മാലാഖവൃന്ദം ഭൂമിയിലിറങ്ങിയ കാരള്‍ സംഗീത സായാഹ്നം

കുമ്പളം, ചുള്ളിക്കല്‍, തോമസ് മൂര്‍ ഇടവകകള്‍ വിജയികള്‍.

കൊച്ചി: അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതിയും ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനാശംസയുമായി മാലാഖവൃന്ദം ഭൂമിയിലേക്കിറങ്ങി വന്ന ഗ്ലോറിയാനുഭവം പകര്‍ന്ന സായാഹ്നമായിരുന്നു കൊച്ചിരൂപത മതബോധന വിഭാഗം സംഘടിപ്പിച്ച ക്രിസ്മസ് കാരള്‍ സംഗീത മത്സരം.

ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ നടത്തിയ കാരള്‍ സംഗീത മത്സരത്തില്‍ രൂപതയിലെ 47 മതബോധന സെന്ററുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. അവതരണത്തിലും സംഗീതത്തിലും പുതുമ പകര്‍ന്ന മത്സരം ഏഴുമണിക്കൂര്‍ നീണ്ടപ്പോള്‍ വാനവദൂതരുടെ സ്വര്‍ഗ്ഗീയാലാപനത്താല്‍ ഭൂമിയില്‍ താണിറങ്ങിയ പ്രതീതിയുളവാക്കി. കൊച്ചിരൂപത മാധ്യമ കമ്മീഷന്‍ ഡയറക്ടറും റേഡിയോ മരിയയുടെ ഡയറക്ടറുമായ ഫാ. റാഫി കൂട്ടുങ്കല്‍ മത്സരം ഉദ്ഘാടനം ചെയ്തു. മതബോധന രൂപതാ ഡയറക്ടര്‍ ഫാ. മാത്യു പുതിയാത്ത് അധ്യക്ഷത വഹിച്ചു.

കുമ്പളം സെന്റ് ജോസഫ് മതബോധന യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് ഫാ. സേവ്യര്‍ കാരുവള്ളില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 5000 രൂപ കാഷ് അവാര്‍ഡും കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിനര്‍ഹമായ ചുള്ളിക്കല്‍ സെന്റ് ജോസഫ് മതബോധന യൂണിറ്റ് മേരി ജോസഫ് കുഴുവേലി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 3000 രൂപ കാഷ് അവാര്‍ഡും നേടി. മൂന്നാം സ്ഥാനക്കാരായ പള്ളുരുത്തി സെന്റ് തോമസ് മൂര്‍ മതബോധന യൂണിറ്റ് ആന്റണി പറപ്പിള്ളി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 2000 രൂപ കാഷ് അവാര്‍ഡും സ്വന്തമാക്കി. രൂപതാ ചാന്‍സലര്‍ ഫാ. ഷൈജു പര്യാത്തുശ്ശേരി വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു.

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മങ്ങഴ, ഗായകന്‍ ഗാഗുല്‍ ജോസഫ്, സംഗീതാധ്യാപകനും ഗായകനുമായ ഫെലിക്‌സ് പണ്ഡ്യത്തുംപറമ്പില്‍ എന്നിവരടങ്ങിയ വിധികര്‍ത്താക്കളാണ് മത്സരവിജയികളെ തിരഞ്ഞെടുത്തത്. രൂപതാ മതബോധന ഡയറക്ടര്‍ ഫാ. മാത്യു പുതിയാത്ത്, സെക്രട്ടറി മേഴ്‌സി ജോര്‍ജ് എന്നിവര്‍ കാരള്‍ സംഗീത മത്സരത്തിന് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ