വിവാഹ കേസുകളും നിയമനടപടിക്രമങ്ങളും

ഫാ. ജോസ് ചിറമേല്‍

ഞാന്‍ 35 വയസ്സുള്ള യുവതിയാണ്. എന്റെ ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചിട്ട് നാലുവര്‍ഷമായി. അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്ന് ഒരു വിവരവുമില്ല. സഭാകോടതിയില്‍ ഞങ്ങളുടെ വിവാഹ ബന്ധം വേര്‍പെടുത്താനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ കേസ്സിലെ എതിര്‍കക്ഷിയായ ഭര്‍ത്താവ് എവിടെയാണെന്ന് അന്വേഷിച്ചു വരാന്‍ പറഞ്ഞു. ഞങ്ങളുടെ വിവാഹം നടന്നതും ഭര്‍ത്താവിന്റെ ഇടവക പള്ളിയിലാണ്. എതിര്‍കക്ഷിയുടെ അഡ്രസ്സോ വിവരങ്ങളോ അറിയാന്‍ പറ്റിയില്ലെങ്കില്‍ സഭാ കോടതി എന്റെ കേസ് എടുക്കില്ലേ? ഈ സാഹചര്യത്തില്‍ കേസ്സിലെ വാദിയായ എന്റെ രൂപതാ കോടതിയില്‍ ഈ കേസ് കൈകാര്യം ചെയ്തുകൂടെ?

മേഴ്‌സി തോമസ്, പിണ്ണാക്കനാട്

പ്രത്യേക നിയമ നടപടിക്രമങ്ങള്‍

സഭാകോടതിവഴി വിവാഹ ബന്ധം വേര്‍പെടുത്തു ന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള നടപടിക്രമങ്ങള്‍ ”ചില പ്രത്യേക നിയമ നടപടിക്രമങ്ങള്‍” എന്ന പേരില്‍ പൗരസ്ത്യ നിയമസംഹിതയിലും (Certain Special Procedures: CCEO.CC.1359-1376) ലത്തീന്‍ നിയമ സംഹിതയിലും (Certain Special Processes: CIC.CC. 1671-1691) കൊടുത്തിട്ടുണ്ട്. സഭാനിയമത്തി ലെ വിപുലമായ നടപടിക്രമത്തിന്റെ തന്നെ ഭാഗമാണ് ഈ പ്രത്യേക നിയമനടപടിക്രമവും. ഇക്കാര്യം പൗര സ്ത്യ നിയമസംഹിതയിലെ 1376-ാം കാനോനയിലും ലത്തീന്‍ നിയമസംഹിതയിലെ 1691-ാം കാനോനയിലും പരാമര്‍ശിച്ചിട്ടുണ്ട്. അതനുസരിച്ച്, വ്യവഹാരക്രമത്തെക്കുറിച്ചു പൊതുവിലുള്ളതും സാധാരണ സിവില്‍ വ്യവഹാരനടപടിക്രമത്തെപ്പറ്റിയു ള്ളതുമായ കാനോനകള്‍ – കാര്യത്തിന്റെ സ്വഭാവം ഇത് ഒഴിവാക്കുന്നില്ലായെങ്കില്‍- മറ്റ് നടപടിക്രമങ്ങളില്‍ പാലിക്കപ്പെടേണ്ടതാണ്. എന്നിരുന്നാലും, പൊതുനന്മയെ ബാധിക്കുന്ന കേസുകള്‍ക്കുള്ള പ്രത്യേക നിബന്ധനകള്‍ പാലിക്കപ്പെടണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. മേല്‍പ്പറഞ്ഞതില്‍ നിന്നും വിവാഹത്തെ സംബന്ധിച്ച പ്രത്യേക നടപടി ക്രമങ്ങളെ സംബന്ധിക്കുന്ന കാനോനകള്‍ കോടതി നടപടിക്രമങ്ങളെ സംബന്ധിച്ചു (വ്യവഹാരക്രമം) സഭാനിയമത്തില്‍ കൊടുത്തിട്ടുള്ള പൊതുനിയമങ്ങളോട് ചേര്‍ത്തുവേണം മനസ്സിലാക്കേണ്ടതെന്ന് വ്യക്തമാണല്ലോ.

അംഗീകാരമുള്ള കോടതികള്‍

വിവാഹകേസുകളുടെ സാധുതയെ സംബന്ധിച്ചു ണ്ടാകുന്ന കേസുകള്‍ കൈകാര്യം ചെയ്യാന്‍ അധി കാരമുള്ള കോടതികള്‍ താഴെപറയുന്നവയാണ്. ഇവ വ്യക്തമാക്കിയിരിക്കുന്നത് പൗരസ്ത്യ നിയമ സംഹിതയിലെ 1359-ാം കാനോനയിലും ലത്തീന്‍ നിയമ സംഹിതയിലെ 1673-ാം കാനോനയിലുമാണ്. പരിശുദ്ധ സിംഹാസനത്തിനായി സംവരണം ചെയ്യപ്പെട്ട കേസുകള്‍ ഈ കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ല.
1. വിവാഹം നടന്ന രൂപതയിലെ കോടതിക്ക് പ്രസ്തുത വിവാഹം സംബന്ധിച്ചുണ്ടാകുന്ന കേസ് സ്വീകരിച്ച് നിയമനടപടികള്‍ തുടങ്ങുവാനുള്ള അധികാരമുണ്ട്;
2. കേസ്സിലെ എതിര്‍ കക്ഷിക്ക് (Respondent) സ്ഥിരവാസമോ (Domicile) താല്‍ക്കാലികവാസമോ (Quasi domicile) ഏത് രൂപതയിലാണോ ആ രൂപതയുടെ കോടതിക്കും പ്രസ്തുത കേസ് കൈകാര്യം ചെയ്യുവാ നുള്ള അധികാരമുണ്ട്. -Domiciles അഥവാ സ്ഥിര താമസം എന്ന് പറയുമ്പോള്‍ അഞ്ചുവര്‍ഷമെങ്കിലും സ്ഥിരമായി താമസിക്കുക എന്ന ഉദ്ദേശത്തോടെ ഒരു ഇടവകയുടെ അതിര്‍ത്തിയില്‍ താമസിക്കുക എന്നാണ് മനസ്സിലാക്കുന്നത്. Quasi Domicile അഥവാ താല്‍ക്കാലിക വാസത്തിന്റെ ആനുകൂല്യം ലഭിക്കുന്നത് കുറ ഞ്ഞപക്ഷം മൂന്നുമാസമെങ്കിലും താമസിക്കുക എന്ന ഉദ്ദേശ്യത്തോടെ താമസിക്കുന്നവര്‍ക്കാണ് (CCEO.C. 912;CIC.C.102).
3. കേസ്സിലെ വാദിയും (Petitioner) എതിര്‍കക്ഷിയും (Respondent) ഒരേ മെത്രാന്‍ സംഘത്തിന്റെ അധികാര പരിധിക്കുള്ളിലായിരിക്കുകയും എതിര്‍കക്ഷി യുടെ കോടതി അദ്ധ്യക്ഷന്‍ (Judicial Vicar) കക്ഷിയുമായി ആലോചിച്ചശേഷം സമ്മതിക്കുകയും ചെയ്യുന്നപക്ഷം വാദിയുടെ രൂപതാകോടതിക്ക് പ്രസ്തുത വിവാഹക്കേസ് കൈകാര്യം ചെയ്യാനുള്ള അധികാരമുണ്ട്. ഇപ്രകാരം കേസ്സിലെ വാദിയുടെ രൂപതാകോടതിക്ക് കേസ് ഫയലില്‍ സ്വീകരിച്ച് നിയമനടപടി ക്രമങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പായി എതിര്‍കക്ഷി യുടെ രൂപതാകോടതിയുടെ അദ്ധ്യക്ഷനില്‍ നിന്ന് സമ്മതപത്രം ലഭിച്ചിരിക്കണം. സമ്മതപത്രത്തിന്റെ അഭാവത്തില്‍ കേസ് ആരംഭിച്ചാല്‍ എതിര്‍കക്ഷിക്ക് സഭയുടെ ഉന്നതാധികാര സമക്ഷം നിശ്ചിത സമയ ത്തിനുള്ളില്‍ പരാതി നല്‍കാവുന്നതാണ്. എതിര്‍ കക്ഷിയുടെ രൂപതാകോടതി അദ്ധ്യക്ഷന്‍ സമ്മത പത്രം നല്‍കുന്നതിനു മുമ്പ് എതിര്‍കക്ഷിയെ കേള്‍ക്കണമെന്ന്‌സഭാനിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട് CCEO.C. 1359/3; CIC.C.1673/3).. എതിര്‍കക്ഷിയെ കേള്‍ക്കാതെ കോടതി അദ്ധ്യക്ഷന്‍ നല്‍കുന്ന സമ്മതപത്രം അസാധുവായിരിക്കും (CCEO.C.934/2; CIC. C.127).
4. കേസ് സംബന്ധിച്ച തെളിവുകള്‍ ഏറിയ ഭാഗവും ലഭിക്കുന്ന സ്ഥലത്തെ രൂപതാ കോടതിക്ക് കേസ് സ്വീകരിച്ച് നിയമനടപടികള്‍ കൈക്കൊള്ളാന്‍ അധികാരമുണ്ട്. പക്ഷെ എതിര്‍കക്ഷിയെ കേള്‍ക്കുകയും എതിര്‍കക്ഷിയുടെ രൂപതാകോടതി അദ്ധ്യക്ഷന്റെ സമ്മതപത്രം ലഭിക്കുകയും ചെയ്താല്‍ മാത്രമേ ഇപ്രകാരം ചെയ്യാന്‍ അധികാരമുള്ളൂ CCEO.C.1359; CIC.C.1673).

എതിര്‍കക്ഷി എവിടെയാണെന്ന് അറിയാത്തപ്പോള്‍

വിവാഹക്കേസിലെ എതിര്‍കക്ഷി എവിടെയാണെന്നും അയാളുടെ മേല്‍വിലാസം എന്താണെന്നും അറിഞ്ഞുകൂടാത്ത സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന് പൗരസ്ത്യനിയമസംഹിതയിലെ 1359-ാം കാനോനയോ ലത്തീന്‍ നിയമസംഹിതയിലെ 1673-ാം കാനോനയോ നേരിട്ട് പ്രതിപാദിക്കുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ പൗരസ്ത്യ നിയമസംഹിതയിലെ 1501-ാം കാനോനയും ലത്തീന്‍ നിയമസംഹിതയിലെ 19-ാം കാനോനയും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലി ക്കേണ്ടതാണ്. അതനുസരിച്ച് ഒരു നിശ്ചിതകാര്യത്തില്‍ നിയമത്തിന്റെ വ്യക്തമായ നിബന്ധനകളില്ലെങ്കില്‍ – ശിക്ഷാനിയമത്തിന്റെ (penal matters) കാര്യത്തിലൊഴികെ – തീരുമാനമെടുക്കേണ്ടത് താഴെ വിവരിക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തിലായിരിക്കണം (CCEO.C.1501):
1. സൂനഹദോസുകളുടെയും വിശുദ്ധ പിതാക്കന്മാരുടെയും കാനോനകളില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുക്കണം;
2. നിയമാനുസൃതമായ ആചാരത്തിന്റെയും ധാര്‍മ്മിക നീതിയോടെ അനുവര്‍ത്തിക്കപ്പെടേണ്ട കാനന്‍ നിയമ പൊതുതത്വങ്ങള്‍ പാലിക്കണം;
3. സഭാകോടതി കീഴ്‌വഴക്കങ്ങള്‍ (jurisprudence) ഉള്‍ക്കൊള്ളണം;
4. പൊതുവും തുടര്‍ച്ചയായതുമായ (Common and constant) കാനോനിക പ്രബോധനങ്ങള്‍ പരിഗണിക്കണം (CCEO.C.1501).
പൗരസ്ത്യ നിയമത്തിലെ 1359-ാം കാനോനയും ലത്തീന്‍ നിയമത്തിലെ 1673-ാം കാനോനയും വ്യാഖ്യാനിക്കുമ്പോള്‍ മേല്‍ സൂചിപ്പിച്ച കാനോനയിലെ (CCEO.C.1501;CIC.C.19) നിര്‍ദ്ദേശങ്ങളാണ് പാലിക്കേണ്ടത്. പൗരസ്ത്യനിയമത്തിലെ 1359-ാം കാനോനയും ലത്തീന്‍ നിയമത്തിലെ 1673-ാം കാനോനയും, രൂപതാ കോടതികള്‍ക്ക് വിവാഹ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള യോഗ്യത നല്‍കുന്ന മൂന്നാമത്തേയും നാലാമത്തേയും വകുപ്പുകള്‍ സാധാരണ വ്യവഹാരക്രമത്തിന്റെ നിബന്ധനങ്ങള്‍ക്ക് അപവാദങ്ങള്‍ (Exceptions) ആണ്. മേല്‍പ്പറഞ്ഞ കാനോനകളിലെ CCEO.C.1359/3;CIC.C.1673/3) മൂന്നാമത്തെ വകുപ്പ് കേസിലെ വാദിയുടെ കോടതിക്ക് തന്നെ യോഗ്യത നല്‍കുന്നതാണ്. അതനുസരിച്ച് എതിര്‍കക്ഷിയും വാദിയും ഒരേ രാഷ്ട്രത്തിന്റെയോ ഒരേ മെത്രാന്‍ കോണ്‍ഫ്രന്‍സിന്റെയോ അതിര്‍ത്തി ക്കുളളില്‍ താമസിക്കുന്നവരായിരിക്കണമെന്നു മാത്രം (CIC.C.1673/3). സഭാനിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മേല്‍പ്പറഞ്ഞ അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്ന എതിര്‍ കക്ഷിയേയാണ് കേസ് സംബന്ധമായി ബന്ധ പ്പെടേണ്ടതും കേള്‍ക്കേണ്ടതും. അതെതുടര്‍ന്നാണ് എതിര്‍കക്ഷിയുടെ കോടതി അദ്ധ്യക്ഷന്‍ കേസ് വാദിയുടെ രൂപതാകോടതിയില്‍ നടത്തുന്നതിന് അനുവാദം നല്‍കേണ്ടത്.

അസാദ്ധ്യമായത് ചെയ്യുവാന്‍ ഉത്തരവാദിത്തമില്ല

അസാദ്ധ്യമായത് ചെയ്യുവാന്‍ ആര്‍ക്കും നിയമപരമായി ഉത്തരവാദിത്വമില്ല എന്ന കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്. ഇതൊരു പുരാതന നിയമ വ്യവസ്ഥയുമാണ്. തന്മൂലം എതിര്‍കക്ഷിയുമായി ബന്ധപ്പെടുന്നതോ അയാളെ കേള്‍ക്കുന്നതോ അസാദ്ധ്യമാണെങ്കില്‍ ആരും അപ്രകാരം ചെയ്യുവാന്‍ ബാദ്ധ്യസ്ഥരാവുകയില്ല. അതുകൊണ്ട് വാദിയുടെ കോടതിയില്‍ തന്നെ കേസ് കൊടുക്കാവുന്നതാണ്.
ഏറിയ ഭാഗം തെളിവുകള്‍ ലഭിക്കുന്ന സ്ഥലത്തെ രൂപതാകോടതിക്ക് കേസ് കേള്‍ക്കാം പൗസ്ത്യ നിയമത്തിലെയും (CCEO.C.1359/4) ലത്തീന്‍ നിയമത്തിലേയും (CIC.C 1673/4) നാലാമത്തെ വകുപ്പില്‍ നിര്‍ദ്ദേശിക്കുന്നതനുസരിച്ച് കേസ് സംബന്ധിച്ച തെളിവുകള്‍ ഏറിയഭാഗവും എവിടെ നിന്നാണോ ലഭിക്കുക, ആ സ്ഥലത്തെ രൂപതാ കോടതിക്കും കേസ് കൈകാര്യം ചെയ്യാം. ഇവിടെ എതിര്‍കക്ഷിയെ കേട്ടശേഷം എതിര്‍കക്ഷിയുടെ രൂപതാകോടതി അദ്ധ്യക്ഷന്‍ സമ്മതപത്രം നല്‍കിയിരിക്കണമെന്നുണ്ട്. ഇവിടേയും തീര്‍ത്തും അസാദ്ധ്യമായത് ചെയ്യാന്‍ ആര്‍ക്കും നിയമപരമായി ഉത്തര വാദിത്വമില്ലെന്ന നിയമവ്യവസ്ഥ ബാധകമാണ് One is not bound to do the impossible).

കോടതിക്ക് യോഗ്യത നല്‍കുന്നത് നിയമം തന്നെയാണ്

വിവാഹക്കേസുകള്‍ കൈകാര്യം ചെയ്യുവാന്‍ സഭാ കോടതികള്‍കക് യോഗ്യത കല്‍പ്പിച്ചു നല്‍കുന്നത് നിയമദത്തമായിട്ടാണ്. പൗരസ്ത്യ നിയമത്തിലെ 1359-ാം കാനോനയിലേയും ലത്തീന്‍ നിയമത്തിലെ 1673-ാം കാനോനയിലേയും മൂന്നും നാലും വകുപ്പുകളനുസരിച്ച് ചില വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് ഈ യോഗ്യതകള്‍ സഭാകോടതികള്‍ക്ക് ലഭിക്കുന്നത്. രൂപതാകോടതിയുടെ അദ്ധ്യക്ഷന് ഇവ നല്‍കുവാന്‍ അധികാരമില്ല. എതിര്‍കക്ഷിയുടെ കോടതി അദ്ധ്യക്ഷന്റെ സമ്മതപത്രം ഇല്ലാതെ കേസ് ഫയലില്‍ സ്വീകരിച്ച് നിയമനടപടികള്‍ ആരംഭിച്ചാല്‍ അത് ആപേക്ഷികമായ പോരായ്മ (Relative incompetence) മാത്രമേ ആകുന്നുള്ളൂ. കോടതിയുടെ വിധിയെത്തന്നെ അസാധുവാക്കുന്ന വിധത്തിലുള്ള പൂര്‍ണ്ണമായ പോരായ്മ (Absolute incompetence) ആകുന്നില്ല. സഭാ കോടതിയിലെ ജഡ്ജിക്ക് കേസ് കൈകാര്യം ചെയ്യാന്‍ അയോഗ്യത കല്‍പ്പിക്കുന്ന കാര്യങ്ങള്‍ ഏതെല്ലാമെന്ന് പൊതുവ്യവഹാരക്രമത്തില്‍ കൊടുത്തിട്ടുണ്ട് CCEO. CC.1058-1072; CIC.1404-1407). ഈ ഗണത്തില്‍ പെടാത്ത കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സംഭവിക്കുന്ന പോരായ്മകള്‍ ആപേക്ഷികം മാത്രമേ ആയിത്തീരുകയുള്ളൂ. അത്തരം പോരായ്മകള്‍ ജഡ്ജിയുടെ വിധിന്യായത്തെ പ്രതികൂലമായി ബാധിക്കുകയില്ല.

കക്ഷികളുടെ അവകാശങ്ങള്‍

മേല്‍പ്പറഞ്ഞ നിയമവ്യവസ്ഥകളുടെയെല്ലാം പിന്നില്‍ വാദിക്ക് നീതി നടന്നു കിട്ടണമെന്നുള്ള അവകാശത്തെപ്പറ്റിയുള്ള ചിന്തകള്‍ കാണാം. എതിര്‍കക്ഷിയുടെ അവകാശങ്ങളും സംരക്ഷിക്ക പ്പെടേണ്ടതാണെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ എതിര്‍കക്ഷി എവിടെയാണെന്നോ, അഡ്രസ് എന്തെന്നോ അറിയാന്‍ പറ്റാത്ത സാഹചര്യത്തില്‍ വാദിക്കോ വാദിയുടെ രൂപതാ കോടതിയ്‌ക്കോ അസാധ്യമായതു ചെയ്യുവാന്‍ ഉത്തരവാദിത്വമില്ലാതെ വരുന്നു. അത്തരം സാഹചര്യങ്ങളില്‍ വിവാഹ കേസുകള്‍ പൗരസ്ത്യ നിയമത്തിലെ 1359-ാം കാനോനയിലേയും ലത്തീന്‍ നിയമത്തിലെ 1673-ാം കാനോനയിലേയും മൂന്നും നാലും വകുപ്പുകള്‍ അനുസരിച്ചു കൈകാര്യം ചെയ്യാവുന്നതാണ്.

വാദിയെ അയാളുടെ കോടതിയില്‍ ഹാജരാക്കാം

ഒരാളുടെ സ്ഥിരവാസമോ, താല്‍ക്കാലിക വാസമോ ഇപ്പോഴത്തെ വാസസ്ഥാനമോ അജ്ഞാതമായിരിക്കുകയും നിയമാനുസൃതം മറ്റൊരു കോടതി ഇല്ലാതിരി ക്കുകയും ചെയ്താല്‍ കേസ്സിലെ വാദിയെ അയാളുടെ കോടതിയില്‍ തന്നെ വിചാരണയ്ക്ക് ഹാജരാക്കാവുന്നതാണ്. പൗരസ്ത്യ നിയമത്തിലെ 1075-ാം കാനോനയുടെ രണ്ടാംവകുപ്പും ലത്തീന്‍ നിയമത്തിലെ 1409-ാം കാനോനയുടെ രണ്ടാം വകുപ്പും ഇപ്രകാരം നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ഫാ. ജോസ് ചിറമേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here