നേപ്പാളിനായി കൈകോര്‍ത്ത് ബാംഗ്ലൂര്‍

2015 ഏപ്രില്‍ 25 നാണ് ലോകത്തെ മുഴുവന്‍ നടുക്കികൊണ്ടുള്ള ദുരന്തം നേപ്പാളിനെ തകര്‍ത്തു കളയുന്നത്. ആര്‍ത്തുലച്ചു വന്ന ഭൂമികുലുക്കത്തില്‍ നേപ്പാളിനു സ്വന്തം എന്ന് കരുതിയതൊക്കെ നഷ്ടപ്പെട്ടു. എല്ലാം അവസാനിച്ചു എന്ന് കരുതിയ നേപ്പാളിനെ ദുരന്തത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തുവാനായി ലോകരാഷ്ട്രങ്ങള്‍ ഓടിയെത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി സംഘടനകള്‍ നേപ്പാളിന്റെ സഹായത്തിനെത്തി. അന്ന് വിവിധ സംഘടനകളെ ചേര്‍ത്തുവച്ച് ഇന്ത്യയില്‍ നിന്ന് രൂപപ്പെടുത്തിയ ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണ് ബാംഗ്ലൂര്‍ കെയേഴ്‌സ് ഫോര്‍ നേപ്പാള്‍.

പ്രൊജക്റ്റ് വിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബാംഗ്ലൂര്‍ കെയേഴ്‌സിന്റെ പ്രവര്‍ത്തങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അനുജന്‍ കൂടിയായ ഫാ. ജോര്‍ജ്ജ് കണ്ണന്താനം ലൈഫ് ഡേയോട് പങ്കുവയ്ക്കുന്നു.

ബാംഗ്ലൂര്‍ കെയേഴ്‌സ് ഫോര്‍ നേപ്പാള്‍

നേപ്പാളിനെ ദുരന്തത്തില്‍ നിന്നു കൈപിടിച്ചുയര്‍ത്തുവാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ മുന്നിട്ടിറങ്ങി. ഇന്ത്യയില്‍നിന്നും പല സംഘടനകള്‍ സഹായങ്ങളുമായി നേപ്പാളിലേക്ക് യാത്ര ചെയ്തു. ഭൂചലനത്തിന്റെ വാര്‍ത്ത കേട്ട ഉടനെ പ്രോജക്റ്റ് വിഷന്റെ നേതൃത്വം വഹിക്കുന്ന ഫാ. ജോര്‍ജ്ജ് കണ്ണന്താനവും മി. സിബു ജോര്‍ജ്ജും നേപ്പാളിലെത്തി. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എത്രത്തോളം സാധ്യതകള്‍ ഉണ്ടെന്ന് കണ്ടെത്തുവാനായിരുന്നു ആ യാത്ര. അവിടുത്തെ ദുരിതങ്ങള്‍ കണ്ടു മനസലിഞ്ഞ അവര്‍ നേപ്പാളിന്റെ വീണ്ടെടുപ്പിനായി തങ്ങളെക്കൊണ്ട് ആവുന്നതൊക്കെ ചെയ്യുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

2004 – ല്‍ സുനാമി ഉണ്ടായപ്പോഴും കര്‍ണാടകയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും അവിടെയൊക്കെ സഹായഹസ്തവുമായി ഓടിയെത്തുവാന്‍ പ്രൊജക്റ്റ് വിഷന് കഴിഞ്ഞിരുന്നു. അവിടെ പല സംഘടനകളിലായുള്ളവരെ ഒന്നിച്ചു ചേര്‍ത്തായിരുന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതേ ആശയം തന്നെ ഇവിടെയും സ്വീകരിക്കുന്നത് ഉചിതമായിരിക്കും എന്ന് തോന്നി. അതിനാല്‍ ബാംഗ്ലൂരിന്റെ പലഭാഗങ്ങളിലുള്ള ആളുകളെ ഒരുമിച്ചുകൂട്ടി. അവരില്‍ നിന്നും നേപ്പാള്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനായി താല്‍പര്യം ഉള്ള ആളുകളെയും സംഘടനകളെയും സ്ഥാപനങ്ങളെയും ചേര്‍ത്ത് രൂപം നല്‍കിയ സന്നദ്ധ സംഘടനയാണ്  ബാംഗ്ലൂര്‍ കെയേഴ്‌സ് ഫോര്‍ നേപ്പാള്‍.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകളുടെ സഹകരണത്തിലൂടെ നേപ്പാളിന്റെ പുനരുദ്ധാരണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ബാംഗ്ലൂര്‍ കെയേഴ്‌സ്.

പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു 

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവരെ ഒരുമിച്ചുകൂട്ടി ബാംഗ്ലൂര്‍ കെയേഴ്‌സ് ഫോര്‍ നേപ്പാള്‍ ആരംഭിച്ചു. തുടക്കത്തിലെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രയാസമേറിയതായിരുന്നു. കാരണം ലഭ്യമായ സ്രോതസുകളെക്കാള്‍ ഇരട്ടിയായിരുന്നു അതിന്റെ ആവശ്യകത. ആ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കടന്നു ചെല്ലാത്ത നഗരത്തിനു പുറത്തുള്ള ഭാഗങ്ങള്‍ ഇവര്‍ തിരഞ്ഞെടുത്തു. അവിടെയുള്ള ജനങ്ങളെ പുതിയ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുള്ള ശ്രമങ്ങളായിരുന്നു  ബാംഗ്ലൂര്‍ കെയേഴ്‌സ് ഫോര്‍ നേപ്പാളിന്റേത്.

തകര്‍ന്നു തുടങ്ങിയ ചേരികളെ ഭൂകമ്പത്തിന്റെ ആഘാതങ്ങളില്‍ നിന്ന് കൈപിടിച്ചുയര്‍ത്തുക മാത്രമായിരുന്നില്ല അവര്‍ അവിടെ ചെയ്തത്. അവര്‍ക്ക് പുതിയൊരു ജീവിതം കൂടി നല്‍കുകയായിരുന്നു. അവര്‍ക്കിടയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനായി ബാംഗ്ലൂര്‍ കെയേഴ്‌സ് ഫോര്‍ നേപ്പാളിന്റെ പ്രവര്‍ത്തനങ്ങളെ അഞ്ചു മേഖലകളിലേയ്ക്ക് കേന്ദ്രീകരിക്കുവാന്‍ അവര്‍ തീരുമാനിച്ചു. അടിയന്തിര സഹായം, അഭയസ്ഥാനം ഉറപ്പാക്കുക, കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, വീടുവച്ചു നല്‍കുക, അവര്‍ക്കിടയില്‍ തന്നെ സന്നദ്ധ പ്രവര്‍ത്തനം വളര്‍ത്തുക എന്നിവയായിരുന്നു ആ അഞ്ചു മേഖലകള്‍.

അടിയന്തിര സഹായം 

ഭൂചലനം നടന്നതിന്റെ അടുത്ത ദിവസങ്ങളില്‍ തന്നെ അവര്‍ അവിടെയെത്തി. സാഹചര്യങ്ങള്‍ വിലയിരുത്തി എന്തൊക്കെ അവിടെ ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് ഒരു പദ്ധതി ഉണ്ടാക്കി. ഭക്ഷണം, വെള്ളം, മരുന്ന്  തുടങ്ങിയവ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൂടാതെ ഒറ്റപ്പെട്ടുപോയവരെ അവരുടെ ബന്ധുക്കളുമായി ബന്ധപ്പെടുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കി. തുടര്‍ന്ന് കല്‍ക്കട്ട റോട്ടറി ക്ലബിന്റെ സഹായത്തോടെ 100 ഷെല്‍ട്ടര്‍ ബോക്‌സുകള്‍ അവിടെ എത്തിക്കുവാന്‍  ബാംഗ്ലൂര്‍ കെയേഴ്‌സിനു കഴിഞ്ഞു.

ഒരു ഷെല്‍ട്ടര്‍ ബോക്‌സില്‍ 51  സാധനങ്ങളാണ് ഉണ്ടായിരുന്നത്. വസ്ത്രങ്ങള്‍, ആഹാര സാധനങ്ങള്‍, രണ്ടു ടാര്‍പോളിന്‍, ആഹാരം പാകം ചെയ്യുന്നതിനാവശ്യമായ പാത്രം തുടങ്ങി ഒരു കുടുംബത്തിനു കഴിയാനുള്ള അടിസ്ഥാനപരമായ സാധനങ്ങള്‍ എല്ലാം അടങ്ങിയ ഒരു ബോക്‌സാണ് ഷെല്‍റ്റര്‍ ബോക്‌സ്. പല ഗ്രാമങ്ങളിലേയ്ക്കും ഉള്ള റോഡുകള്‍ ഭൂകമ്പത്തില്‍ തകര്‍ന്നിരുന്നു. തകര്‍ന്ന റോഡുകള്‍ക്കിടയിലൂടെ  ദിവസങ്ങളോളം  യാത്രചെയ്താണു ഷെല്‍ട്ടര്‍ ബോക്‌സുകള്‍ ആവശ്യക്കാരിലേയ്ക്ക് എത്തിച്ചത്. ദുരന്തം നടന്നതിന്റെ പതിനഞ്ചാം ദിവസം മുതല്‍ വിവിധ സഹായങ്ങള്‍ നേപ്പാള്‍ ജനത്തിനു എത്തിക്കുവാന്‍ ബാംഗ്‌ളൂര്‍ കെയേഴ്‌സ് ഫോര്‍ നേപ്പാളിനു കഴിഞ്ഞു.

ഭൂചലനത്തില്‍ ഏകദേശം എട്ടു ലക്ഷത്തോളം കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. നിരവധി ആളുകള്‍ തുറസായ സ്ഥലങ്ങളില്‍ കഴിയുവാന്‍ നിര്‍ബന്ധിതരായിരുന്നു. അങ്ങനെയുള്ള ആയിരത്തോളം പേര്‍ക്കായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച രണ്ടായിരത്തോളം ടാര്‍പോളിന്‍ എത്തിക്കുവാന്‍ കഴിഞ്ഞു. അതിനു സഹായഹസ്തവുമായി സെന്റ് സേവ്യേഴ്‌സ് കോളജും യോഗ്ദാന്‍ ഫൌണ്ടേഷനും വാച്ച് നേപ്പാളും ഒപ്പം ചേര്‍ന്നു.

ടാര്‍പോളിന്‍ ഷീറ്റുകള്‍ ഉപയോഗിച്ച്  താല്‍ക്കാലികമായ ഷെഡുകളാണ് നിര്‍മ്മിച്ചത്. അവ അധികം നാള്‍ നീണ്ടു നില്‍ക്കുന്നവയല്ല. മണ്‍സൂണ്‍ കാലം തുടങ്ങുന്നതോടെ അവ ഉപയോഗ ശൂന്യമായി മാറും. അതിനാല്‍ ബംഗ്ലൂര്‍ കേയെഴ്‌സും അതിന്റെ സഹകാരികളും ചേര്‍ന്ന് 450 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുവാന്‍ തീരുമാനിച്ചു. ഈ വീടുകള്‍ നിര്‍മ്മിച്ചത് ടിന്‍ റൂഫ് മെറ്റീരിയലുകൊണ്ടാണ്.

കാഠ്മണ്ഡുവിലെ പ്രാന്തപ്രദേശത്തുള്ള ബദുനെക്കല്‍കാന്ത എന്ന ഗ്രാമത്തില്‍ കുഷ്ടരോഗബാധയുള്ള നിരവധി ആളുകള്‍ ഉണ്ടായിരുന്നു. അതിനാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ആരും തന്നെ അവിടേയ്ക്ക് പോകാന്‍ തയ്യാറായിരുന്നില്ല. ആ പ്രദേശത്തെയ്ക്ക് ബാംഗ്ലൂര്‍  കേയേഴ്‌സിന്റെ പ്രവര്‍ത്തകര്‍ കടന്നു ചെല്ലുകയും അവിടെ ഉണ്ടായിരുന്ന അമ്പതോളം കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. അങ്ങനെ എല്ലാവരാലും ഉപേക്ഷിച്ചു കിടന്നിരുന്ന ആ ഗ്രാമവാസികള്‍ക്ക് തുണയാകുവാന്‍ ബാംഗ്ലൂര്‍  കേയേഴ്‌സിനു കഴിഞ്ഞു.

വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍

ഭൂചലനം സാരമായി ബാധിച്ച മറ്റൊരു മേഖലയായിരുന്നു, നേപ്പാളിലെ വിദ്യാഭ്യാസ മേഖല. നേപ്പാളിലെ മുന്നൂറോളം വിദ്യാലയങ്ങള്‍ ഭൂചലനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. കൂടാതെ കുട്ടികളുടെ പഠന സാമഗ്രികളും മറ്റും നഷ്ടപ്പെട്ടിരുന്നു. ഏകദേശം ഒരു ലക്ഷത്തിനടുത്ത് കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അങ്ങനെയുള്ള കുട്ടികള്‍ക്കായി സര്‍ക്കാര്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ കുട്ടികള്‍ക്ക് ക്ലാസില്‍ കൊണ്ടുപോകാന്‍ ബാഗുകളും മറ്റും ലഭ്യമായിരുന്നില്ല. ഇതു മനസിലാക്കിയ ബാംഗളൂര്‍ കെയേഴ്‌സിന്റെ പ്രവര്‍ത്തകര്‍ 850  തോളം കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു. 

കൂടാതെ പ്ലസ് ടു കഴിഞ്ഞ പതിമൂന്നു വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയിലെയ്‌ക്കെത്തിക്കുവാനും ബാംഗളൂര്‍ കെയേഴ്‌സിന് സാധിച്ചു.

സന്നദ്ധ പ്രവര്‍ത്തന മേഖലയിലെ പ്രോത്സാഹനം 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അവര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി സഹായിക്കുന്നതിനാവശ്യമായ പരിചയസമ്പന്നരായ ആളുകളെ കിട്ടുന്നില്ല എന്നതായിരുന്നു. അതിനാല്‍ തന്നെ ആദ്യ നേപ്പാള്‍ യാത്രയ്ക്ക് ശേഷം ഒരു സംഘം ആളുകള്‍ക്ക് അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുവാന്‍ തീരുമാനിച്ചു. ഇന്ത്യയില്‍ നിന്ന് 10 വോളന്റിയര്‍മാര്‍ നേപ്പാളിലെത്തി. ആദ്യം താല്‍ക്കാലിക താമസ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ പരിശീലിപ്പിച്ച അവരെ പിന്നീട് കാരിത്താസ് നേപ്പാളിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി. ദുരിത ബാധിതര്‍ക്ക് ആഹാരവും മറ്റു അവശ്യസാധനങ്ങളും എത്തിക്കുന്നതിനും കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിതരായി എത്തിക്കുന്നതിനും മറ്റുമുള്ള പ്രര്‍ത്തനങ്ങളില്‍ ഇവരും സഹായികളായി. ഒപ്പം തന്നെ ദുരന്തത്തില്‍ ഒറ്റയ്ക്കായിപോയ കുട്ടികളെ സമാശ്വസിപ്പിക്കുന്നതിനും അവര്‍ക്കൊപ്പം ആയിരിക്കുന്നതിനും അവരെ ആശ്വസിപ്പിക്കുന്നതിനും വോളന്റിയര്‍മാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ഭൂചലനത്തില്‍ ആരാധനാലയങ്ങളും സ്‌കൂളുകളും വീടുകളും ഒക്കെ തകര്‍ന്നിരുന്നു. അവയില്‍ ചിലതൊക്കെ പുതുക്കി പണിയുവാന്‍ ബാംഗ്ലൂര്‍ കെയേഴ്‌സിനു കഴിഞ്ഞു. കാഠ്മണ്ഡുവില്‍ നിന്നു അമ്പതു കിലോമീറ്റര്‍ അകലെയുള്ള ശ്രീ ജന്‍ കല്യാണ്‍ മധ്യാമിക്ക് വിദ്യാലയം ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന അവസ്ഥയിലായിരുന്നു. കുട്ടികളിലേയ്ക്ക് വിദ്യാഭ്യാസം തിരികെയെത്തിക്കുവാന്‍ പരിശ്രമിച്ചു കൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബാംഗ്ലൂര്‍ കെയേസ് ഏറ്റെടുത്തു. കുട്ടികള്‍ക്കായി സയന്‍സ് ലാബും ലൈബ്രറിയും നിര്‍മ്മിക്കുവാന്‍ ഇവര്‍ക്ക കഴിഞ്ഞു. അതിന്റെ ഉദ്ഘാടനം 2016 ജൂലൈയില്‍ നടന്നു.

മധുരപ്പെട്ടി ജില്ലയിലെ കമ്മ്യൂണിറ്റി ഹാള്‍, സ്‌കൂള്‍ തുടങ്ങിയ പുതുക്കി പണിതു അവരുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും നിറം പകരുവാന്‍ ബാംഗ്ലൂര്‍ കെയേഴ്‌സിന് കഴിഞ്ഞു. കൂടാതെ അവിടെയുള്ള അറുപതോളം ഭവനരഹിതര്‍ക്ക് ഒരു സ്ഥിരമായ താമസസ്ഥലം നല്‍കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. നേപ്പാള്‍ ദുരന്തത്തിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഈ വീടുകള്‍ കൈമാറി.

തകര്‍ച്ചയുടെ പടിവാതില്‍ക്കല്‍ നിന്നിരുന്ന ഒരു സമൂഹത്തെ പ്രത്യാശനിറഞ്ഞ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ട് ബംഗ്ലൂര്‍ കെയേഴ്‌സ് അതിന്റെ പ്രയാണം തുടരുകയാണ്. അലിവിന്റെ, മനുഷ്യത്വത്തിന്റെ, അനുകമ്പയുടെ, സ്‌നേഹത്തിന്റെ ഈ പ്രയാണം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുവോളം ഈശ്വരന്‍ തുണയായി നില്‍ക്കട്ടെ…

Leave a Reply