ബോണക്കാട് പ്രശ്‌നം; അക്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാകില്ലെന്ന് ഡോ.എം. സൂസപാക്യം

തിരുവനന്തപുരം: അക്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാകില്ലെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം. ബോണക്കാട് കുരിശുമല പ്രശ്‌നം ചര്‍ച്ചയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആരാധനാസ്വാതന്ത്ര്യം നല്‍കണമെന്നും ആര്‍ച്ച്ബിഷപ്പ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുഭാവപൂര്‍ണമായ സഹകരണം ഉണ്ടാകുമെന്നും ചര്‍ച്ചകളിലൂടെ വിഷയം പരിഹരിക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മാസാദ്യവെള്ളിയാഴ്ചയും വിശുദ്ധ വാരത്തിലും വിശ്വാസികള്‍ ബോണക്കാട്ടേക്കു പോകുന്നതു പതിവാണ്. കഴിഞ്ഞ ദിവസവും ആരാധനയ്ക്കാണ് ഇറങ്ങിയത്. എന്നാല്‍, അവിടെ സംഘര്‍ഷാവസ്ഥയുണ്ടായി. അക്രമവും ലാത്തിച്ചാര്‍ജുമുണ്ടായി. കുരിശിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ അസ്വസ്ഥത ജനിപ്പിക്കുന്നതിലും തുടര്‍ന്നു പോകുന്നതിലും ഖേദമുണ്ട്. സമാധാനവും ശാന്തിയും പ്രസംഗിക്കുന്ന തങ്ങളുടെ ഭാഗത്തുനിന്നു സംഘര്‍ഷപൂരിത അവസ്ഥയിലേക്കു കടന്നുപോകുന്നതു ദുരിതമായി തോന്നുന്നു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു.

ബോണക്കാട് കുരിശു സ്ഥാപിച്ചതിന്റെ വജ്രജൂബിലി 2017ല്‍ ആഘോഷിച്ചതാണ്. പ്രധാന കുരിശിനൊപ്പം ഈ സമയം വേറെയും കുരിശു വച്ചു. ഇതു പലരെയും പ്രകോപിച്ചതാണ് ഇന്നത്തെ സാഹചര്യത്തിലേക്കു നയിച്ചത്. മുഴുവന്‍ സ്ഥലത്തും കുരിശു വച്ചു പ്രകോപിപ്പിക്കേണ്ട കാര്യമില്ല. ഉള്ള കുരിശുവച്ചു പോയാല്‍ മതി. പുതുതായി വച്ച കുരിശുകള്‍ നീക്കിയതോടെ അസ്വസ്ഥതയുണ്ടായി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ മാസാദ്യവെള്ളിയിലും വിശുദ്ധ വാരത്തിലും പോകാനും പരമ്പരാഗതമായുള്ള സന്പ്രദായം തുടരാനും തീരുമാനമായിരുന്നു.

ഇതിനിടെ, അവിടെ സ്ഥാപിച്ചിരുന്ന മരക്കുരിശ് നശിച്ചു. ഇടി വീണതിനാലാണ് മരക്കുരിശ് നശിച്ചതെന്നു പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസമാണ്. ഈ സംഭവത്തില്‍ സാമൂഹ്യവിരുദ്ധരുടെ പങ്കുണ്ടായിരുന്നു. കുരിശ് നശിപ്പിക്കപ്പെട്ടപ്പോള്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. പുറമ്പോക്ക് സ്ഥലങ്ങളിലും സര്‍ക്കാരിന്റെ പക്കലുള്ള പല സ്ഥലങ്ങളിലും എല്ലാ മതവിഭാഗത്തിലെയും പ്രാര്‍ഥനാകേന്ദ്രങ്ങളുണ്ട്. മറ്റു പലേടത്തും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍ ബോണക്കാട്ടു മാത്രം നിഷേധിക്കുന്നതു ശരിയല്ലെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply