വത്തിക്കാനിൽ, കർദിനാൾ ട്യൂറാൻ അനുസ്മരണ ബലി

ജൂലൈ അഞ്ചാം തീയതി അന്തരിച്ച കർദിനാൾ ഷോൺ ലൂയി ട്യൂറാന്റെ അനുസ്മരണാർത്ഥം വ്യാഴാഴ്ച സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന വിശുദ്ധ കുർബാനയിൽ കർദിനാൾ ആഞ്ചലോ സൊദാനോ സന്ദേശം നൽകി.

ദീർഘനാളായി പാർക്കിൻസൺസ് രോഗത്തോട് മല്ലടിക്കുന്ന കർദിനാൾ ജൂലൈ അഞ്ചിനാണ് ലോകത്തോട് വിടപറഞ്ഞത്. രോഗത്തെ വകവയ്ക്കാതെ കർത്താവിന്റെ തിരുസഭയുടെ നന്മയ്ക്കായി അഹോരാത്രം പ്രയത്നിച്ച വ്യക്തിയാണ് കർദിനാൾ ട്യൂറാനെന്ന് അനുസ്മരണ സന്ദേശത്തിൽ കർദിനാൾ സൊദാനോ പറഞ്ഞു. മരിക്കുന്ന സമയത്ത് വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റു കൂടിയായിരുന്നു അദ്ദേഹം.

“മഹത്തായ അപ്പസ്തോലിക ചൈതന്യം നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു കർദിനാൾ ട്യൂറാൻ.  വൈദികൻ, മെത്രാൻ, കർദിനാൾ എന്നീ നിലകളിലെല്ലാം മാതൃകാപരമായ ജീവിതമാണ് അദ്ദേഹം കാഴ്ചവെച്ചത്. തന്റെ മുഴുവൻ ജീവിതവും സഭാ സേവനത്തിനായി സമർപ്പിച്ച വ്യക്തി. തിരുസഭ പഠിപ്പിക്കുന്നതുപോലെ ദൈവ പിതാവിന്റെ മക്കളെന്ന നിലയിൽ സഹോദര സ്നേഹത്തോടെ ജീവിക്കുകയും ലോകത്തിൽ യഥാർത്ഥ സമാധാനവും ശാന്തിയും നിലനിൽക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുകയു൭ം  ചെയ്ത വ്യക്തിയായിരുന്നു കർദിനാൾ ട്യൂറാൻ“. അനുസ്മരണ സന്ദേശത്തിൽ കർദിനാൾ സൊദാനോ പറഞ്ഞു.

Leave a Reply