അർജന്റീനയുടെ ഓസ്കാർ റൊമേറോ – എൻറിക്ക് ഏഞ്ചലെല്ലി 

അർജന്റീനയുടെ ഓസ്കാർ റൊമേറോ ആയ എൻറിക്ക് ഏഞ്ചലെല്ലിയയുടെ രക്തസാക്ഷിത്വം ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചു. ശനിയാഴ്ച്ച വത്തിക്കാനില്‍ വച്ചാണ്  പപ്പാ, എൻറിക്ക് ഏഞ്ചലെല്ലി വിശ്വാസത്തിനു വേണ്ടി മരണം വരിച്ച ആളാണെന്ന് സ്ഥിരീകരിച്ചത്.

1976-ല്‍ സൈനിക ഭീകരതയില്‍  കൊല്ലപ്പെട്ട  കത്തോലിക ബിഷപ്പാണ് എൻറിക്ക് ഏഞ്ചലെല്ലി. ഒരു കാര്‍ അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പട്ടത് എന്നാണ് പട്ടാള ഭരണകൂടം അന്ന് പറഞ്ഞിരുന്നത്.

കുര്‍ബാനയ്ക്കിടയില്‍ കൊല്ലപ്പെട്ട എൽ സാൽവദോറിലെ ആർച്ച് ബിഷപ്പ് ഓസ്കാര്‍  റൊമേറൊയെ  രക്തസാക്ഷിയായി പ്രഖ്യാപിച്ചതോടെയാണ് അതേ കാലയളവില്‍ കൊല്ലപ്പെട്ട മറ്റ് ലാറ്റിൻ അമേരിക്കൻ രക്തസാക്ഷികള്‍ക്ക് വിശുദ്ധ പാതയിലേക്കുള്ള പ്രവേശനം തുറന്നുകിട്ടിയത്. ഒക്ടോബർ 14 നാണ്  ഇത് സംബന്ധിച്ച  ഔദ്യോഗിക പ്രഖ്യാപനം.

എൻറിക്ക് ഏഞ്ചലെല്ലി: പ്രവര്‍ത്തനത്തിന്റെ വഴിയെ 

1923- ല്‍ ഇറ്റാലിയന്‍ കുടിയേറ്റക്കാരുടെ മകനായി അര്‍ജെന്റിനയില്‍ ജനിച്ച  ഏഞ്ചലെല്ലി 15-ആം വയസ്സിലാണ് സെമിനാരിയില്‍ ചേരുന്നത്. 1949-ല്‍ വൈദീകനായി സ്ഥാനമേറ്റ അദ്ദേഹം തന്റെ കൂടുതല്‍ സമയവും കോര്‍ടോബയിലെ യുവജനപ്രസ്ഥാനങ്ങള്‍ക്കൊപ്പം ചിലവിട്ടു.

കോര്‍ടോബയിലെ ചേരികളിലെ ആളുകളും അവരുടെ ദുരിതപൂര്‍ണമായ ജീവിതവുമൊക്കെ അദ്ദേഹത്തെ വല്ലാതെ  സ്വാധീനിച്ചു. 1960-ല്‍  കോര്‍ടോബയിലെ രൂപതയുടെ സഹായ മെത്രാനായി സ്ഥാനകയറ്റം ലഭിച്ച അദ്ദേഹം തൊഴിലാളി യൂണിയൻ സംഘർഷങ്ങളിൽ  ഇടപെടുകയും തുടര്‍ന്ന് അറസ്റ്റിലാവുകയും ചെയ്തു. ഏറെ സംഘര്‍ഷപൂര്‍ണമായ ജീവിതത്തില്‍ അദ്ദേഹതിന്റെ ഭരണസംവിധാനത്തിലുള്ള അതൃപ്തിയും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

വിപ്ലവ നായകന്‍ 

സൈനിക ഏകാധിപത്യത്തിന്റെ അധികാര-ദുര്‍വിനിയോഗത്തെയും  പരസ്യമായി വെല്ലുവിളിച്ച എൻറിക്ക് ഏഞ്ചലെല്ലി എന്നും അനീതികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തിയിരുന്നു. സൈന്യവുമായുള്ള വിയോജിപ്പുകള്‍ക്ക് പുറമേ അദ്ദേഹത്തിന് വിശ്വാസത്തിലുള്ള  ഉറച്ച ബോധ്യമാണ് കൊലയാളികളെ ചൊടിപ്പിച്ചത്. പാപ്പയുടെ സ്വന്തം നാട്ടിലെ ആളുകള്‍ ഇദ്ദേഹത്തെ നേരത്തെ തന്നെ  വിശുദ്ധനായി സ്വീകരിച്ചിരുന്നു.  1976-ല്‍ നടന്ന ഒരു അപകടം എന്ന ധാരണയില്‍ എല്ലാവരും ആ മരണത്തെ കൈക്കൊണ്ടെങ്കിലും കൊലപാതകം എന്ന് പിന്നീട് തെളിയുകയായിരുന്നു.

എൻറിക്ക് ഏഞ്ചലെല്ലി തന്റെ മരണം നേരത്തെ അറിഞ്ഞിരുന്നതായും, തന്റെ ഊഴമാണ് അടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നതായി അദ്ദേഹവുമായി ഏറെ അടുപ്പമുള്ളവര്‍ പറഞ്ഞിരുന്നു.

വിശ്വാസത്തെയും സാമൂഹിക ബോധത്തെയും മുറുക്കിപിടിച്ചിരുന്ന അദ്ദേഹത്തിന്റെ കൊലപാതകം ഒരു പക്ഷേ ശത്രുക്കള്‍ക്ക് ലജ്ജ ഉളവാക്കുന്ന  ഒന്നാണ്. മരണത്തിനു പോലും തോല്‍പ്പിക്കാനാവാത്ത ആ നന്മയ്ക്ക് മുമ്പില്‍ അവര്‍ നാണിച്ചേ മതിയാകൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ