‘എന്റെ രൂപതയെ കൈപിടിച്ചു നടത്തുന്നത് ദൈവമാണ്’ ബിഷപ്പ് പള്ളിപ്പറമ്പിലിന്റെ സാക്ഷ്യം 

  ഒരു രൂപതയെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി, പുരോഗതിക്കായി ധാരാളം പദ്ധതികളും പ്രവര്‍ത്തനങ്ങളും ഉണ്ടാവും. എന്നാല്‍ അതിനെല്ലാം അപ്പുറമായി തന്റെ രൂപതയെ കൈപിടിച്ച് നടത്തുന്ന ദൈവത്തിന്റെ സാന്നിധ്യമാണ് താന്‍ ഇതുവരെ അനുഭവിച്ചതെന്നു മിയാവോ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ സാക്ഷ്യപ്പെടുത്തുന്നു.

  2005 ല്‍ ആണ് ചൈനയുടെ അതിര്‍ത്തിയോടു ചേര്‍ന്ന് കിടക്കുന്ന അരുണാചല്‍ പ്രദേശിനെ കേന്ദ്രമാക്കി മിയാവോ രൂപത സ്ഥാപിതമാകുന്നത്. ‘ഞങ്ങള്‍ ഇവിടെ വരുമ്പോള്‍ വിശുദ്ധ ബലിയര്‍പ്പിക്കുവാന്‍  പള്ളിയോ, പദ്ധതികളോ, സഭാ സ്ഥാപനങ്ങളോ, വൈദിക മന്ദിരങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ആ ഇല്ലായ്മയില്‍ നിന്ന് ദൈവം എല്ലാം പണിതുയര്‍ത്തുകയായിരുന്നു.’ ബിഷപ്പ് പറയുന്നു.

  ആദ്യ വര്‍ഷങ്ങളിലെ അനുഭവം

  ഏകദേശം നാല്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പള്ളിപ്പറമ്പിലച്ചന്‍ മിയാവോ പ്രദേശത്ത്, അരുണാചല്‍ പ്രദേശില്‍ എത്തുന്നത്. അന്ന് ശരിക്കും സൈന്യത്തിന്റെ അധീനതയില്‍ ഉള്ള ഒരു സ്ഥലമായിരുന്നു ഇത്. ഒരു സംസ്ഥാനത്തിനുള്ളിലെ സംസ്ഥാനം എന്ന് തോന്നിക്കുന്ന സ്ഥലം. വിദ്യാഭ്യാസം ഇല്ലാത്ത നിരക്ഷരരായ കുറെ അധികം ആളുകള്‍, വികസനം തൊട്ടു തീണ്ടിയിട്ടിത്താത്ത സ്ഥലങ്ങള്‍ ഇതായിരുന്നു അന്നത്തെ അവസ്ഥ. അവിടുത്തെ ആദിവാസികളെ കണ്ടപ്പോള്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മറയ്ക്കപ്പെട്ടിരുന്ന ഒരു സമൂഹം എന്നായിരുന്നു തനിക്കു തോന്നിയത് എന്ന് ബിഷപ്പ് ഓര്‍ക്കുന്നു.

  കേരളത്തിലെ സുരക്ഷിതമായ അന്തരീക്ഷങ്ങളില്‍ നിന്ന് കടന്നു ചെന്ന അദ്ദേഹം ആദ്യം ചെയ്തത് അവിടെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. അതിനായുള്ള സൗകര്യങ്ങള്‍ അവിടെ ഒരുക്കി. കുട്ടികളെ പഠിപ്പിച്ചു. ആദ്യം ഒക്കെ വൈദികരെ പേടിയോടെ നോക്കിയിരുന്ന ആളുകളുടെ മനോഭാവത്തില്‍ പിന്നീട് മാറ്റം വന്നു തുടങ്ങി. ഒരിക്കല്‍ ഒരു വിശ്വാസിക്കൊപ്പം സുവിശേഷപ്രവര്‍ത്തനം  നടത്തിയിട്ടു തിരിച്ചു വരുകയായിരുന്നു. അന്ന് പോലീസ് ബിഷപ്പിനെ അറസ്‌റ് ചെയ്തു. 1980 ലെ ക്രിസ്മസ് രാത്രിയായിരുന്നു അത്. അന്ന് രാവിലെ പോലീസ് സ്റ്റേഷനില്‍ എത്തിയ അച്ചനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തു. ഉടനെ എങ്ങും വിടുന്ന ലക്ഷണം കണ്ടിരുന്നില്ല . ആ സമയം അടുത്ത ഗ്രാമത്തില്‍ നിന്ന് ഒരു സംഘം ആളുകള്‍ വാളും ടോര്‍ച്ചും ഒക്കെയായി പോലീസ് സ്റ്റേഷനില്‍ എത്തി . എന്നിട്ട് ‘ ഞങ്ങള്‍ക്ക് ഞങ്ങളുടെ അച്ചനെ തിരികെ തരുക എന്ന് പറഞ്ഞു.’ നിവര്‍ത്തിയില്ലാതെ പോലീസ് അച്ചനെ വെറുതെ വിട്ടു. ആ സംഭവം ബിഷപ്പ് ഇന്നും ഓര്‍ക്കുന്നുണ്ട്.

  സുവിശേഷത്തിന്റെ സ്വാതന്ത്ര്യം

  അവിടെ എത്തിയ പള്ളിപ്പറമ്പില്‍ അച്ചന് സുവിശേഷത്തിനായി ദാഹിക്കുന്ന കുറെയധികം ആളുകളെയാണ് കാണാന്‍ കഴിഞ്ഞത്. അവരെ സംബന്ധിച്ചിടത്തോളം സുവിശേഷം എന്നത് അവര്‍ക്കു ലഭിക്കുന്ന സാമൂഹികമായ ഒരു സ്വാതന്ത്ര്യം ആയിരുന്നു. കാരണം അന്നുവരെ അവര്‍ക്കു ലഭിക്കാതിരുന്ന വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മരുന്ന്, ജീവിത സാഹചര്യങ്ങള്‍ തുടങ്ങിയവ മിഷന്‍ പ്രവര്‍ത്തനത്തിലൂടെ അവര്‍ക്കു ലഭ്യമാകുകയും അവരുടെ ജീവിത നിലവാരം ഉയരുകയും ചെയ്തു. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളും അവരെയും ബഹുമാനിക്കണം എന്ന ആശയവും അവരെ സംബന്ധിച്ചിടത്തോളം അത്ഭുതമായിരുന്നു.

  ഒപ്പം തന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ പഠിപ്പിക്കുന്ന ആ ദൈവത്തെ അവര്‍ സ്വീകരിക്കുവാന്‍ തയ്യാറായി. അച്ചന്‍ തന്റെ പ്രവര്‍ത്തനം ആരംഭിക്കുന്ന സമയത്തു വിരലില്‍ എണ്ണാന്‍ മാത്രം  വിശ്വാസികള്‍ ആണ് ഉണ്ടായിരുന്നത് എങ്കില്‍ ഇന്ന് അവിടെ ഒരു ലക്ഷത്തിനടുത്ത് വിശ്വാസികള്‍ ഉണ്ട്. ഈ ഒരു വളര്‍ച്ച അത് ദൈവം കൈപിടിച്ചു നടത്തിയത് കൊണ്ട് മാത്രമാണെന്ന് വിശ്വസിക്കുകയാണ് ബിഷപ്പ് പള്ളിപ്പറമ്പില്‍.

  ‘പരസ്പരം സംസാരിച്ചും പങ്കുവെച്ചുമുള്ള ഞങ്ങളുടെ ജീവിതത്തില്‍, പ്രവര്‍ത്തനങ്ങളില്‍ ദൈവം ഇടപെടുകയും ചേര്‍ത്തു നിര്‍ത്തുകയും ആയിരുന്നു. ഒരിക്കലും നടക്കും എന്ന് കരുതാത്ത കാര്യങ്ങള്‍ പോലും ഇന്ന് നടക്കുമ്പോള്‍ അതൊക്കെ ദൈവം കൂടെയുള്ളതുകൊണ്ടും ദൈവാനുഗ്രഹം ഉള്ളതുകൊണ്ടും മാത്രമാണെന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’ ബിഷപ്പ് പറയുന്നു .

  പല വിധ പ്രതിസന്ധികള്‍ ഉള്ളപ്പോഴും ദൈവത്തിന്റെ കരം ഒപ്പം ഉണ്ടാവും എന്ന് പൂര്‍ണ്ണമായും വിശ്വസിച്ചു കൊണ്ട് രൂപതയെ ചേര്‍ത്തു പിടിച്ച് തന്റെ അജപാലന ദൗത്യം തുടരുകയാണ് ബിഷപ്പ് ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  അഭിപ്രായങ്ങൾ