പോന്നോമനകള്‍ക്ക് നമുക്ക് നല്ല പുസ്തകങ്ങള്‍ സമ്മാനമായി നല്‍കാം

മിനു മഞ്ഞളി

എനിക്ക് പുസ്തകങ്ങളോട് എന്നും സ്നേഹമായിരുന്നു. അറിയാതെ എന്നിലേയ്ക്ക് കടന്നു വന്ന  അക്ഷരങ്ങളില്‍, സത്യത്തില്‍ ഞാന്‍ കണ്ടത് എനിക്കുള്ള ആശ്വാസവാക്കുകളായിരുന്നു. ഞാന്‍ തേടി നടന്ന നല്ല ഒരു സുഹൃത്തിനെയായിരുന്നു. ഒരിക്കലും എന്നെ തള്ളിപ്പറയാത്ത, ഒരിക്കലും എന്നെ വിട്ടു പിരിഞ്ഞു പോകാത്ത ആ പുസ്തകത്താളുകളോട് എനിക്ക് സ്നേഹമല്ലാതെ മറ്റെന്തായിരുന്നു! എന്നെന്നും ഒരു തലോടലായി, സാന്ത്വനമായി, ഒരിക്കലും പിരിയില്ലെന്നുറപ്പുള്ള ആ അക്ഷരങ്ങളെ എനിക്ക് സമ്മാനിച്ചത്‌ – വായിക്കാന്‍ പ്രേരിപ്പിച്ചത് – ഒരു അധ്യാപകന്റെ വാക്കുകളായിരുന്നു. ആ വാക്കുകളെ സ്നേഹത്തോടെ ഓര്‍ക്കുന്നു.

ബാല്യത്തില്‍ നന്മയിലേയ്ക്ക് നയിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ഓര്‍മ്മ, ഒരു കുട്ടിക്ക് നല്‍കാവുന്ന ഏറ്റവും ഉപകാരപ്രദമായ സമ്മാനം പുസ്തകങ്ങളാണ്, എന്ന ചിന്തയിലേയ്ക്ക് ഇപ്പോള്‍ നയിക്കുന്നു. വര്‍ണ്ണക്കടലാസ്സില്‍ ഒളിപ്പിച്ചു വച്ച സമ്മാനപ്പൊതികള്‍ക്കായി കാത്തിരിക്കുന്ന കുഞ്ഞുമക്കള്‍ക്ക്‌, നല്ല പുസ്തകങ്ങള്‍ നല്‍കുക വഴി നമ്മള്‍ അവരെ നന്മയിലേയ്ക്ക് നയിക്കുകയാണ്.

സമ്മാനമായി പുസ്തകങ്ങള്‍ കൊടുക്കുന്നത് മഹത്തരമാണ്, കാരണം…

-> ഏതു പ്രായത്തിനും താല്പര്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ പുസ്തകങ്ങള്‍ ലഭ്യമാണ്.

-> നമ്മുടെ ബജറ്റിന് യോജിക്കുന്ന പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ എളുപ്പത്തില്‍ സാധിക്കും.

-> ആര്‍ക്കും വളരെ എളുപ്പത്തില്‍ അയച്ചുകൊടുക്കുവാനാകുന്നു.

-> ഓണ്‍ലൈനില്‍ വാങ്ങിക്കുവാനും അയ്ക്കുവാനും അഭികാമ്യമാണ് പുസ്തകം.

-> വായന ജീവിതത്തില്‍ ഉണ്ടാകേണ്ട വളരെ പ്രധാനപ്പെട്ട ഒരു കഴിവാണ്. അത് വളര്‍ത്തിയെടുക്കാന്‍ നാം ഒരു നിമിത്തമായി മാറുന്നത് അനുഗ്രഹപ്രദമാണ്.

-> നല്ല പുസ്തകങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കുന്നത് വഴി അവര്‍ക്ക് ഒരു സമ്മാനം കൊടുക്കുന്നു എന്നതിനേക്കാള്‍ ജീവിതത്തില്‍ എന്നും ഉപകരിക്കുന്ന ഒരു സാമിപ്യമാണ് നാം സമ്മാനിക്കുന്നത്.

-> കളിച്ചു നശിച്ചുപോകാവുന്ന കളിപ്പാട്ടങ്ങളെക്കാളും ദ്രവിച്ച് പോകാവുന്ന വസ്ത്രങ്ങളെക്കാളും മാഞ്ഞ് പോകാവുന്ന നൈമിഷിക വസ്തുക്കളെക്കാളും തലമുറകള്‍തോറും ജീവന്‍ തുടിക്കുന്ന പുസ്തകങ്ങളുടെ മൂല്യം അളവറ്റതാണ്.

-> പുസ്തകങ്ങള്‍ സമ്മാനിക്കുമ്പോള്‍ പേരും ഒപ്പും എഴുതിവിടുന്നവരെ കണ്ടിട്ടില്ലെ? അങ്ങനെ ചെയ്യുന്നത് വഴി ഒരു ഓര്‍മ്മപ്പെടുത്തലായി നാമും നമ്മുടെ ആ സ്നേഹസന്ദേശവും ആ പുസ്തകത്തോടൊപ്പം എന്നും ജീവിക്കും. ഒരു പുസ്തകം സമ്മാനിച്ചത്‌ വഴി ലഭിച്ച പുഞ്ചിരി ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു. ആയിരമായിരം രോഗികളെ കണ്ടുമുട്ടി കടന്നു പോകുന്ന ആ ഡോക്ടര്‍ ഇന്നും എന്നെ ഓര്‍ക്കുന്നു എന്നത് ആനന്ദദായകമാണ്.

ഏത് പ്രായക്കാര്‍ക്കും നമുക്ക് സമ്മാനമായി പുസ്തകങ്ങള്‍ കൊടുക്കാവുന്നതാണ്. മുകളില്‍ പറഞ്ഞതു പോലെ എല്ലാ തരം പുസ്തകങ്ങളും ഇന്ന് ലഭ്യമാണ്. ചിത്രകഥകളെ സ്നേഹിക്കുന്ന കുരുന്നു പ്രായക്കാര്‍ക്കു കുട്ടികളുടെ ബൈബിളോ അതുപോലെ ഉള്ള മറ്റു ബുക്കുകളോ കണ്ടെത്താവുന്നതാണ്. യുവത്വത്തിലേക്ക് എത്തി നില്‍ക്കുന്നവര്‍ക്കാണെങ്കില്‍ ജീവിതത്തില്‍ വിജയം കണ്ടെത്താനുള്ളതോ നല്ല കരിയര്‍ തിരഞ്ഞെടുക്കാനുതകുന്നതോ ആയ പുസ്തകങ്ങള്‍ സമ്മാനിക്കാം. പ്രായമായ മാതാപിതാക്കള്‍ക്ക് വാര്‍ദ്ധക്യത്തെകുറിച്ചുള്ള പുസ്തകങ്ങള്‍ നല്‍കാവുന്നതാണ്.

മക്കള്‍ക്ക്‌ പുസ്തകങ്ങള്‍ സമ്മാനിക്കുമ്പോള്‍ ഓര്‍ത്തിരിക്കാനുള്ള ചില പൊടിക്കൈകള്‍ ഇതാ

നമ്മുടെ മക്കള്‍ക്ക് ഇഷ്ടമുള്ളത് കൊടുക്കാന്‍ നാം എപ്പോഴും ശ്രമിക്കാറില്ലെ? അവര്‍ക്ക് ഒരു സ്നേഹസമ്മാനമായി വായനയെ പകര്‍ന്ന്കൊടുക്കുമ്പോള്‍ നമുക്ക് ചില കാര്യങ്ങള്‍ മനസ്സില്‍ സുക്ഷിക്കാം.

-> കുട്ടികള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളെ അവരുടെ മാതാപിതാക്കളില്‍ നിന്നോ ഉറ്റ സുഹൃത്തുക്കളില്‍ നിന്നോ തിരിച്ചറിയാം. മൂന്നോ നാലോ ആശയങ്ങള്‍ മനസ്സില്‍ വച്ച് പുസ്തകം തിരഞ്ഞെടുക്കാം.

-> ഒരേ പ്രായത്തിലുള്ള മറ്റു കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങളെ കണ്ടെത്തി നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കുന്നത് നല്ലതാണ്. ചില പുതിയ ചിന്താരീതികളോട് ഇണങ്ങി ചേരാന്‍ അത് സഹായിച്ചേക്കാം.

->  കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നല്ല പുസ്തകങ്ങള്‍ തേടിയെടുക്കാം.

-> വായനാ ശീലം വളര്‍ത്തിയെടുക്കാന്‍ മക്കളെ പഠിപ്പിക്കുന്ന സമയങ്ങളില്‍ വളരെ ലളിതമായ ഭാഷയില്‍ കാര്യങ്ങളെ അവതരിപ്പിക്കുന്ന പുസ്തകങ്ങള്‍ കൊടുക്കുന്നതാണ് അനുയോജ്യം. വായനയോടുള്ള ഇഷ്ടം ജനിപ്പിക്കാനും അത് സഹായകമാകും.

നമ്മുടെ സ്നേഹം അക്ഷരങ്ങളിലൂടെ മറ്റുള്ളവരുടെ കുടുംബങ്ങളില്‍ തലമുറകള്‍തോറും നിലനില്‍ക്കട്ടെ.

മിനു മഞ്ഞളി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply