അവര്‍ തല്ലിപ്പൊളിച്ചപ്പോള്‍ ആരും വന്നില്ല – ഉജ്ജയ്നിന്‍ പുഷ്പ ഹോസ്പിറ്റലില്‍ നടന്നത്

1974  ഡിസംബര്‍ 1 – നാണ് പുഷ്പ ഹോസ്പിറ്റല്‍ ഉജ്ജയ്നില്‍ സ്ഥാപിതമാകുന്നത്. അക്കാലത്ത് സമീപമുള്ള ഗ്രാമങ്ങളില്‍ ആരോഗ്യ പരിപാലന മാര്‍ഗങ്ങള്‍ ഒന്നുമില്ല. ആശുപത്രികളില്ല, ആരോഗ്യ പരിപാലന  മാര്‍ഗങ്ങളെക്കുറിച്ച് അറിവും ഇല്ല. ആ ഒരു സാഹചര്യത്തിലാണ് പുഷ്പാ ഹോസ്പിറ്റല്‍ ഉജ്ജയ്നില്‍ സ്ഥാപിതമാകുന്നത്.

ആദ്യ കാലത്ത് ഗ്രാമവാസികള്‍ ആരും വരാറില്ലായിരുന്നു! കാരണം ആര്‍ക്കും  ആരോഗ്യ പരിപാലന  മാര്‍ഗങ്ങളെക്കുറിച്ച് അറിവില്ലാത്തത്‌ തന്നെ. അതുകൊണ്ട് ഡോക്ടര്‍മാരും സിസ്റ്റര്‍മാരും ഗ്രാമങ്ങളിലേയ്ക്ക് പോയി. അവിടെ വഴികളിലും വീടുകളുടെ മുറ്റത്തും ഇരുന്നും നിന്നും അവര്‍  രോഗികളെ കണ്ടു, മരുന്നുകള്‍ കൊടുത്തു, ശുശ്രൂഷിച്ചു. അനേകര്‍ സുഖപ്പെട്ടു. അതോടെ ആളുകള്‍ക്ക്  ഡോക്ടര്‍മാരിലും സിസ്റ്റര്‍മാരിലും ആശുപത്രിയിലും വിശ്വാസമായി. അവരുടെ ആരോഗ്യ പരിപാലന കേന്ദ്രമായി ക്രമേണ  പുഷ്പാ ഹോസ്പിറ്റല്‍മാറി.

ഇപ്പോള്‍ 200 കിടക്കകൾ ഉള്ള ഒരു ആശുപത്രിയായി പുഷ്പ മാറിയിരിക്കുന്നു. സമഗ്രമായ ആരോഗ്യ പരിപാലനം സമൂഹത്തിലെ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുകയാണ് ഈ ആശുപത്രിയുടെ ലക്‌ഷ്യം. കത്തോലിക്കാസഭയുടെ സമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉദാത്ത മാതൃകയായി പുഷ്പാ ഹോസ്പിറ്റല്‍  ഉജ്ജയ്നില്‍ ഉയര്‍ന്ന് നിന്നു.

ആ  ഹോസ്പിറ്റലാണ് ഇന്ന് രാവിലെ ബി.ജെ.പി. എം.പി ചിന്താമണി മല്‍വിയുടെ   പ്രൈവറ്റ് സെക്രട്ടറി ഗഗന്‍സിംഗിന്‍റെ നേതൃത്വത്തില്‍ ക്രിമിനലുകളും ഗുണ്ടകളും അടിച്ച് പൊളിച്ചത്.

രാവിലെ 9.30 ഓടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി എത്തി ആക്രമണം അഴിച്ചുവിട്ടു. ആദ്യമേ അവര്‍  ആശുപത്രിയുടെ സി.സി. ടിവി തകര്‍ത്തു. പിന്നിട്,  ജെസിബി ഉപയോഗിച്ച് മതിലും അതിനോട് ചേര്‍ന്നുള്ള ഭാഗങ്ങളും പൊളിച്ചു. തുടര്‍ന്നാണ് ഏറ്റവും ഹീനമായ കാര്യം ചെയ്തത്. ICU, ഓപ്പറേഷന്‍ തീയേറ്റര്‍, Blood Bank, എന്നിവിടങ്ങളിലേയ്ക്ക് കറന്റ് പോകുന്ന ലൈന്‍  കട്ട്‌ ചെയ്തു. ജനറേറ്റര്‍ ലൈനും ഇല്ലാതാക്കി. ജല വിതരണ ലൈനും മുറിച്ചു.  200 കിടക്കകൾ ഉള്ള ഒരു ആശുപത്രിയാണ് എന്നോര്‍ക്കണം. എല്ലാതരം രോഗികളും ഉള്ള ആശുപത്രി! ആരെങ്കിലും ഒരാള്‍ ഇന്നോ നാളെയോ ഇതിന്റെ പരിണിതഫലമായി മരിച്ചാല്‍ ആര് ഉത്തരം പറയും? അതിന്റെ പേരില്‍ ഇവര്‍ തന്നെ നാളെ ആശുപത്രി കത്തിക്കാന്‍ വന്നേക്കും!

ജെസിബിയുമായെത്തിയ സംഘം ഗേറ്റിനു സമീപം അക്രമികള്‍ വലിയ കുഴികള്‍ നിര്‍മിച്ചിട്ടുണ്ട്. മാരകായുധങ്ങള്‍ കൈയിലുണ്ടായിരുന്ന അക്രമികള്‍ എതിര്‍ക്കാന്‍ ശ്രമിച്ച നഴ്സുമാരെ സംഘം മർദ്ദിക്കുകയും ചെയ്തു.

സ്ഥലത്തെ എംപിയുടെ പ്രൈവറ്റ് സെക്രട്ടറി ഗഗന്‍സിംഗിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്.  ആശുപത്രിയുടെ മുന്‍ഭാഗത്തെ ഭൂമി തന്‍റേതാണെന്നു ചൂണ്ടിക്കാട്ടി പ്രൈവറ്റ് സെക്രട്ടറിയുടെ മകന്‍ ഒരു മാസം മുന്‍പ് സ്ഥലം കൈയേറാന്‍ ശ്രമിച്ചിരുന്നു. നിരവധി വര്‍ഷങ്ങളായി ആശുപത്രിയുടെ പേരിലുള്ളതും ഉപയോഗിച്ചു വരുന്നതുമായ ഭൂമിയിലാണു കൈയേറ്റശ്രമം നടന്നത്  എന്ന്  ഓര്‍മ്മിക്കണം.

ഏറ്റവും സങ്കടകരമായ കാര്യം രാവിലെ  9.30 – ന് നടന്ന ഈ സംഭവം അപ്പോള്‍ത്തന്നെ പോലിസ് അധികൃതരെ അറിയിച്ചിട്ടും ആരും എത്തിയില്ല എന്നതാണ്. സ്ത്രീകള്‍ക്കുനേരെ വരെ ആക്രമണം അവര്‍ അഴിച്ചുവിട്ടിരുന്നു. വനിതാ സെല്ലിലും അറിയിച്ചു. അവരും കൈയൊഴിഞ്ഞു. പിന്നെ വരാം… പിന്നെ വരാം…എന്നാണ് അവരുടെ മറുപടി. ഇത് എഴുതുമ്പോള്‍ രാത്രി 8.00 മണി. ഇതുവരെ  അധികൃതര്‍ ആരും ഇവിടെ വന്നില്ല.

എത്രയോ പേര്‍ ജനിച്ച ആശുപത്രിയാണിത്  (ഓരോ മാസവും 400 കുട്ടികള്‍ ഇവിടെ ജനിക്കുന്നു), എത്രയോ പേര്‍ സുഖപ്പെട്ട ആശുപത്രിയാണിത്, എത്രയോ പേര്‍ ശുശ്രൂഷകള്‍ സ്വീകരിച്ച് മരിച്ച ആശുപത്രിയാണിത്. പക്ഷേ, ഇത് തകര്‍ക്കപ്പെട്ടപ്പോള്‍ ആരും വന്നില്ല, ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here