തൊണ്ണൂറ്റി മൂന്നാം വയസില്‍ ബൈബിള്‍ പകര്‍ത്തി എഴുതിയ നമ്മുടെ സ്വന്തം അമ്മച്ചി

മത്സരമായിരുന്നു എന്നറിയില്ലായിരുന്നു… അറിഞ്ഞിരുന്നെങ്കില്‍ കുറച്ചു കൂടി വൃത്തിയായി എഴുതാമായിരുന്നു എന്നു പറഞ്ഞ്  ആ എഴുത്തുകാരി ചിരിച്ചു. ആ ചിരിക്ക് ഒരു ലോക റിക്കോഡ് നേടിയ തിളക്കമുണ്ടായിരുന്നു. കക്ഷി ആരാന്നല്ലേ ? ഇതു ചിന്നമ്മ ലൂക്കോസ്. തൊണ്ണൂറ്റി മൂന്നാം വയസില്‍ ബൈബിള്‍ പകര്‍ത്തി എഴുതിയ ബൈബിള്‍ മുത്തശ്ശി.

കൊച്ചുമകന്റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി ബൈബിള്‍ എഴുതാനിടയായ സംഭവത്തെക്കുറിച്ചു മുത്തശ്ശി ലൈഫ് ഡേയോട് പറഞ്ഞു തുടങ്ങി…

ബൈബിള്‍ പകര്‍ത്തി എഴുത്തു മത്സരം  

കത്തോലിക്കാ സഭയിലെ അത്മായരുടെ ഒരു മിഷന്‍ സംഘടനയാണ് ഫിയാത്ത് മിഷന്‍. ഫിയാത്ത് മിഷന്റെ ആഭിമുഖ്യത്തില്‍ ആണ് ബൈബിള്‍ പകര്‍ത്തി എഴുത്തു മത്സരം നടന്നത്. മത്സരത്തിന്റെ ഭാഗമായി ഇടവക തലത്തില്‍ മത്സരം നടത്തുന്ന വിവരങ്ങളും നിബന്ധനകളും ഇടവക വികാരിയായ ഫാ. തോമസ് കിഴക്കേല്‍ പള്ളിയില്‍ വിളിച്ചു പറഞ്ഞു. ഇടവകതലത്തില്‍ ബൈബിള്‍ പകര്‍ത്തിയെഴുത്തു മത്സരം നടത്തിയ ഏക ഇടവകയായിരുന്നു പൈക സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക. അമ്പത്തി രണ്ടോളം ആളുകള്‍ മത്സരത്തില്‍ പങ്കെടുത്തു. അതില്‍ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു ചിന്നമ്മ ലൂക്കോസ്.

പ്രതിസന്ധികളെ തരണം ചെയ്തു ലക്ഷ്യത്തിലേയ്ക്ക് 

വികാരിയച്ചന്‍ പള്ളിയില്‍ വിളിച്ചു പറഞ്ഞപ്പോള്‍ അത് ശ്രദ്ധയോടെ കേട്ടിരുന്നവരില്‍ ചിന്നമ്മ ലൂക്കോസും ഉണ്ടായിരുന്നു. ആദ്യം കേട്ടപ്പോള്‍ ചെറുപ്പക്കാര്‍ എഴുതട്ടെ എന്ന് കരുതി മാറി നില്‍ക്കുകയായിരുന്നു. പ്രായത്തിന്റെ അവശതകള്‍ക്കിടയില്‍ നേരം പോകാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലായെന്ന് കണ്ടപ്പോള്‍ ബൈബിള്‍ പകര്‍ത്തി എഴുതിയാലോ എന്ന് തോന്നി. കാര്യം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ അവര്‍ എല്ലാവിധ പിന്തുണയും നല്‍കി.

വീട്ടുകാരുടെ പിന്തുണ ഉറപ്പായപ്പോള്‍ ചിന്നമ്മ ഒരു ചെറുപ്പക്കാരിയായി. മക്കളെക്കൊണ്ട് നോട്ട് ബുക്ക് വാങ്ങിപ്പിച്ചു. ചിന്നമ്മച്ചി ബൈബിള്‍ പകര്‍ത്തി എഴുതുവാന്‍ ആരംഭിച്ചു. കറതീര്‍ന്ന ഒരു എഴുത്തുകാരിയുടെ ഗൗരവത്തില്‍ അങ്ങനെ ചിന്നമ്മച്ചി എഴുത്ത് തുടങ്ങി. പഴയ നാലാം ഫോറം വരെ വിദ്യാഭ്യാസം ഉള്ള ചിന്നമ്മച്ചി നാളുകള്‍ക്കു ശേഷമാണ് പേന കയ്യിലെടുക്കുന്നത്. അതിനാല്‍ തന്നെ ആദ്യം ഒക്കെ വളരെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും ആ പ്രതിസന്ധികള്‍ക്കു മുന്‍പില്‍ തോറ്റുകൊടുക്കാന്‍ മുത്തശ്ശി തയ്യാറായിരുന്നില്ല.

ആദ്യം അക്ഷരങ്ങളോടുള്ള ഒരു മത്സരമായിരുന്നുവെങ്കില്‍ രണ്ടാമത്തേത് പ്രായത്തോടുള്ള യുദ്ധമായിരുന്നു. പകല്‍സമയത്ത് വീടിന്റെ വടക്കുഭാഗത്തെ വരാന്തയിലിരുന്നായിരുന്നു എഴുത്ത്. വെയിലാകുമ്പോള്‍ അകത്തു കയറും. പ്രായത്തിന്റേതായ അവശതകള്‍ മൂലം അധികം നേരം ഇരുന്നെഴുതാനാകില്ല. എങ്കിലും പറ്റുന്ന സമയങ്ങളിലൊക്കെ ആവേശത്തോടെ ബൈബിള്‍ പകര്‍ത്തി എഴുതുന്നതായി കാണുവാന്‍ കഴിയും എന്ന് മക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. അവശതകള്‍ക്കിടയില്‍ ഒരിക്കല്‍ പോലും മക്കളെക്കൊണ്ട് എഴുതിപ്പിക്കുകയോ അവരില്‍ നിന്ന് സഹായം തേടുകയോ ചെയ്തിട്ടില്ല. എഴുതിയ ഭാഗങ്ങള്‍ മക്കളോ കൊച്ചുമക്കളോ അടയാളപ്പെടുത്തിക്കൊടുക്കും. അത്രമാത്രം.

അങ്ങനെ ഏഴു മാസങ്ങള്‍കൊണ്ട് മുത്തശ്ശി പുതിയ നിയമം പൂര്‍ത്തിയാക്കി. 2017  മാര്‍ച്ച് ഒന്നിന് ആണ് ബൈബിള്‍ പകര്‍ത്തി എഴുതാന്‍ ആരംഭിച്ചത്. ഓഗസ്റ്റ് ഒന്‍പതിന് പൂര്‍ത്തിയാക്കി ഇടവക വികാരി ഫാ. തോമസ് കിഴക്കേലിനു സമര്‍പ്പിച്ചു.

സംതൃപ്തി 

എഴുതി പൂര്‍ത്തിയാക്കും എന്നുറപ്പില്ലാതെയാണ് ചിന്നമ്മ  ലൂക്കോസ് ബൈബിള്‍ പകര്‍ത്തി എഴുതാന്‍ ആരംഭിച്ചത്. ആദ്യം മൊത്തം തെറ്റുകളായിരുന്നു. എങ്കിലും അവസാന സമയത്ത് വലിയ ആവേശമായിരുന്നു എന്ന് മുത്തശ്ശി പറയുന്നു. എഴുതി പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ വലിയൊരു സംതൃപ്തി, സന്തോഷം. വലിയ ഒരു കാര്യം സാധിച്ചെടുത്ത അനുഭൂതിയായിരുന്നു മുത്തശ്ശിക്ക്. സന്തോഷത്തിനിടയിലും മുത്തശ്ശി തെല്ലൊരു പരിഭവത്തോടെ പറയും’ ആരും ഇതൊരു മത്സരമാണെന്നു പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി വൃത്തിയായി എഴുതാമായിരുന്നു.’

നാല് ആണ്‍മക്കളും നാല് പെണ്‍മക്കളും ഉള്ള ഈ ബൈബിള്‍ മുത്തശ്ശി തന്റെ തൊണ്ണൂറ്റി മൂന്നാം വയസിലും എല്ലാ ഞായറാഴ്ചയും ദൈവാലയത്തിലെത്തും. ഈ ബൈബിള്‍ മുത്തശ്ശിയെ ഇനി കാണണം എന്നുണ്ടോ? എങ്കില്‍ മേയ് ഇരുപതാം തിയതി പൈക സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ വൈകിട്ട് ഒരു പരിപാടിയുണ്ട്. അവിടെത്തിയാല്‍ ഈ ബൈബിള്‍ മുത്തശ്ശിയെയും ഒപ്പം ബൈബിള്‍ പകര്‍ത്തിയെഴുതിയ മറ്റുള്ളവരെയും കാണാനാകും. എന്ത് തന്നെയായാലും ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യുവാന്‍ ഈ മുത്തശ്ശിയെ അനുഗ്രഹിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply