വിശുദ്ധരായ രണ്ടു വ്യക്തികളുടെ അപൂര്‍വ കൂടിക്കാഴ്ച 

വിശുദ്ധ പദവിയിലേക്ക് ഈ വര്‍ഷം ഉയര്‍ത്തപ്പെടും എന്ന് കരുതപ്പെടുന്ന വാഴ്ത്തപ്പെട്ട കര്‍ദിനാള്‍ ഓസ്‌കാര്‍ റൊമേരോയും പോള്‍ ആറാമന്‍ പാപ്പായും തമ്മില്‍ ഒരിക്കല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 1978 ജൂണ്‍ മാസത്തിലായിരുന്നു ആ വിശുദ്ധ സംഗമം. മഹത്തായ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍ സാല്‍വദോറിലെ ജനങ്ങളെ സഹായിക്കുവാനും അന്ന് പാപ്പാ കര്‍ദിനാള്‍ ഓസ്‌കാറിനോട് പറഞ്ഞിരുന്നു.

നാളുകള്‍ക്കിപ്പുറം ഇരുവരുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തിനായി സഭ ഒരുങ്ങുന്ന അവസാന ഘട്ടത്തിലാണ് ഈ കൂടിക്കാഴ്ച പ്രസക്തമാകുന്നത്.  1977 മുതല്‍ 1980 വരെ സാന്‍ സാല്‍വദോറിലെ ബിഷപ്പായിരുന്നു കര്‍ദിനാള്‍ ഓസ്‌കാര്‍ റൊമേരോ. സല്‍വാരോരിലെ ഗവണ്‍മെന്റിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പോരാടിയ കര്‍ദിനാള്‍, സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കായി നിലകൊണ്ടിരുന്ന വ്യക്തിയാണ്. ഇതില്‍ വൈരാഗ്യം തോന്നിയ ആളുകള്‍ അദ്ദേഹത്തെ കൊല്ലുകയായിരുന്നു. അദ്ദേഹത്തിന്റെ മരണം രക്തസാക്ഷിത്വമായി അംഗീകരിച്ച സഭ 2015 ല്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

ഓസ്‌കാര്‍ റൊമേരോ റോമിലെത്തി 1978 ല്‍ വത്തിക്കാന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പോള്‍ ആറാമന്‍ പാപ്പായുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ജൂണ്‍ 21 നാണ് പാപ്പായും കര്‍ദിനാളും കൂടിക്കാഴ്ച നടത്തിയത്.  “നിങ്ങളുടെ ബുദ്ധിമുട്ടുള്ള ജോലി ഞാന്‍ മനസ്സിലാക്കുന്നു. ഇത് തെറ്റിദ്ധരിക്കാവുന്ന ഒരു പ്രവര്‍ത്തിയാണ്, നിങ്ങള്‍ക്ക് ധാരാളം ക്ഷമയും സഹിഷ്ണുതയും ആവശ്യമാണ്. എല്ലാവരും  നിങ്ങളെപ്പോലെ കരുതുന്നവരാണെന്നു ഞാന്‍ ചിന്തിക്കുന്നില്ല. നിങ്ങളുടെ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥയില്‍ ധൈര്യത്തോടും ക്ഷമയോടും പ്രത്യാശയോടും കൂടെ പ്രവര്‍ത്തിക്കുക” എന്ന് പോള്‍ ആറാമന്‍ പാപ്പാ കര്‍ദിനാള്‍ റൊമേരോയോട് പറഞ്ഞിരുന്നു.

അദ്ദേഹം എനിക്കുവേണ്ടി കൂടുതല്‍ പ്രാര്‍ത്ഥിക്കുമെന്നു ഉറപ്പുനല്‍കി. അതിനാല്‍ ഐക്യം സാധ്യമാക്കുന്നതിന് എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്യും എന്ന് കര്‍ദിനാള്‍ തന്റെ ഡയറിയില്‍ ചേര്‍ത്തു. ഇരുവരുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തിനായുള്ള ഡിക്രിയില്‍ ഫ്രാന്‍സിസ് പാപ്പാ ഒപ്പുവച്ചിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ മാസം നടക്കുന്ന മെത്രാന്‍ സിനഡിനോട് അനുബന്ധിച്ച് ഇരുവരുടെയും വിശുദ്ധ പദവി പ്രഖ്യാപനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply