രൂപതയിലെ കോട്ടപ്പുറം, ഗോതുരുത്ത്, പള്ളിപ്പുറം, വരാപ്പുഴ അതിരൂപതയിലെ തൈക്കൂടം, തോട്ടക്കാട്ടുകര, കാക്കനാട്, പെരുമാനൂര്‍, കലൂര്‍, വടുതല, കൂനമ്മാവ്, മഞ്ഞുമ്മല്‍, വരാപ്പുഴ, ചേരാനല്ലൂര്‍, എടവനക്കാട്, ഓച്ചന്തുരുത്ത് വളപ്പ് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട സംഗമ കേന്ദ്രങ്ങള്‍. ഓരോ കേന്ദ്രങ്ങളിലും 200 പ്രതിനിധികള്‍ വീതം സംഗമിക്കും. സമ്മേളന വേദികള്‍ക്ക് മിഷണറിമാരായ 22 മഹത് വ്യക്തികളുടെ നാമധേയമാണ് നല്‍കിയിരിക്കുന്നത്. 22 കേന്ദ്രങ്ങളിലും ഒരേ രീതിയിലുള്ള ചര്‍ച്ചകളും പഠനങ്ങളുമായിരിക്കും നടക്കുക.

രാവിലെ 9.30-ന് പ്രാര്‍ത്ഥനാ ശുശ്രൂഷയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കുകയും തുടര്‍ന്ന് രണ്ടാം ദിനത്തിന്റെ ഉദ്ഘാടന കര്‍മങ്ങളും ഓരോ സെന്ററിലും നടക്കും. ‘ബിസിസികളിലൂടെ സജീവമാകുന്ന ഇടവക’, ‘ശുശ്രൂഷകളിലൂടെ സജീവമാകുന്ന ബിസിസി’ എന്നീ വിഷയങ്ങളായിരിക്കും പഠനത്തിനും വിചിന്തനത്തിനും വിധേയമാക്കുക. ബിസിസി പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ശക്തിപ്പെടുത്താം എന്നതായിരിക്കും ഗ്രൂപ്പുചര്‍ച്ചയുടെ വിഷയം. തുടര്‍ന്ന് പൊതുചര്‍ച്ചയ്ക്കു ശേഷം 12.45-ന് പ്ലീനറി സെഷന്‍ ആരംഭിക്കും.

ഉച്ചയ്ക്കുശേഷം 2.30-ന് മിഷന്‍ കോണ്‍ഗ്രസിന്റെ പ്രധാന വേദിയായ വല്ലാര്‍പാടം ബസിലിക്കയില്‍ അര്‍പ്പിക്കുന്ന പൊന്തിഫിക്കല്‍ സമൂഹ ദിവ്യബലിക്ക് വത്തിക്കാനിലെ ഇവാഞ്ചലൈസേഷന്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് പ്രൊട്ടാ സെറുഗുംബ മുഖ്യകാര്‍മികത്വം വഹിക്കും. കേരള ലത്തീന്‍ സഭാ പിതാക്കന്മാരും ഭാരതത്തിലെ വിവിധ രൂപതകളില്‍ സേവനമനുഷ്ഠിക്കുന്ന മെത്രാന്മാരും മുഖ്യസഹകാര്‍മികരായിരിക്കും. വൈകിട്ട് ആറിന് പ്രതിനിധികള്‍ രൂപതകളിലെ വിവിധ ഇടവകകളിലെ കുടുംബയൂണിറ്റുകള്‍ സന്ദര്‍ശിച്ച് കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവയ്ക്കും. നാലായിരം കുടുംബയൂണിറ്റുകളില്‍ നാലായിരം പ്രതിനിധികള്‍ ഒരേ സമയം പങ്കെടുത്ത് ആശയവിനിമയം നടത്തുന്നത് കേരള സഭാചരിത്രത്തിലെ പുതിയ അനുഭവമായിരിക്കും. പങ്കാളിത്തസഭ സുവിശേഷ പ്രഘോഷണത്തിനും സാക്ഷ്യത്തിനുമെന്ന ആശയത്തിന്റെ സാക്ഷാത്ക്കാരമായിരിക്കും കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്നതുവഴി പ്രതിനിധികള്‍ പങ്കുവയ്ക്കുന്നത്. മിഷന്‍ കോണ്‍ഗ്രസ് – ബിസിസി കണ്‍വന്‍ഷന്‍ – 2017 ന്റെ ചെയര്‍മാന്‍ ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ നേതൃത്വത്തില്‍ ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

വരാപ്പുഴ, ആലപ്പുഴ, കൊച്ചി, കോട്ടപ്പുറം രൂപതകളിലെ വിവിധ ഇടവകകളിലായി നാലായിരം ഭവനങ്ങളാണ് പ്രതിനിധികളെ സ്വീകരിക്കാന്‍ ഒരുങ്ങിയിട്ടുള്ളത്. ഈ ഭവനങ്ങളിലായിരിക്കും പ്രതിനിധികളുടെ താമസവും ഭക്ഷണവും ക്രമീകരിച്ചിട്ടുള്ളതെന്ന് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ അറിയിച്ചു.

കേരളസഭയ്ക്കിന്ന് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും ആ സൗകര്യങ്ങളില്‍ നിന്നുകൊണ്ട് സ്വര്‍ഗ്ഗോന്മുഖമായ ജീവിത സാക്ഷ്യങ്ങളും ഫലങ്ങളും പുറപ്പെടുവിക്കാന്‍ സഭാവിശ്വാസികള്‍ക്ക് സാധ്യമാകുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതോടൊപ്പം സാമൂഹ്യമായും സാംസ്‌ക്കാരികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ആത്മീയമായും പിന്നാക്കം നില്‍ക്കുന്ന സഹോദരങ്ങളെക്കൂടി വികസന മുന്നേറ്റത്തില്‍ പങ്കാളികളാക്കുക എന്ന മഹത്തായ ലക്ഷ്യമാണ് മിഷന്‍ കോണ്‍ഗ്രസ് ബിസിസി കണ്‍വന്‍ഷന്‍ – 2017 ലൂടെ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ലക്ഷ്യം വയ്ക്കുന്നത്.

ജെസി ചാത്യാത്ത്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ