
യുഎസിന്റെ തെക്കുപടിഞ്ഞാറ് പ്രദേശങ്ങള്‍ തീയിലമരുമ്പോള്, അതിന് ഇരയായവര്‍ക്ക് സഹായഹസ്തമേകി പ്രാദേശിക രൂപതകള്‍.
കാട്ടുതീയില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും അവര്‍ക്ക് പ്രാര്‍ത്ഥനയും താങ്ങുമായി നില്ക്കുന്ന വോളന്റിയര്‍മാര്‍ക്കും വേണ്ടി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്ന് സാന്റാ ഫെയുടെ ആര്‍ച്ച് ബിഷപ്പ് ജോണ്‍ സി. വെസ്റ്റര്‍ പറഞ്ഞു. ഈ അത്യാഹിതത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്കൊപ്പം സാന്താ ഫെയുടെ അതിരൂപത പ്രാര്‍ത്ഥനയും മറ്റു സഹായങ്ങളുമായി കൂടെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
മെയ് 31-ഓടെ ആരംഭിച്ച കാട്ടുതീ ന്യു മെക്സിക്കോയിലെ യൂട്ട് പാര്‍ക്കിന്റെ 36,000 ഏക്കര്‍ പ്രദേശങ്ങളെയാണ് ബാധിച്ചത്. ജനവാസം ഏറെയുള്ള ഈ മേഖലയില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ സിമറോണ്‍ നഗരത്തിലും അതിനു ചുറ്റുമായി പലായനം ചെയ്തു. നിര്‍ബന്ധിതമായി പ്രദേശവാസികളെ ഒഴിപ്പിക്കുന്ന സാഹചര്യത്തില്‍ ആര്‍ച്ച് ബിഷപ്പ് വെസ്റ്റര്‍ അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക അഭയകേന്ദ്രവും പ്രാര്‍ത്ഥനയും ചൊരിഞ്ഞുകൊണ്ട് ഒപ്പം നിന്നു.
രൂപതയുടെ സഹായം ഏറെ ആശ്വാസകരമാണെന്നും, ഇത്തരം ഒരു കെടുതിയില്‍ ജീവഹാനി ഒന്നും തന്നെ ഉണ്ടാവാത്തതില്‍ സമാധാനം ഉണ്ടെന്നും രൂപതയുടെ വികസന ഡയറക്ടറായ മിഷേല്‍ ഹില്‍ പ്രതികരിച്ചു.