നിനക്ക് കഴിയുമോ?

ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം  കുടിക്കാന്‍ നിനക്ക് കഴിയുമോ? മത്താ. 20, 22

സെബദീപുത്രന്മാരെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ ആരുടെയും മനസ്സില്‍ പെട്ടന്ന് ഓടിയെത്തുന്നത് അവര്‍ അധികാര മോഹികളാണ് എന്ന ചിന്തയാണ്. ഇടത്തും വലത്തും എന്റെ പുത്രന്മാരെ ഇരുത്തണമെന്ന് അവരുടെ അമ്മ അവരോടുകൂടി വന്ന് യേശുവിനോട് അപേക്ഷിച്ചതില്‍ നിന്ന് അതാണ് തെളിയുന്നത്. അവര്‍ അധികാര മോഹികളാണ്. ശരി തന്നെ. പക്ഷേ അതുമാത്രമാണോ അവരെക്കുറിച്ചുള്ള അവസാനത്തെ വചന പരാമര്‍ശം. അല്ല. പിന്നെയും വായിച്ചുപോകുമ്പോള്‍ മനസുടക്കുന്ന മറ്റൊരു കാര്യമുണ്ട്.

”ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ” എന്ന യേശുവിന്റെ ചോദ്യത്തിന് ”ഞങ്ങള്‍ക്ക് കഴിയും” എന്ന ഉറച്ച മറുപടി നല്‍കുന്നു യാക്കോബും യോഹന്നാനും. യേശുവിന്റെ കുരിശെടുക്കാന്‍ ”ഞങ്ങള്‍ക്ക് കഴിയും” എന്ന മറുപടിയിലുണ്ട് അവരുടെ മനസ്സും ജീവിതവും.
ഞങ്ങള്‍ക്ക് കഴിയും എന്ന് വെറുതെ വാചകമടിച്ചതല്ല; കാണിച്ചു കൊടുക്കുന്നുണ്ട് അവര്‍ രണ്ടുപേരും ജീവിതത്തില്‍. നടപടിപുസ്തകത്തിന്റെ 12-ാം അദ്ധ്യായം രണ്ടാം വാക്യത്തില്‍ യാക്കോബ് യേശുവിനുവേണ്ടി വാളിന് ഇരയായി മരിക്കുന്നത് നാം വായിക്കുന്നു. യോഹന്നാന്‍ തിളച്ച എണ്ണയില്‍ എറിയപ്പെ ട്ടത് (പാരമ്പര്യം) യേശുവിന് വേണ്ടിത്തന്നെയാണ്. അങ്ങനെ ”ഞങ്ങള്‍ക്ക് കഴിയും” എന്ന് പറഞ്ഞത് അവര്‍ പൂര്‍ത്തിയാക്കുന്നു.

നമ്മളും യാക്കോബിനെയും യോഹന്നാനെയും പോലെ ഒത്തിരി കാര്യങ്ങള്‍ യേശുവിനോട് ആവശ്യപ്പെടുന്നുണ്ട്. ധനമായും, ആരോഗ്യമായും, പദവിയായും, അധികാരമായും, സമാ ധാനമായും അങ്ങനെ പോകുന്നു നമ്മുടെ ആവശ്യങ്ങളുടെ പട്ടിക. യേശു ഒന്നും നിരാകരിക്കുന്നില്ല. മറിച്ച് തിരിച്ച് ചോദിക്കുന്നു;
”ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം നിങ്ങള്‍ക്ക് കുടിക്കാന്‍ കഴിയുമോ?”
അതായത് അതിനുവേണ്ടിയുള്ള കഷ്ടപ്പാടുകള്‍ ഏറ്റെടുക്കാനും അതിജീവിക്കാനും നമുക്ക് കഴിയുമോ എന്ന്. ആഗ്രഹിക്കുന്ന കാര്യത്തിനുവേണ്ടി ത്യാഗത്തിന്റെ പാനപാത്രം കുടിക്കാനും വേദനയുടെ സ്‌നാനം സ്വീകരിക്കാനും നമുക്ക് കഴിയുമോ?
”ഞങ്ങള്‍ക്ക് കഴിയും” എന്ന് യാക്കോബും യോഹന്നാനും ഉറപ്പു കൊടുത്തതുപോലെ ”എനിക്ക് കഴിയും” എന്ന് മറുപടി പറയാനായാല്‍ നാം വിജയിച്ചു. ഉറപ്പുകൊടുക്കണം കഴിയുമെന്ന്. പറ്റുമോ എന്ന് നോക്കട്ടെ, ശ്രമിക്കാം എന്നിങ്ങനെയുള്ള മറുപടി പോരാ, ഉറപ്പു നല്‍കണം. എങ്കില്‍ നമ്മുടെ ആഗ്രഹങ്ങ ള്‍ അവിടുന്ന് സാധിച്ചു തരും.
അധികാരത്തിന്റെ കസേരയില്‍ ഇരിക്കാനാണ് നിന്റെ ആഗ്രഹമെങ്കില്‍ അതിനുവേണ്ടി കഷ്ടപ്പാടുകള്‍ സ്വീകരിക്കാനും ആരോപണങ്ങളെ അതിജീവിക്കാനും നിനക്കു കഴിയുമോ? മലമുകളില്‍ എത്തണമെന്നാണ് നിന്റെ ആഗ്രഹമെങ്കില്‍ മലമുകളിലേയ്ക്കുള്ള കല്ലും മുള്ളും നിറഞ്ഞ ദുരിതപൂര്‍ണ്ണമായ വഴി ചവിട്ടിക്കയറാന്‍ നിനക്കു കഴിയുമോ? സ്വര്‍ണ്ണത്തെപ്പോലെ തിളങ്ങണമെന്നാണ് നിന്റെ ആഗ്രഹമെങ്കില്‍ അഗ്നിയില്‍ ശുദ്ധി ചെയ്യപ്പെടാന്‍ നിനക്ക് കഴിയുമോ? സന്തോഷവും സമാധാനവുമുള്ള കുടുംബജീവിതമാണ് നിന്റെ സ്വപ്നമെങ്കില്‍ പരസ്പരം സഹിക്കാനും ക്ഷമിക്കാനും കുറവുകള്‍ പൊറുക്കാനും നിനക്ക് കഴിയുമോ?
”എനിക്ക് കഴിയും” എന്നാണ് മറുപടിയെങ്കില്‍ ദൈവം നമ്മുടെ ആവശ്യങ്ങള്‍ സ്വീകരിക്കാതിരിക്കില്ല.

ഒരിക്കല്‍ കുടുംബകലഹം തീര്‍ക്കാന്‍ ദമ്പതികള്‍ കൗണ്‍സിലിംഗിനെത്തി. കൗണ്‍സിലര്‍ അവരോട് ഒരുമിച്ച് സംസാരിച്ചു. പിന്നെ ഒറ്റയ്ക്ക് സംസാരിച്ചു, അവസാനം ഒരുമിച്ച് സംസാരിച്ചു; ഒടുവില്‍ കൗണ്‍സിലര്‍ ചിലകാര്യങ്ങള്‍ അക്കമിട്ട് നിരത്തി, രണ്ടാളും അനുസരിക്കേണ്ടവ. ഇവ പാലിച്ചുതുടങ്ങിയാല്‍- പരസ്പരം അംഗീകരിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ട കാര്യങ്ങളാണ്- കുടുംബ ജീവിതം സമാധാനപൂര്‍ണ്ണമാകും എന്നു പറഞ്ഞു. പക്ഷേ രണ്ടാള്‍ക്കും അതിനു സമ്മതമായിരുന്നില്ല. ”ഞങ്ങള്‍ക്ക് കഴിയില്ല” എന്നവര്‍ പറയാതെ പറഞ്ഞു.
അപരനെ അംഗീകരിക്കുകയും അപരന്റെ അതുവരെയുള്ള തെറ്റുകള്‍ പൊറുക്കുകയും ചെയ്യുക എന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും ആവാത്ത കാര്യങ്ങളായിരുന്നു. കുടുംബ സമാധാനം അനുഭവിക്കണമെങ്കില്‍ വിട്ടുവീഴ്ചയുടെയും ക്ഷമയുടെയും മറക്കലിന്റെയും വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടിവരും. സമാധാനമെന്നത് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പായ്ക്ക് ചെയ്തുവച്ചിരിക്കുന്ന വല്ല ഐറ്റവും ആയിരുന്നെങ്കില്‍ കാശുകൊടുത്ത് അത് വാങ്ങിക്കാമായിരുന്നു. പക്ഷേ സമാധാനമെന്നത് നേടണമെങ്കില്‍ അതിന്റേതായ കഷ്ടപ്പാടുകള്‍ ഏറ്റെടുക്കാന്‍ നമുക്ക് കഴിയണം.

അധികാരമോഹികള്‍ എന്ന് അറിവില്ലാത്തവര്‍ മുദ്രകുത്തുന്ന സെബദീപുത്രന്മാരില്‍ നിന്ന് നമ്മള്‍ പഠിക്കേണ്ട പാഠം ഇതാണ്. നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന കാര്യത്തിനുവേണ്ടി ഏതു കഷ്ടപ്പാടും ഏറ്റെടുക്കാനുള്ള ഉത്തമമായ ആഗ്രഹവും ചങ്കൂറ്റവും. ഇത് നമുക്കും ആവശ്യമാണ്. നമ്മള്‍ ഇനിയും നമ്മുടെ ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കും. ആ മൗനവേളകളില്‍ യേശു തിരിച്ചു ചോദിക്കും, ”കഷ്ടപ്പെടാനും കുരിശെടുക്കാനും പാനപാത്രം കുടിക്കാനും നീ തയ്യാറാണോ?” എന്ന്.
”ഞാന്‍ തയ്യാറാണ്” എന്ന് ഉത്തരം പറയാനും അത് ജീവിതത്തിലൂടെ പൂര്‍ത്തിയാക്കാനും നമുക്ക് സാധിക്കട്ടെ. സെബദീ പുത്രന്മാര്‍ നമുക്ക് വഴിവിളക്കുകളാണ്.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here