ആര്‍ച്ച്ബിഷപ് ഡോ. വിരുത്തകുളങ്ങര സഭാവളര്‍ച്ചയ്ക്ക് ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ ഇടയന്‍: മാര്‍ ആലഞ്ചേരി

കൊച്ചി: ഭാരതസഭയുടെ വളര്‍ച്ചയ്ക്കും മതസൗഹാര്‍ദരംഗത്തും മഹനീയസംഭാവനകള്‍ നല്‍കിയ ഇടയശ്രേഷ്ഠനെയാണു ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തകുളങ്ങരയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സഭ വലിയ പ്രതീക്ഷവയ്ക്കുന്ന യുവജനശുശ്രൂഷയ്ക്കു ഉണര്‍വും പുതിയ മാനങ്ങളും നല്‍കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി.

34-ാം വയസില്‍ മെത്രാന്‍ ചുമതലയിലേക്കെത്തിയെന്നത് അദ്ദേഹത്തിന്റെ അജപാലനശൈലിക്കു ചുരുങ്ങിയ കാലംകൊണ്ടു ലഭിച്ച സ്വീകാര്യതയെയാണ് ഓര്‍മിപ്പിക്കുന്നത്. മധ്യപ്രദേശിലെ ഖാണ്ഡുവ രൂപതയുടെ പ്രഥമ മെത്രാന്‍ എന്ന നിലയില്‍ 21 വര്‍ഷക്കാലം നടത്തിയ സേവനങ്ങള്‍ സഭയുടെ സംവിധാനങ്ങളില്‍ മാത്രമല്ല, സാമൂഹ്യരംഗങ്ങളിലും പ്രതിഫലിച്ചു. ഖാണ്ഡുവയിലെ ഹൈന്ദവ, മുസ്ലീം സഹോദരങ്ങളുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുന്നതിനും വളര്‍ത്തുന്നതിനും അദ്ദേഹത്തിനായി. 1998 മുതല്‍ നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് എന്ന നിലയില്‍ അതിരൂപതയുടെ സമഗ്രമായ വളര്‍ച്ച സാധ്യമാക്കിയതിനൊപ്പം, അദ്ദേഹം മുന്നോട്ടുവച്ച മതസൗഹാര്‍ദ ദര്‍ശനങ്ങളും ദേശീയോദ്ഗ്രഥന കാഴ്ചപ്പാടുകളും, ഉത്തരേന്ത്യയില്‍ കത്തോലിക്കാസഭയ്ക്കു സ്വീകാര്യത വര്‍ധിക്കാന്‍ സഹായകമായിട്ടുണ്ട്.

സീറോ മലബാര്‍ സഭയുടെ ഒരു മകന്‍ എന്ന നിലയില്‍ ഈ സഭയോടും എക്കാലവും വലിയ വാത്സല്യവും സ്‌നേഹവും കടപ്പാടും ആര്‍ച്ച്ബിഷപ് വിരുത്തകുളങ്ങര പ്രകടിപ്പിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ സീറോ മലബാര്‍ രൂപതകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും മിഷനറിമാര്‍ക്കും അദ്ദേഹം നല്‍കിയ പ്രോത്സാഹനങ്ങള്‍ വലുതായിരുന്നു. സഭയുടെ ഏത് ആവശ്യങ്ങള്‍ക്കും എവിടെയും ഓടിയെത്തുന്ന സവിശേഷശൈലി എടുത്തുപറയേണ്ടതുണ്ട്.

ആഴത്തിലുള്ളതും ചടുലവുമായ പ്രഭാഷണങ്ങളിലൂടെ അനേകര്‍ക്കു സുവിശേഷ ദര്‍ശനങ്ങളുടെയും നന്മയുടെയും പ്രചോദനമാകാന്‍ ആര്‍ച്ച്ബിഷപ് വിരുത്തകുളങ്ങരയ്ക്കായി. ഭാരതസഭയുടെ യുവജനശുശ്രൂഷകള്‍ക്കു ദിശാബോധവും ഊര്‍ജവും പകരാന്‍ അദ്ദേഹം അത്യധ്വാനം ചെയ്തു. 1986 ല്‍ സിബിസിഐ യുവജന കമ്മീഷന്‍ ആരംഭിച്ചപ്പോള്‍ പ്രഥമ ചെയര്‍മാനായും ജീസസ് യൂത്തിന്റെ എക്ലേസിയാസ്റ്റിക്കല്‍ അഡൈ്വസറായും അദ്ദേഹം നിയോഗിക്കപ്പെട്ടതു യുവജനശുശ്രൂഷയിലുള്ള അദ്ദേഹത്തിന്റെ തീവ്രമായ ആഭിമുഖ്യമറിഞ്ഞാണ്.
ആര്‍ച്ച്ബിഷപ് വിരുത്തകുളങ്ങരയുടെ അപ്രതീക്ഷിതമായ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നു. വേര്‍പാടില്‍ ദുഖിക്കുന്ന നാഗ്പൂര്‍ അതിരൂപതയുടെയും കുടുംബാംഗങ്ങളുടെയും വേദനയില്‍ പങ്കുചേരുന്നതിനൊപ്പം, അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here