
ചങ്ങനാശേരി: സീറോ മലബാർ സഭയുടെ കൂട്ടായ്മയും ശക്തിയും ഭാരതസഭയ്ക്കും ആഗോളസഭയ്ക്കും പങ്കുവയ്ക്കാൻ സഭാംഗങ്ങൾക്കു കൂടുതൽ ഉത്തരവാദിത്വമുണ്ടെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. 131-ാമത് ചങ്ങനാശേരി അതിരൂപതാ ദിനാചരണം തുരുത്തി മർത്ത്മറിയം ഫൊറോനാ പള്ളിയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആരാധനക്രമ പുനരുദ്ധാരണത്തിന് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ നൽകിയ നേതൃത്വമാണ് ഈ രംഗത്തു ക്രമവൽകൃതസ്വഭാവം കൈവരാനിടയാക്കിയത്. കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലും ബിഷപ് മാർ പോൾ ചിറ്റിലപ്പള്ളിയും ഇപ്പോഴത്തെ ലിറ്റർജിക്കൽ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ തോമസ് ഇലവനാലും ഈ രംഗത്തു ചെയ്തിട്ടുള്ള സേവനം മഹത്തരമാണെന്നും പ്രേഷിതചൈതന്യത്തിൽ ചങ്ങനാശേരി അതിരൂപത എന്നും മുൻപന്തിയിലാണ്. മാർ മാത്യു കാവുകാട്ട് അതിരൂപതയുടെ കിഴക്കൻ മേഖലയ്ക്കു നൽകിയ പൈതൃകമായ അജപാലന സംരക്ഷണം സ്മരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനെക്കുറിച്ച് മീഡിയ വില്ലേജ് തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.ജോസിനു സിഡി കൈമാറി മാർ ആലഞ്ചേരി നിർവഹിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷതവഹിച്ചു. സാഗർ രൂപതാ ബിഷപ് മാർ ജയിംസ് അത്തിക്കളത്തെ സമ്മേളനത്തിൽ മാർ പെരുന്തോട്ടം ആദരിച്ചു. പഞ്ചവത്സര പദ്ധതി പുസ്തകം ഹോളിക്വീൻസ് പ്രൊവിൻഷ്യാൾ ഡോ.സിസ്റ്റർ സുമാ റോസിനു കൈമാറി ആർച്ച്ബിഷപ് പ്രകാശനം ചെയ്തു. 2019ലെ അതിരൂപതാദിനം നടക്കുന്ന അന്പൂരി ഫൊറോന പള്ളി വികാരി ഫാ.ജേസഫ് ചൂളപ്പറന്പിലിന് ആർച്ച്ബിഷപ് അതിരൂപതാ പതാക കൈമാറി. ഡോ.മാത്യു പാറയ്ക്കലിനു സമ്മേളനത്തിൽ എക്സലൻസ് അവാർഡ് സമ്മാനിച്ചു.
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപതാ ഭവനനിർമാണ പദ്ധതിയുടെ താക്കോൽദാനം മാർ പവ്വത്തിൽ നിർവഹിച്ചു. സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ് മുഖ്യ പ്രഭാഷണം നടത്തി. അതിരൂപതാദിന സ്മരകമായി വിവിധ ഇടവകകളിൽനിന്ന് എത്തിയ പ്രതിനിധികൾക്കു നാട്ടുമാവിൻ തൈകൾ വിതരണം ചെയ്തു. അതിരൂപതയിലെ 16 ഫൊറോനകളിൽനിന്നുള്ള വൈദികരും സന്യസ്തരും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.