മൂന്ന് മണിക്കൂർ കാട്ടിലൂടെ അച്ചനെ ചുമന്ന് കുര്‍ബാനയ്ക്ക് എത്തിച്ച കഥ 

പൗരോഹിത്യ ജീവിതത്തിലെ ആദ്യത്തെ അഞ്ച് വർഷങ്ങൾ – എന്റെ വിശ്വാസ ജീവിതത്തെ വെല്ലുവിളിച്ച, വിശ്വാസം ജീവിക്കാൻ എന്നെ നിർബന്ധിച്ച ഒരു കൂട്ടം മനുഷ്യർ – അവരെ ഞാൻ ദൈവത്തിന്റെ സ്വന്തം ജനമെന്ന് വിളിക്കട്ടെ.

അരുണാചൽ പ്രദേശിലെ ഇറ്റാനഗർ രൂപതയിൽ പെട്ട മെംഗിയോ (Mengio) മിഷനിലെ നിഷി ഗോത്രക്കാരായ മനുഷ്യർ എന്നിലെ മിഷണറിയെ വെല്ലു വിളിച്ച സന്ദർഭങ്ങൾ നിരവധിയാണ്.

2013 – ലെ ക്രിസ്തുമസ്സ് ആഘോഷങ്ങൾക്ക് ശേഷം ഏകദേശം മുപ്പതോളം ഗ്രാമീണരുമായി ഞങ്ങൾ കേരളത്തിലേക്ക് ഒരു യാത്ര പോയി. ഒരു മാസം നീണ്ട യാത്രയിൽ ഞങ്ങളുടെ വിവിധ വില്ലേജ് പള്ളികളിൽ നേതൃത്വ ശുശ്രൂഷ ചെയ്യുന്ന സ്ത്രീ പുരുഷൻമാരാണ് ഉണ്ടായിരുന്നത്. കേവലം 35-40 വർഷത്തെ വിശ്വാസ പാരമ്പര്യം മാത്രമുള്ള ഒരു സമുഹത്തിന്റെ വിശ്വാസ ജീവിതത്തിന് കരുത്ത് പകരുവാനുള്ള ഒരു യാത്രയായിരുന്നു അത്.

ഈ ഒരു ഗ്രൂപ്പിലെ പ്രധാനി ഞങ്ങളുടെ പ്രദേശത്ത് കത്തോലിക്കാ വിശ്വാസം പാകി വളർത്തി പരിപാലിച്ച നിച്ച് രഞ്ചോ (Nich Rangcho) എന്ന മനുഷ്യനായിരുന്നു. ഏതാണ്ട് മുപ്പത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് വിശ്വാസത്തിന്റെ വിത്ത് വിതയ്ക്കുവാൻ അത്യദ്ധ്വാനം ചെയ്ത നിരക്ഷരനായ ഒരു ദൈവ മനുഷ്യൻ. വിശ്വാസത്തിന്റെ പേരിൽ പീഢിപ്പിക്കപ്പെടുകയും തനിക്കുള്ളതെല്ലാം പിഴയായി നല്കുകയും ചെയ്ത ഒരാൾ. വൈദികർക്കും സന്യസ്തർക്കും കടന്നു ചെല്ലാൻ അനുവാദമില്ലാതിരുന്ന കാലത്ത് ആത്മാവിനാൽ നയിക്കപ്പെട്ട് ഈ ജനത്തെ വിശ്വാസത്തിൽ ഉറപ്പിച്ച് നിർത്തിയവരിൽ പ്രധാനി. 2010 – ൽ ഇത് ഒരു ഇടവകയാകും വരെ വർഷത്തിൽ കേവലം രണ്ടോ മൂന്നോ കുർബാന മാത്രം ലഭിച്ചിരുന്ന ഒരു സമൂഹത്തിന് പ്രത്യാശ നൽകുവാൻ ഓടി നടന്ന കുറച്ച് തീഷ്ണമതികളുടെ നേതാവ്.

വൈദികരുടെ സ്ഥിര സാന്നിധ്യമില്ലാതിരുന്നപ്പോഴും സഭയിലേക്ക് വി‌ശ്വാസികളെ ആകർഷിക്കുകയും 17 വില്ലേജ് പള്ളികളും ഏകദേശം മൂവായിരത്തോളം വിശ്വാസികളുമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുകയും നയിക്കുകയും ചെയ്ത അല്മായ പ്രേഷിതരിലൊരാൾ. പോൾ എന്ന മാമ്മോദീസാ നാമം അന്വർത്ഥമാക്കി ജീവിക്കുന്ന അദ്ദേഹത്തെ ഞങ്ങൾ അബു [അപ്പൻ] രഞ്ചോ എന്നു വിളിക്കുന്നു.

ഇറ്റാനഗറിൽ നിന്നും ഗുവാഹട്ടിയിൽ എത്തി അവിടെ നിന്നും തിരുവനന്തപുരം ട്രെയിനിലായിരുന്നു ഞങ്ങളുടെ യാത്ര. രണ്ടു പേരൊഴിച്ച് ബാക്കി എല്ലാവരുടേയും ആദ്യ ട്രെയിൻ യാത്രയായിരുന്നു അത്. ട്രെയിനിൽ കയറിയപ്പോൾ എല്ലാവർക്കും ആശ്ചര്യവും അമ്പരപ്പും. ഓടിനടന്ന് എല്ലാവരുടേയും ഇരിപ്പിടങ്ങൾ കണ്ടെത്തി സ്വസ്ഥമായി. അപ്പോഴാണ് എനിക്കും അബു രഗ്ഞ്ചോയ്ക്കും അഭിമുഖമായിരുന്ന വ്യക്തിയെ ഞാൻ തിരിച്ചറിഞ്ഞത്. സലേഷ്യൻ സെമിനാരിയില്‍ വച്ച് ഞാൻ കണ്ടിട്ടുള്ള ഒരു സലേഷ്യൻ വൈദികനായിരുന്നു അത്. ഞങ്ങൾ മെംഗിയോയിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു, ഇത് അബു രഗ്ഞ്ചോ അല്ലേയെന്ന്. ഇപ്പോൾ ഞെട്ടിയത് ഞാനാണ്. അപ്പോഴേക്കും അബുവും അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നു. അവർ പരസ്പരം ആലിംഗനം ചെയ്തു. അവര്‍ക്ക് പരസ്പരം അറിയാം!

20 വർഷങ്ങൾ പുറകിലേയ്ക്ക് ഒരു  ഫ്ലാഷ് ബാക്ക്. അന്ന് ആ വൈദികൻ ഒരു ക്രിസ്തുമസ്സ് കാലത്ത് ഞങ്ങള്‍ ഇപ്പോള്‍ ജോലി ചെയുന്ന മെംഗിയോയിലെ ഗ്രാമങ്ങളിൽ ബലിയർപ്പിക്കാനായി വന്നു. ദിവസങ്ങൾ നീണ്ട  ആ സുവിശേഷ യാത്രയിൽ അച്ചനോടൊപ്പം നടന്നവരിൽ അബു രഗ്ഞ്ചോയും ഉണ്ടായിരുന്നു.

കടുത്ത തണുപ്പും നീണ്ട ദിവസങ്ങളിലെ യാത്രയും അച്ചനെ ശാരീരികമായി തളർത്തി. അച്ചന്റെ കാലുകൾ നീരു വച്ച് നടക്കാൻ പറ്റാത്ത അവസ്ഥയായി. പോകേണ്ട അടുത്ത ഗ്രാമത്തിലേക്ക് ചെങ്കുത്തായ കാട്ടിലൂടെ മൂന്ന് മണിക്കൂർ നടക്കണം. അവിടെ അവർ അച്ചന്റെ വരവിനായി കാത്തിരിക്കുന്നു. എങ്ങിനെയെങ്കിലും അവിടെ എത്തിച്ചാൽ ഞാൻ കുർബ്ബാന ചൊല്ലാം, അച്ചൻ പറഞ്ഞു. എന്നാൽ ശരി നമുക്ക് അച്ചനെ തോളിൽ ചുമക്കാം എന്ന് പറഞ്ഞത് അബു രഗ്ഞ്ചോയാണ്. അങ്ങനെ അവർ അച്ചനെ തോളിൽ ചുമന്ന് ആ ഗ്രാമത്തിൽ എത്തിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ബലിയാണ് അന്ന് അർപ്പിച്ചതെന്ന് പറഞ്ഞ ആ വൈദികന്റെ കണ്ണിലെ നനവ് എന്റെ കണ്ണിലും പടർന്നത് വിശ്വാസ ജീവിതത്തിന് വേണ്ടി  വില കൊടുക്കുവാൻ തയ്യാറാകുന്ന ദൈവത്തിന്റെ ഈ സ്വന്തം ജനത്തെ കുറിച്ചുള്ള ചിന്തകൊണ്ടും  ഒപ്പം കർത്താവിന് വേണ്ടി ത്യാഗത്തോടെ ഓടിക്കൊണ്ടിരിക്കുന്ന അനേകം മിഷനറിമാരെക്കുറിച്ചുള്ള അഭിമാനത്താലും തന്നെ.

” സദ്വാർത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോട് നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളിൽ എത്ര മനോഹരമാണ്!” (ഏശ:52-7).

ഫാ. ബിജു പുതിയിടത്ത് എം സി ബി എസ്.

തുടരും

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ