ഇതാ, കര്‍ത്താവിന്റെ ദാസി – പറന്ന് അകന്ന സപ്നയെക്കുറിച്ച്

മക്കള്‍ക്കുവേണ്ടി ജീവന്‍ കൊടുത്ത്പറന്ന് അകന്ന സപ്നയെക്കുറിച്ചു രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡോ. സുമ ജില്‍സണ്‍ എഴുതിയത്.

ഡല്‍ഹി എയിംസില്‍ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുന്ന സപ്നയും സാന്ത്വനം ഇവാഞ്ച്വലൈസേഷന്‍ ഗ്രൂപ്പിലെ ജോജുവും വിവാഹമെന്ന കൂദാശയിലൂടെ ഒന്നുചേര്‍ന്നപ്പോള്‍ സ്വര്‍ഗ്ഗത്തിന് അവരെക്കുറിച്ചുള്ള പദ്ധതി മനുഷ്യന് അചിന്തനീയമായിരുന്നു. 14 വര്‍ഷങ്ങള്‍ക്കിടയില്‍ അവള്‍ 7 മക്കളെ പ്രസവിച്ചു. മൂന്നാമത്തേ കുഞ്ഞിനെ ഗര്‍ഭിണിയായപ്പോള്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കളിയാക്കിയതിനും കുറ്റപ്പെടുത്തിയതിനും ഒറ്റപ്പെടുത്തിയതിനും കണക്കില്ല.

ഭാര്യാഭര്‍തൃബന്ധത്തില്‍ ദൈവം തരുന്ന മക്കളെ സ്വീകരിക്കുകയാണ് അമ്മയുടെ ധര്‍മ്മമെന്ന് വിവാഹം പരികര്‍മ്മം ചെയ്ത വൈദികന്‍ വചനമനുസരിച്ച് പ്രസംഗിച്ചത് വൃഥാവിലായില്ല. തലസ്ഥാനനഗരിയിലെ ഏറ്റവും തിരക്കുപിടിച്ച ആശുപത്രിയിലെ ജോലിയും കുടുംബഭാരങ്ങളും ഗര്‍ഭാരിഷ്ടതകളും പൂര്‍ണ്ണമായും ദൈവാശ്രയത്തില്‍ സ്വപ്ന ഏറ്റെടുത്ത് ഏവര്‍ക്കും വിസ്മയകരമായിരുന്നു. 2 മക്കളുള്ള മറ്റു സ്റ്റാഫ് നേഴ്‌സുമാര്‍ക്കുതന്നെ ജോലിഭാരവും പ്രത്യേകിച്ച് നൈറ്റ് ഡ്യൂട്ടിയും കുടുംബഭാരവും ഒന്നിച്ചുകൊണ്ടുപോകുന്നത് ക്ലേശകരമായിരിക്കെ, ഒരു മുറുമുറുപ്പും പരാതിയും കൂടാതെ സപ്ന എല്ലാം കര്‍ത്താവിന്റെ തിരുമുറിവുകളോട് ചേര്‍ത്തുവെച്ച് അവനില്‍ നിന്ന് ആശ്വാസം സ്വീകരിച്ചു.

വര്‍ഷങ്ങള്‍ കടന്നുപോയി, അവള്‍ 8-ാമതും ഗര്‍ഭിണിയായി. ഒരു കുഞ്ഞുകൂടി അവരുടെ വീട്ടിലെത്തുമെന്നറിഞ്ഞ  മൂത്ത മക്കള്‍ വളരെയേറെ സന്തോഷിച്ചു. 5-ാം മാസത്തില്‍ അവരുടെ സ്തനത്തില്‍ ഒരു തടിപ്പുകണ്ട് പരിശോധന നടത്തിയപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കാന്‍സര്‍ ബ്രെസ്റ്റ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചു. ഇതറിഞ്ഞ ചിലരൊക്കെ അവരെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും തുടങ്ങി. അവരെ മാത്രമല്ലാ, മറ്റ് പ്രോലൈഫേഴ്‌സിനെയും; പുര കത്തുമ്പോള്‍ വാഴ വെട്ടുന്നുവെന്ന ചൊല്ലുപോലെ. മക്കളും ഭര്‍ത്താവും ഉപവാസത്തിലും പ്രാര്‍ത്ഥനയിലുമായി. കൂടുതല്‍ മക്കള്‍ ദൈവഹിതമാണെന്ന അവബോധമുണ്ടായിരുന്നിട്ടും, വര്‍ദ്ധിച്ചു പെരുകുവിനെന്ന കല്‍പ്പന അനുസരിക്കുവാന്‍ സ്വാര്‍ത്ഥത മൂലം വിമുഖത കാട്ടിയിരുന്നവര്‍  സോഷ്യല്‍ മീഡിയായില്‍ സംഭവം ആഘോഷിച്ചു. കൂടുതല്‍ മക്കള്‍ ദൈവാനുഗ്രഹമാണെന്ന് പറഞ്ഞു നടന്നിട്ട് ഇപ്പോള്‍ എന്തായി എന്നു ചോദിച്ചവരും നിരവധിയാണ്.

എന്തായാലും മാസം തികഞ്ഞ പൊന്നോമന മകള്‍ ഫിലോമിനായെ അവള്‍ പ്രസവിച്ചു. ഇപ്പോള്‍ കീമോതെറാപ്പിയും റേഡിയേഷന്‍ ചികിത്സയും ചെയ്യുന്നു. കാന്‍സര്‍ ചികിത്സാ വിദഗ്ധര്‍ ഗര്‍ഭസ്ഥശിശുവിനെ ഉടന്‍ ഒഴിവാക്കി കീമോതെറാപ്പിയും അനുബന്ധ ചികിത്സകളും ചെയ്യാന്‍ അവരോട് ആവശ്യപ്പെട്ടു. ഗര്‍ഭച്ഛിദ്രം ചെയ്തിട്ടുള്ള ചികിത്സാരീതി അവര്‍ക്ക് അചിന്തനീയമായിരുന്നു. ചികിത്സ വൈകിയാല്‍ തന്റെ തന്നെ ജീവന്‍ അപകടത്തിലാകുമെന്ന് പൂര്‍ണ്ണബോധ്യമുണ്ടായിരുന്ന അവള്‍, കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുവാന്‍ സ്വജീവനെ തൃണവല്‍ക്കരിക്കുവാന്‍ തയ്യാറായത് നാമൊക്കെ കേട്ടറിഞ്ഞ് ദൈവത്തെ സ്തുതിക്കണം. ”ഞാനെന്ന ഒരമ്മയ്ക്കു മാത്രമേ ഈ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്താനാവൂ. ജനിച്ചു വീണ കുഞ്ഞിനെ പരിചരിക്കുവാന്‍ ആര്‍ക്കു വേണമെങ്കിലും സാധിക്കുമെന്ന” അവളുടെ മറുപടി സ്വാര്‍ത്ഥതയുടെ ലേശം പോലും അംശമില്ലാത്തതുതന്നെ.

കാന്‍സറിന്റെ കോശങ്ങള്‍ രക്തം വഴിയായും ലിംഫ് എന്ന നീരുവഴിയായും മറ്റവയവങ്ങളിലേക്കു പടര്‍ന്നാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ സ്റ്റാഫ് നേഴ്‌സായ സപ്ന നിത്യവും കാണുന്നതാണ്. പക്ഷേ മാസം തികയാത്ത കുഞ്ഞിനെ പുറത്തെടുത്താല്‍, ആ കുഞ്ഞിന് ജീവിക്കാനാവില്ലായെന്നും അവള്‍ക്കറിയാം. അതുകൊണ്ട് 7-8 മാസം വരെയെങ്കിലും ഗര്‍ഭപാത്രത്തില്‍ തന്നെ ആ കുഞ്ഞിനെ വളര്‍ത്തിയെടുക്കാന്‍ സന്നദ്ധമായ ആ സ്ത്രീയെ നാമൊക്കെ പ്രാര്‍ത്ഥനകൊണ്ട് സപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. സാധാരണഗതിയില്‍ പ്രസവത്തിന്റെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍, കൂടുതല്‍ കാലം മുലയൂട്ടുന്നതുമൂലം ബ്രസ്റ്റ് കാന്‍സറിന്റെ സാധ്യത കുറയുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ മറിച്ചു സംഭവിച്ചു. നമ്മുടെ നല്ല ദൈവം അറിയാതെയല്ലാ ഇങ്ങനെ സംഭവിച്ചതെന്നും ദൈവത്തിന്റെ പ്ലാനും പദ്ധതിയും മനുഷ്യന്റെ നിഗമനങ്ങള്‍ക്കും കണക്കുകൂട്ടലിനും ഉപരിയാണെന്നുമുള്ള ബോധ്യം ഉറച്ച ദൈവവിശ്വാസമുള്ളവര്‍ക്കേ അനുഭവവേദ്യമാകൂ. രോഗവിവരം അറിഞ്ഞ അവര്‍, ചികിത്സ തേടും മുമ്പ് ധ്യാനത്തില്‍ സംബന്ധിച്ച് ദൈവവഴി തേടി. ജീവനെ സ്‌നേഹിക്കുന്ന, ജീവന്റെ കാവലാള്‍ക്കാരായ നമുക്ക് സപ്നയുടെ രോഗസൗഖ്യത്തിനായി തമ്പുരാന്റെ മുമ്പില്‍ ത്യാഗത്തോടെ പ്രാര്‍ത്ഥിക്കാം. നമ്മുടെ ദൈവത്തിന് അസാധ്യമായി ഒന്നുമില്ലായെന്ന് സ്വപ്നയുടെ രോഗസൗഖ്യം അനേകര്‍ക്ക് സാക്ഷ്യമാവട്ടെ. രണ്ടോ മൂന്നോ മക്കളുള്ള ഒരു സ്ത്രീക്ക് 40-ാം വയസ്സില്‍ കാന്‍സര്‍ ബ്രസ്റ്റ് വന്നാല്‍ ആരും അത് വലിയ സംഭവമായി കാണാറില്ല. 7-ഉം 10-ഉം പ്രസവിച്ച പഴയ തലമുറയിലെ വല്യമ്മച്ചിമാര്‍ കാന്‍സര്‍ ബ്രസ്റ്റ് പിടിപെട്ട് ചികിത്സ നേടുന്നതും വലിയ സംഭവമല്ലാ. എന്നാല്‍ ഈ ന്യൂജന്‍ ദമ്പതിമാരുടെ കാലത്ത് കൂടുതല്‍ മക്കളെ സ്വീകരിക്കുന്ന യുവദമ്പതികള്‍ക്ക് ഇതേപോലെ എന്തെങ്കിലും രോഗം/അത്യാഹിതം സംഭവിച്ചാല്‍ അത് ജനം പ്രചരിപ്പിക്കുന്നത് വഴി തെറ്റായ സന്ദേശം ലോകത്തിനു കൊടുക്കാനാഗ്രഹിച്ചിട്ടാണ്. ഇപ്രകാരമുള്ള പിശാചിന്റെ കെണിയിലും തട്ടിപ്പിലും വീഴാതിരിക്കുവാന്‍ നമുക്ക് ജാഗ്രതയോടെ പ്രാര്‍ത്ഥിക്കാം. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് വിടുതല്‍ നേടാന്‍ വി. ജിയന്നമോള്ളയുടെ മാധ്യസ്ഥത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

10 മക്കളുണ്ടായിരുന്ന 43-കാരി മലയാളി സ്ത്രീ പ്രസവസംബന്ധമായി ഹൃദ്രോഗം ബാധിച്ച് മരണമടഞ്ഞപ്പോള്‍ പത്രക്കാര്‍ അത് വലിയ വാര്‍ത്തയാക്കി. 10 മക്കളുണ്ടായതുകൊണ്ടാണ് ഹൃദയത്തിന് തകരാര്‍ വന്നതെന്ന മട്ടില്‍ അവര്‍ എഴുതി. എന്നാല്‍ ആദ്യ പ്രസവത്തിനുതന്നെ സ്ത്രീകള്‍ മരണപ്പെട്ടാല്‍ സമൂഹത്തിനും മാധ്യമങ്ങള്‍ക്കും അത് അത്ര വലിയ വിഷയമല്ലാ. മാധ്യമങ്ങള്‍ പ്രചരിപ്പിക്കാനാഗ്രഹിക്കുന്നത് ചെറിയ കുടുംബം സന്തുഷ്ട കുടുംബം ആണെന്ന പൈശാചിക തന്ത്രം ഉയര്‍ത്തിക്കാട്ടാനാണ്. അതു വിജയിക്കണമെങ്കില്‍ വലിയ കുടുംബത്തിനു സംഭവിക്കുന്ന രോഗങ്ങളോ ദുരന്തങ്ങളോ ഉയര്‍ത്തിക്കാട്ടണം. ഇതാണ് ലോകത്തിന്റെ സ്വഭാവം. ഇപ്പോള്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്നവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നത് വളരെ സാധാരണമാണ്. മാധ്യമങ്ങളും അത് പ്രോത്സാഹിപ്പിക്കുന്നു. അവയവദാനം പ്രോത്സാഹനജനകമായ കാര്യമാണ്. ജീവിച്ചിരിക്കുന്ന വ്യക്തികള്‍ വൃക്ക, കരള്‍ ഒക്കെ ദാനം ചെയ്യുന്നതും ശ്ലാഹനീയമാണ്. കേരളത്തില്‍ തന്നെ കരള്‍മാറ്റ ശസ്ത്രക്രിയകള്‍ വളരെയേറെ നടക്കുന്നു. അതിനുവേണ്ടിവരുന്ന ഭീമമായ ചെലവ് താങ്ങുവാന്‍ സാധാരണക്കാര്‍ക്ക് സാധിക്കില്ല. ഉദ്ദേശം 30 ലക്ഷത്തോളം രൂപ നാട്ടുകാര്‍ സഹായസമിതി രൂപീകരിച്ച് പിരിച്ചെടുത്ത് വീട്ടുകാരെ സഹായിക്കുന്നതും മിക്ക ദിവസങ്ങളിലും ദിനപത്രങ്ങളില്‍ കാണാം.

വൃക്കദാനം വൃക്കക്കച്ചവടമായി മാറിയപ്പോള്‍ ഗവണ്‍മെന്റ് ഇടപെട്ട് കര്‍ശനനിയമനിര്‍മ്മാണം നടത്തിയപ്പോള്‍ ഏജന്റുമാരുടെയും ഇടനിലക്കാരുടെയും തീവെട്ടിക്കൊള്ളയ്ക്കു കുറെയൊക്കെ അറുതി വന്നു. കരള്‍ പകുത്തു നല്‍കാനായി മുന്നോട്ടുവരുന്നവരെ പ്രത്യേകം കരുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഇന്നിന്റെ ആവശ്യകതയാണ്. ബന്ധുജനങ്ങള്‍ അല്ലാത്തവരില്‍ നിന്നുള്ള കരള്‍ദാനം ബാലികേറാമല തന്നെയാണ്. വല്ല്യമ്മ തന്റെ കരള്‍ പകുത്തുനല്‍കി 5 വയസ്സുകാരി നിഹാരിക എന്ന കൊച്ചുമകളെ രക്ഷിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ സാക്ഷരകേരളം കോള്‍മയിര്‍കൊണ്ടു. അതിനുവേണ്ട സാമ്പത്തികം സഹായസമിതികള്‍ സ്വരൂപിച്ചുകൊണ്ടിരിക്കെ, ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടി മരണപ്പെട്ടു. എങ്കിലും അത്ര ത്യാഗം സഹിച്ചതില്‍ ആരും ഇച്ഛാഭംഗപ്പെട്ടില്ലാ, ഇനി കരള്‍ദാന ശസ്ത്രക്രിയയ്ക്കു തയ്യാറാകുന്നവരെ, വിധേയരാകുന്നവരെ അതുപറഞ്ഞ് പിന്തിരിപ്പിച്ചിട്ടില്ലാ, നിരുല്‍സാഹപ്പെടുത്തിയിട്ടില്ല. ഇത്തരം സങ്കീര്‍ണ്ണമായ അവസ്ഥകളില്‍ എത്ര ശ്രമിച്ചാലും ശ്രദ്ധിച്ചാലും എത്ര റിസ്‌ക്കെടുത്താലും ചില സന്ദര്‍ഭങ്ങളില്‍ മരണം എന്ന ക്ഷണിക്കാത്ത അതിഥിയെത്തുമ്പോള്‍ നാമത് അംഗീകരിക്കും.

മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ ചെയ്ത ഡോക്ടറും സഹായികളും തങ്ങള്‍ ചെയ്യേണ്ടത് ചെയ്തിട്ടും ദൈവവിധി എതിരാണെന്നേ ഇത്തരം സന്ദര്‍ഭത്തില്‍ ചിന്തിക്കൂ. മറിച്ച് അതിനായി പണം കണ്ടെത്തിയവര്‍ തന്നെ ഡോക്‌ടേഴ്‌സിനെ ക്രൂരമായി വിമര്‍ശിച്ചാല്‍ അവരുടെ ആത്മവിശ്വാസം കുറയാനിടയുണ്ട്. തുടര്‍ന്ന് നടന്ന അവയവമാറ്റ ശസ്ത്രക്രിയകളുടെ സമയത്ത് പത്രക്കാര്‍ ഈ പഴയ സംഭവങ്ങള്‍ എഴുതിച്ചേര്‍ത്തില്ല. കേരളമൊട്ടാകെ ആകാംക്ഷയോടെ മാത്യു അച്ചാടനായി ഹൃദയം കൊണ്ടുവരുന്ന പെട്ടിയെ ഉറ്റുനോക്കുമ്പോള്‍, ഇതൊക്കെ എഴുതി പിടിപ്പിച്ചാല്‍ അവസരോചിതമല്ലാതാകും എന്ന് പത്രക്കാര്‍ക്ക് പൂര്‍ണ്ണമായറിയാം. ഓരോ ദിനവും മാത്യു അച്ചാടന്റെ ഹൃദയവിശേഷങ്ങള്‍ അറിയുവാന്‍ ഓരോ മലയാളിയും ടിവിയിലും പത്രവാര്‍ത്തയിലും കണ്ണുനട്ടിരുന്നു. നമുക്കാര്‍ക്കും തന്നെ വ്യക്തിപരമായി യാതൊരു ബന്ധവുമില്ലാത്ത, പരിചയവുമില്ലാത്ത മാത്യുവിന്റെ ഹൃദയമിടിപ്പിനായി ഉയര്‍ന്ന പ്രാര്‍ത്ഥനകള്‍ക്ക് കണക്കില്ല. അനേകരുടെ പ്രാര്‍ത്ഥനയ്ക്കു തമ്പുരാന്‍ പ്രത്യുത്തരം നല്‍കി. ഭര്‍ത്താവിന്റെ മരണസമയത്ത് ഹൃദയം നല്‍കാന്‍ തീരുമാനമെടുത്ത അഡ്വ. ശര്‍മ്മയുടെ ഭാര്യയുടെ ഹൃദയവിശാലത അഭിനന്ദനീയമായി എല്ലാവരും എഴുതി. രണ്ടു കുടുംബങ്ങള്‍ക്കായും നമുക്കു  പ്രാര്‍ത്ഥിക്കാം.

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം, ഏതാനും ആഴ്ചകള്‍ക്കകം പ്രസ്തുതരോഗി മരണത്തിന് ഇരയായി. സര്‍ക്കാര്‍ സംവിധാനത്തില്‍ ഈ ചികിത്സ പ്രാവര്‍ത്തികമാക്കിയത് എല്ലാവരും അഭിനന്ദിച്ചു. രോഗി പിന്നീട് മരണപ്പെട്ടെങ്കിലും അനവസരത്തില്‍ ആരും വിമര്‍ശിച്ചില്ല. ഇതാണ് കരണീയം. ഈയടുത്ത കാലത്ത് മുണ്ടക്കയം സ്വദേശി കരള്‍ദാനം ചെയ്ത് തുടര്‍ ചികിത്സയ്‌ക്കൊടുവില്‍ മരണപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ അക്കാര്യം രഹസ്യമാക്കിവെച്ചു, ഇതിന് വാര്‍ത്താപ്രാധാന്യം ലഭിക്കാതിരിക്കാനും ബ്രേക്കിംഗ് ന്യൂസ് ആക്കാതിരിക്കുവാനും മാധ്യമങ്ങള്‍ പൂര്‍ണ്ണമായും സഹകരിച്ചു. ഇത്തരം അനഭിമതമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് പത്രാധിപരുടെ കര്‍ശന നിര്‍ദ്ദേശം ഉണ്ട്.

എന്നാല്‍ വലിയ കുടുംബത്തില്‍ ഒരാപത്ത്/അത്യാഹിതം/അപകടം/രോഗം/മരണം വന്നാല്‍ പൊതുജനത്തിന്റെയും പത്രക്കാരുടെയും മട്ടുമാറും. അവരെ അറിയാത്തവര്‍ മുതല്‍ എല്ലാവരും ചായക്കടയിലും നാട്ടുവഴികളിലും മുക്കിലും മൂലയിലും ഇരുന്ന് വിമര്‍ശിക്കും. എങ്ങനെയെങ്കിലും വലിയ കുടുംബമെന്ന ദൈവത്തിന്റെ പദ്ധതി തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന പിശാചിന്റെ കൈയ്യിലെ ഉപകരണങ്ങളായി നമുക്കു പരിചയമുള്ളവരും ബന്ധുക്കളും തന്നെ പ്രവര്‍ത്തിച്ചു തുടങ്ങും, സംസാരിച്ചു തുടങ്ങും. ആ സമയത്ത് അവര്‍ക്ക് മാനസിക പിന്തുണ കൊടുക്കുവാന്‍ ശ്രമിക്കുന്നതിനുപകരം, തളര്‍ത്തുന്ന വാക്കുകള്‍ അവരെ മുറിപ്പെടുത്തും. ദൈവത്തിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍, സ്വന്തം ജീവിതം തന്നെ സാക്ഷ്യമായി നല്‍കുമ്പോള്‍ അവര്‍ വിമര്‍ശിക്കപ്പെടുന്നത് ദൈവഹിതമല്ല. ഇപ്രകാരം പ്രതിസന്ധികളില്‍ നാം മൂലം തളര്‍ത്തപ്പെട്ടവര്‍ക്ക്, തകര്‍ക്കപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കാം. തെറ്റ് ബോധ്യപ്പെട്ട് നമുക്ക് മാനസാന്തരം ഉണ്ടാവട്ടെ.

ആദ്യത്തെ രക്തദാനം, ഹൃദയമുള്‍പ്പെടെ ആദ്യത്തെ അവയവദാനം, തന്റെ ശരീരവും രക്തവും മനുഷ്യന്റെ ജീവന്‍ രക്ഷിക്കുവാന്‍ ആദ്യം നല്‍കിയവന്‍ മൂന്നാണികളിന്മേല്‍ തൂങ്ങപ്പെട്ട നമ്മുടെ കര്‍ത്താവ് ഈശോമിശിഹാ തന്നെ.

Dr. Suma Gylson MD, DCH, MNAMS. DNB, Pediatrics, Prolifer, Consultant Pediatrician

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here