ഇന്ത്യയിൽ ഒരു സന്യാസിനി ആയിരിക്കുക എന്നത് ആനന്ദകരം- ഒരു സന്യാസിനിയുടെ അനുഭവങ്ങൾ

ഇന്ത്യ വിവിധ മതങ്ങളും ഭാഷകളും ആചാരങ്ങളും വിശ്വാസങ്ങളും നിറഞ്ഞ രാജ്യമാണ്. ഏതു മതത്തിൽ വിശ്വസിക്കുവാനും എവിടെയും ജീവിക്കുവാനും അനുവാദം നൽകുന്ന  ഇവിടെ ദൈവത്തിനായി സ്വയം മാറ്റി വെച്ച സന്യാസിയുടെ  ജീവിതം എങ്ങനെയാവും? ഇന്നത്തെ സമൂഹം ചൂണ്ടിക്കാണിക്കുന്നത് പോലെ ഒന്നാണോ അത്? അതിന്റെ ലക്ഷ്യവും അർത്ഥവും എന്താണ്?എന്തിനു വേണ്ടിയാണു അവർ തങ്ങളുടെ ജീവിതം ഉഴിഞ്ഞു വെക്കുന്നത്? ഇങ്ങനെ നിരവധി സംശയങ്ങൾ സാധാരണക്കാർക്ക് ഉണ്ട്.

ഇങ്ങനെ ഉള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം തന്റെ അനുഭവങ്ങളിലൂടെ പങ്കു വയ്ക്കുകയാണ് ഹോളി സ്പിരിറ്റ് കോൺഗ്രിഗേഷനിലെ അംഗമായ സി. ടെസ്സി ജേക്കബ്.

സിസ്റ്റർ ടെസ്സി ഒരിക്കല്‍ യാത്ര ചെയ്യുകയായിരുന്നു. കഠിനമായ ചൂട്. ബസ്സിൽ നല്ല തിരക്കായിരുന്നു. കാല് കുത്താൻ ഇടയില്ലാത്ത അവസ്ഥ. തിങ്ങി ഞെരിങ്ങിള്ള യാത്രയിൽ അപ്രതീക്ഷിതമായാണ് ആ അഭിവാദനം കടന്നു വന്നത്. “ഗുഡ് ആഫ്റ്റർ നൂൺ സിസ്റ്റർ.” ഈ തിരക്കിനിടയിൽ നിന്നും, തന്നെ കണ്ടെത്തിയത് ആര് എന്നറിയുവാൻ സിസ്റ്റർ തിരിഞ്ഞു നോക്കി. തന്റെ വിദ്യാർത്ഥിയാണ്. ആളുടെ അഭിസംബോധന കേട്ടപ്പോഴാണ് ബസ്സിലുള്ളവർക്കു അവർ സിസ്റ്ററാണെന്നു മനസിലായത്. ഉടൻ തന്നെ അവരിൽ ചിലർ സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ തയ്യാറായി. തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളിൽ ഒന്നായാണ് സിസ്റ്റർ ടെസ്സി ഈ സംഭവത്തെ ഓർക്കുന്നത്.

ഇന്ത്യയിൽ ഒരു ലക്ഷത്തോളം വരുന്ന സന്യസ്തരായ വ്യക്തികളിൽ ഒരാൾ എന്ന നിലയ്ക്ക് തന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഒരിക്കൽ പോലും തനിക്ക് പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നും സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിൽ 2.18 % മാത്രമാണ് ക്രിസ്ത്യാനികൾ ഉള്ളത്. ഇവർ ഇന്ന് പല തരത്തിലുള്ള പ്രതിസന്ധിയിലാണ്. കന്യാസ്ത്രികളെയും വൈദികന്റെയും മറ്റും വില്ലൻമാരായി ചിത്രീകരിക്കുന്ന ഒരു സമൂഹമാണ് ചുറ്റുമുള്ളത്. സമൂഹത്തിന്റെ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളെ പലപ്പോഴും മത പരിവർത്തനങ്ങളായും മറ്റും ചിത്രീകരിക്കുന്ന പ്രവണതകൾ ഏറി വരുകയാണ്.

ഭരണങ്ങളും ഭരണ രീതികളും ഒക്കെ മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഉത്തരവാദിത്വത്തോടെ ക്രിസ്തു കാട്ടിത്തന്ന മാതൃക പിന്തുടരുക എന്നതാണ് സന്യസ്തരുടെ ലക്ഷ്യം. ഈ ഒരു തീക്ഷണതയാണ് സിസ്റ്ററിനെ 2010-ലെ ‘യങ്ങ് റിലീജ്യസ് കോണ്‍ഫ്രന്‍സില്‍’ കൊണ്ടെത്തിച്ചത്. അടുത്ത ഒരു പത്തു പതിനഞ്ചു വര്‍ഷത്തെയ്ക്ക് ക്രിസ്ത്യാനികളുടെ താഴേത്തട്ടിലുള്ളവരുടെ നേതൃത്വം ഏറ്റെടുക്കുവാന്‍ സന്യസ്തരെ തയ്യാറാക്കുക എന്നതായിരുന്നു ആ കോണ്‍ഫ്രന്‍സിന്റെ ലക്ഷ്യം.

ഇന്നത്തെ സമൂഹത്തിനു ക്രിസ്ത്യന്‍ മിഷണറിമാരുടെ സേവനത്തിലൂന്നിയ ജീവിതം ആവശ്യമാണ്. സമൂഹത്തിലെ രണ്ടു തലങ്ങള്‍ക്കിടയിലാണ് തങ്ങള്‍ ജീവിക്കുന്നത് എന്ന് സിസ്റ്റര്‍ പറയുന്നു. ഉള്ളവന്റെയും ഇല്ലാത്തവന്റെയും ഇടയില്‍. ഇവിടെ സഹായം ആവശ്യമുള്ളവരെ സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്കു കൊണ്ടുവരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാവരാലും അവഗണിക്കപ്പെട്ടു കിടക്കുന്ന ഗ്രാമങ്ങളിലെയ്ക്കും മറ്റും കടന്നു ചെന്ന് അവര്‍ക്ക് വിദ്യാഭ്യാസം നൽകി, അവിടുത്തെ യുവജനങ്ങൾക്ക്‌ അവരുടെ ജീവിത ലക്ഷ്യം കാട്ടിക്കൊടുത്തു. അങ്ങനെ അവരുടെ ഇടയിൽ ഉള്ളവർക്ക്‌ വിശ്വസിക്കാവുന്ന കൂടെക്കൂട്ടാവുന്ന ഒരാളായി ഞങ്ങൾ മാറി. ഒരു സിസ്റ്റർ എന്നാൽ സമൂഹം അവരെ കാണുന്നത് രണ്ടു വിധത്തിലാണ്. ഒന്ന് ഒരു വ്യക്‌തിയായും മറ്റൊന്ന് ദൈവത്തിന്റെ പ്രതിനിധിയായും. അത് മറ്റാർക്കും ലഭിക്കാത്ത ഒരു അംഗീകാരമാണ്.

പ്രാർത്ഥനയും ജോലിയും ഒരു സന്തുലിതമായ അവസ്ഥയിൽ കൊണ്ടുപോകുക എന്നത് യുവജനങ്ങൾക്ക്‌ വളരെ പ്രയാസമേറിയ ഒന്നായിരിക്കെ ഞങ്ങൾ അതിനെ നിലനിർത്തുകയും അതിനായി മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു. പിന്നെ ആധുനിക സംവിധാനങ്ങൾ സ്വായത്തമാക്കുക എന്നതിനു  കോൺഗ്രിഗേഷനുകൾ എതിരു നിൽക്കുകയാണ് ചെയ്യുന്നത്. അധികമായാൽ അമൃതും വിഷം എന്നൊരു ചൊല്ല് ഉണ്ട്. സാങ്കേതിക വിദ്യകളുടെ അതിപ്രസരം തങ്ങളുടെ ജീവിതത്തിനു തടസ്സമാകുമോ എന്ന ഭയമാണ് അതിനു അടിസ്ഥാനം.

ദൈവം തന്റെ പദ്ധതികൾക്കായി ഓരോ വ്യക്തിയേയും പ്രത്യേകം തിരഞ്ഞെടുക്കുകയാണ്. ചിലർക്ക് ആ വിളി പെട്ടന്ന് തിരിച്ചറിയാൻ കഴിയും മറ്റു ചിലർക്ക് വളരെ താമസിച്ചും. തന്റെ  സന്യാസ ജീവിതത്തിൽ ദൈവത്തിനായി ഇത്രയേറെ പ്രവർത്തിക്കുവാൻ കഴിയും എന്ന് താൻ കരുതിയിരുന്നില്ല എന്ന് സിസ്റ്റർ പറയുന്നു.

“സന്യാസ വ്രത വാഗ്ദാനത്തിനു ശേഷം ഒരു ബോർഡിങ് സ്കൂളിന്റെ ചാർജ്ജായിരുന്നു എനിക്ക്. അത് ദൈവത്തിനായി പ്രവർത്തിക്കുവാനുള്ള സമയമായിരുന്നു ഇന്ന് തിരിച്ചറിയുവാൻ അധികം സമയം വേണ്ടി വന്നില്ല എനിക്ക്,” സിസ്റ്റര്‍ പറഞ്ഞു

സന്യാസത്തിന്റെ പരിശീലന കാലഘട്ടം എന്നത് വളരെ പ്രാധാന്യം നിറഞ്ഞതും കഠിനവുമാണ്. ലോകത്തിന്റേതായ എല്ലാ ചിന്തകളിൽ നിന്നും മാറി നിൽക്കുന്ന ഒരു സമയം ആണ് അത്. അതിനാൽ തന്നെ തങ്ങൾ ലോകത്തിലെ മറ്റു സ്ത്രീകളെപ്പോലെ അല്ല, എന്ന് സന്യാസം തിരഞ്ഞെടുക്കുന്ന സ്ത്രീകൾക്കു അറിയാം. എന്നാല്‍ ഈ ജീവിതത്തില്‍ നിന്ന് പ്രലോഭനങ്ങള്‍ പൂര്‍ണ്ണമായും മാറി എന്ന് പറയാന്‍ കഴിയില്ല. ഇന്ത്യയിലെ മറ്റു മതസ്ഥര്‍ക്ക് ഈ ജീവിതത്തിന്റെ ആഴവും അര്‍ത്ഥവും മനസിലാക്കുവാന്‍ കഴിയില്ല.

എന്റെ സന്യാസ ജീവിതത്തില്‍ ഞാന്‍ പട്ടണങ്ങളിലം നഗരങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. പ്രമുഖ കോളേജില്‍  മാധ്യമ പ്രവര്‍ത്തനം പഠിച്ചിട്ടുണ്ട്. അതിന്റ ഭാഗമായി സന്യാസത്തിന്റെ പരമ്പരാഗതമായ രീതികളില്‍ നിന്ന് മാറി സഞ്ചരിക്കേണ്ടതായും വന്നിട്ടുണ്ട്. എല്ലാ മേഖലകളില്‍ നിന്നും നാണിച്ചു മാറി നില്‍ക്കുക എന്നത് ഒന്നിനും ഒരു പരിഹാരം അല്ല. ഇന്ത്യയില്‍ മുഖ്യധാരയില്‍ നിന്ന് സമര്‍പ്പിതരായവര്‍ക്ക് മാറി നില്‍ക്കുക സാധ്യമല്ല. സമൂഹത്തില്‍ സ്ത്രീകളുടെ ശക്തി, പ്രാധാന്യം വളരെ വലുതാണ്‌.

പല തരത്തിലുള്ള അഴിമതികളുടെയും ആക്രമണങ്ങളുടെയും ഒക്കെ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ടെങ്കിലും സന്യാസത്തിന്റെ മനോഹരമായ ഒരു ഭാഗം ഇപ്പോഴും നിലനില്‍ക്കുന്നു. അത് ഇനിയും നിലനില്‍ക്കും. ഇന്നു ഇന്ത്യയില്‍ നിരവധി സന്യാസ സമൂഹങ്ങള്‍ ഉണ്ട്. ഇന്നത്തെ സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കു അനുസരിച്ച് ഞങ്ങളുടെ ദൌത്യ നിര്‍വഹിക്കാന്‍ ഫലപ്രദമായ മാറ്റങ്ങള്‍ ഞങ്ങളും സ്വീകരിക്കുന്നു. സമര്‍പ്പിത ജീവിതം ഫലപ്രദമായി നയിക്കുന്നത് എങ്ങനെ എന്ന്  നിർവചിക്കാനുള്ള സാർവത്രിക പാരാമീറ്ററുകൾ ഒന്നും തന്നെ ഇല്ല. അതിനാല്‍ തന്നെ മാറ്റങ്ങള്‍ക്കനുസരിച്ച് ദൌത്യ നിര്‍വഹണത്തിന് ഉചിതമായ രീതികള്‍ സന്യാസ സാമൂഹങ്ങള്‍ സ്വീകരിക്കുന്നു എന്ന് സിസ്റ്റര്‍ ടെസ്സി ജേക്കബ് സാക്ഷ്യപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ