പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ ചാവറയച്ചന് കഴിഞ്ഞു: മാര്‍ ആന്റണി കരിയില്‍

മാന്നാനം: ഇന്ത്യയില്‍ കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന ഉപവിശാലയ്ക്ക് കൈനകരിയില്‍ തുടക്കമിട്ടു സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വിശുദ്ധ ചാവറയച്ചന് കഴിഞ്ഞുവെന്നു മാണ്ഡ്യ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ആന്റണി കരിയില്‍ അഭിപ്രായപ്പെട്ടു. കേരള സഭയില്‍ മാത്രമല്ല കേരള സമൂഹത്തില്‍ തന്നെ വലിയ വിപ്ലവത്തിന് തുടക്കം കുറിച്ച മഹാത്മാവാണ് ചാവറയച്ചനെന്നും അദ്ദേഹം പറഞ്ഞു.

മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന്റെ സമാപന ദിനമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. പള്ളിയോടൊപ്പം പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തും വിദ്യാഭ്യാസ രംഗത്തും അച്ചടിശാല സ്ഥാപിച്ചും മാധ്യമ രംഗത്തും വിശുദ്ധ ചാവറയച്ചന്‍ വിപ്ലവത്തിനു തുടക്കം കുറിച്ചു. കേരള സമൂഹത്തില്‍ ചലനാത്മകമായ വിപ്ലവം സൃഷ്ടിക്കുന്നതിനു വിശുദ്ധ ചാവറയച്ചനു സാധിച്ചത് അദ്ദേഹത്തിന്റെ ആഴമേറിയ ആധ്യാത്മികാനുഭവത്തില്‍ നിന്നും യേശുവുമായുള്ള സുദൃഢമായ ബന്ധത്തില്‍ നിന്നുമാണെന്ന് ബിഷപ്പ് പറഞ്ഞു.

തിരുനാളിന്റെ സമാപന ദിവസമായിരുന്ന ഇന്നലെ വിശുദ്ധ ചാവറയച്ചന്റെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ഥിക്കുന്നതിന് ധാരാളം വിശ്വാസികള്‍ എത്തിയിരുന്നു.

Leave a Reply