ബോണക്കാട് കുരിശുമല: പൊലീസ് അക്രമത്തില്‍ പ്രതിഷേധമിരമ്പുന്നു

കൊച്ചി: നെയ്യാറ്റിന്‍കര രൂപതയിലെ തീര്‍ത്ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്ക് ക്രൈസ്തവര്‍ നടത്തിയ കുരിശുയാത്രയ്‌ക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ കേരള ലത്തീന്‍ സഭയുടെ പ്രതിഷേധം വ്യാപകമാകുന്നു. രൂപതകളിലും ഫൊറോന – ഇടവകതലങ്ങളിലും നടത്തിയ പ്രതിഷേധ റാലികള്‍ക്കും യോഗങ്ങള്‍ക്കും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍, കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് എന്നിവര്‍ നേതൃത്വം നല്‍കി ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ബോണക്കാട് കുരിശുയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കും വൈദിക-സന്യസ്ത നേതൃത്വത്തിനും നേരെ പൊലീസിന്റെ മൃഗീയമായ ലാത്തി പ്രയോഗമാണ് നടന്നത്. പ്രകോപനപരമായ നടപടികള്‍ ഒന്നുമില്ലാതെ സമാധാനപൂര്‍വ്വം നടത്തിയ വിശ്വാസ റാലിക്കുനേരെയാണ് പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനമുറ ഉണ്ടായത്. ഇതോടനുബന്ധിച്ച് വനംമന്ത്രി കെ. രാജുവിന്റെ വസതിയിലേക്ക് കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധ റാലിയെ പൊലീസ് ബലം പ്രയോഗിച്ച് തടയുകയും സ്ത്രീകളെ അക്രമിക്കുകയും ചെയ്തു. ഇതില്‍ അമര്‍ഷം രേഖപ്പെടുത്തിക്കൊണ്ട് നെയ്യാറ്റിന്‍കര രൂപത പാസ്റ്റല്‍ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്ന് പ്രതിഷേധം രേഖപ്പെടുത്തി. വിതുര വിസിറ്റേഷന്‍ സന്യാസസഭയിലെ സിസ്റ്റര്‍ മേബിളിന്റെ ശിരോവസ്ത്രം വലിച്ചു കീറിയതും സിസ്റ്ററെയും വനിതാ വിശ്വാസികളെയും മൃഗീയമായി പൊലീസ് ആക്രമിച്ചതും സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധതയെ വെളിപ്പെടുത്തുന്നതായിരുന്നുവെന്ന് കൗണ്‍സില്‍ കുറ്റപ്പെടുത്തി. ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ യോഗം ഉദ്ഘാടനം ചെയ്തു. വികാരി ജനറല്‍ മോണ്‍ ജി. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു.

നെയ്യാറ്റിന്‍കര ഫൊറോനതലത്തില്‍ നടന്ന പ്രതിഷേധ ജാഥ

രൂപതയിലെ വിവിധ ഫൊറോനകളുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. നെയ്യാറ്റിന്‍കര ഫൊറോനയില്‍ കെഎല്‍സിഎ, കെസിവൈഎം പ്രവര്‍ത്തകര്‍ സംയുക്തമായി നടത്തിയ പ്രതിഷേധ റാലി നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ എപ്പിസ്‌കോപ്പന്‍ വികാരി മോണ്‍. വി. പി. ജോസ് ഉദ്ഘാടനം ചെയ്തു. കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ബിനു, രൂപതാ പ്രൊക്കുറേറ്റര്‍ ഫാ. റോബിന്‍ സി. പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

കാട്ടാക്കടയില്‍ നടന്ന പ്രതിഷേധജാഥ ഫാ. ജോസഫ് അനില്‍ ഉദ്ഘാടനം ചെയ്യുന്നു.

കാട്ടാക്കട, കട്ടക്കോട് ഫൊറോനകള്‍ സംയുക്തമായി നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ കോര്‍പൊറേറ്റ് എഡ്യൂക്കേഷണല്‍ മാനേജര്‍ ഫാ. ജോസഫ് അനില്‍ വി. ഉദ്ഘാടനം ചെയ്തു. ഫാ. രാജേഷ് കുറിച്ചിയല്‍, ഫാ. അലോഷ്യസ് സത്യനേശന്‍, ഫാ. അജി അലോഷ്യസ്, ഷിബു, തോമസ്, പ്രിന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

നെടുമങ്ങാട് നടന്ന പ്രതിഷേധ യോഗത്തില്‍ ബോണക്കാട് കുരിശുമല സംരക്ഷണ സമിതി നെടുമങ്ങാട് മേഖലാ കണ്‍വീനര്‍ ബിജി ജി., ദേവദാസ്, മോഹനന്‍, ശോഭന്‍, ഏലിയാപുരം സേവ്യര്‍ എന്നിവര്‍ പങ്കെടുത്ത് പ്രസംഗിച്ചു.

വ്‌ളാത്താങ്കര ഫൊറോനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധറാലി ഉദയന്‍കുളങ്ങര ദേവാലയത്തില്‍ ഫൊറോനവികാരി ഫാ. എം. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. രൂപതാ മീഡിയാ സെല്‍ ഡയറക്ടര്‍ ഫാ. ജയരാജ്, കെഎല്‍സിഎ രൂപതാ പ്രസിഡന്റ് ഡി. രാജു, സംസ്ഥാന സമിതിയംഗം ജെ. സഹായദാസ്, സെക്രട്ടറി സദാനന്ദന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍, ഫാ. ക്രിസ്റ്റഫര്‍, ഫാ. വിപിന്‍ എഡ്‌വേര്‍ഡ്, കെഎല്‍സിഎ വ്‌ളാത്താങ്കര പ്രസിഡന്റ് സോമരാജ്, കെസിവൈഎം പ്രസിഡന്റ് സരിന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിവരുന്ന തീര്‍ത്ഥാടനത്തില്‍ കരുതിക്കൂട്ടി അക്രമമുണ്ടാക്കുകയും പൊലീസ് നരനായാട്ട് നടത്തുകയും ചെയ്തതില്‍ കെഎല്‍സിഎ സംസ്ഥാന സമിതി അടിയന്തര യോഗം ചേര്‍ന്നു പ്രതിഷേധം രേഖപ്പെടുത്തി. വിശ്വാസ സ്വാതന്ത്ര്യം മൗലീകവകാശമായ രാജ്യത്ത് ബോണക്കാട് നടന്ന സംഭവം കേരളത്തില്‍ ആദ്യമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് പറഞ്ഞു. കയ്യൂക്കും അധികാരവും ഉപയോഗിച്ചാല്‍ തകര്‍ക്കാവുന്നതല്ല ക്രൈസ്തവ വിശ്വാസമെന്നും കെഎല്‍സിഎ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, ഡയറക്ടര്‍ മോണ്‍. ജോസ് നവാസ് എന്നിവരുടെ ആഹ്വാനപ്രകാരം സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ ലത്തീന്‍ രൂപതകളില്‍ 6, 7 തീയതികളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.

വരാപ്പുഴ അതിരൂപത കെഎല്‍സിഎ എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനിലെ മദര്‍ തെരേസാ സ്‌ക്വയറില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ അതിരൂപതാ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. ജെ. പോള്‍, ജനറല്‍ സെക്രട്ടറി ലൂയീസ് തണ്ണിക്കോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോട്ടപ്പുറം രൂപതയില്‍ കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിഷേയന്‍ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധ യോഗം വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ ജക്കോബി ഉദ്ഘാടനം ചെയ്തു. കെഎല്‍സിഡബ്ല്യുഎ ഡയറക്ടര്‍ ഫാ. ഫ്രാന്‍സ് കുരിശിങ്കല്‍ അധ്യക്ഷത വഹിച്ചു. കെഎല്‍സിഡബ്യുഎ മിഡില്‍ സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ഷീല ജേക്കബ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. എല്‍സി ജോര്‍ജ്, രൂപതാ പ്രസിഡണ്ട്‌ ബേബി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

കോട്ടപ്പുറം രൂപതയില്‍ കെഎല്‍സിഡബ്ല്യുഎ യുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധയോഗത്തില്‍ അഡ്വ. എല്‍സി ജോര്‍ജ് സംസാരിക്കുന്നു. ഷീല ജേക്കബ്, വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ ജക്കോബി, ഡയറക്ടര്‍ ഫാ. ഫ്രാന്‍സ് കുരിശിങ്കല്‍, ബേബി ജോര്‍ജ് സമീപം.

കണ്ണൂര്‍: കെഎല്‍സിഎ കണ്ണൂര്‍ സമിതി നടത്തിയ പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ രൂപതാ പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു. പ്രശ്‌ന പരിഹാരത്തിനു മുഖ്യമന്ത്രി ഇടപെടണമെന്നും അക്രമം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. പുറമ്പോക്ക് സ്ഥലങ്ങളിലും സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലങ്ങളിലും എല്ലാ മതവിഭാഗങ്ങള്‍ക്കും ഇവിടെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളുണ്ട്. മറ്റു പലയിടത്തും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍ ആറ് പതിറ്റാണ്ട് കാലമായി ഒരു കയ്യേറ്റങ്ങളും നടത്താതെ ആരാധനയ്ക്കു മാത്രമായി ബോണക്കാട് തീര്‍ത്ഥാടന കേന്ദ്രത്തിലെത്തുന്ന വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതും അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതും സര്‍ക്കാരിന്റെ ഗൂഢശ്രമങ്ങളാണ്.

മോണ്‍. ആന്റണി പയസ്, ഫാ. ഷിജോ എബ്രഹാം, രൂപതാ ട്രഷറര്‍ ഗോഡ്‌സണ്‍ ഡിക്രൂസ്, റോബര്‍ട്ട് ഷിബു, ഫെലിക്‌സ് ഫെര്‍ണാണ്ടസ്, സെഡ്രിക് സൈമണ്‍, ബെനറ്റ് മരിയന്‍, റാഫേല്‍ ഷാജി, ആല്‍ഫ്രഡ് സെല്‍വരാജ്, ജോസ് പ്രകാശ്, സീമ ക്ലീറ്റസ് എന്നിവര്‍ പ്രസംഗിച്ചു.

നെയ്യാറ്റിന്‍കര ബോണക്കാട് കുരിശുയാത്രയ്ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കെഎല്‍സിഎ നടത്തിയ പ്രതിഷേധറാലി സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here