ജപമാലയിലൂടെ, രാജ്യത്തെ മാതാവിന് സമര്‍പ്പിക്കാന്‍ ഒരുങ്ങി ഓസ്ട്രേലിയ

ജപമാലയിലൂടെ, രാജ്യത്തെ മാതാവിന് സമര്‍പ്പിക്കുവാന്‍ തയ്യാറെടുക്കുകയാണ് ഓസ്ട്രേലിയയിലെ കത്തോലിക്കര്‍.
മേയ് പതിമൂന്നാം തിയതി ഞായറാഴ്ച്ച ഓസ്ട്രേലിയയില്‍ നടക്കുന്ന ജപമാല യജ്ഞത്തില്‍ പതിനായിരക്കണക്കിനാളുകള്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ വിശ്വസിക്കുന്നു. ഓസ് റോസറി # 53  എന്ന പേരില്‍ അറിയപ്പെടുന്ന ഈ ജപമാല യജ്ഞം പോളണ്ടിലും അയര്‍ലണ്ടിലും യുകെയിലും നടന്ന ജപമാല യജ്ഞത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഫാത്തിമായിലെ പ്രത്യക്ഷീകരണത്തിന്റെ നൂറ്റി ഒന്നാം വാര്‍ഷികമാണ് മേയ്‌ പതിമൂന്നാം തിയതി ആഘോഷിക്കുക. ഈ അവസരത്തില്‍ തന്നെ ,മാതാവിന് രാജ്യത്തെ സമര്‍പ്പിക്കുക എന്നത് ഉചിതമാണ് എന്ന്  ഓസ് റോസറി # 53 യുടെ സംഘാടകര്‍ അഭിപ്രായപ്പെട്ടു . ജപമാല വഴിയായി മാതാവിന്റെ വിമല ഹൃദയത്തിലൂടെ രാജ്യത്തെ ഈശോയ്ക്ക് സമര്‍പ്പിക്കുകയാണ്. 2017  ല്‍ പോളണ്ടില്‍ നടന്ന റോസറി ഓണ്‍ ബോര്‍ഡെഴ്സില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പരിപാടി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചത് എന്ന് ഓസ് റോസറി # 53 യുടെ സംഘാടക ജാനേ ചിഫ്‌ളേ ആവർത്തിച്ചു.

ജപമാല യജ്ഞത്തെക്കുറിച്ചും അതിന്റെ സ്ഥലങ്ങളെക്കുറിച്ചും നടത്തിയ അറിയിപ്പിന് ലഭിച്ച പ്രതികരണം സംഘാടകരെ അത്ഭുതപ്പെടുത്തിയിരുന്നു. 220 സ്ഥലങ്ങളില്‍ നിന്നായിട്ടാണ് ജപമാല ആരംഭിക്കുക. അതില്‍ ഒന്ന് ഓസ്ട്രേലിയയിലെ പ്രശസ്തമായ ഹാര്‍ബര്‍ പാലമാണ്. ഓസ്ട്രേലിയയിലെ ഇടവകകള്‍ ഈ പരിപാടിയില്‍ പൂര്‍ണ്ണമായ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട് . പലസ്ഥലത്തും ഇടവക വൈദികര്‍ തന്നെയാണ് ജപമാലയ്ക്ക് നേതൃത്വം നല്‍കുക.

സിഡ്നിയിലെ ബിഷപ്പ് എമിരിറ്റസ് ഡേവിഡ് ക്രേമിന്‍ ആണ് ഈ പരിപാടിക്ക് അംഗീകാരം നല്‍കിയത്. മറ്റു ബിഷപ്പുമാര്‍ തങ്ങളുടെ സൈറ്റുകളിലൂടെയും മറ്റും ഈ ക്യാമ്പയിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, വി. പാദ്രെ പിയോ, വി. മേരി മക്കിലൊപ് എന്നിവരാണ്  ഓസ് റോസറി # 53 യുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ