തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരുടെ മാതാപിതാക്കള്‍ മാപ്പ് പറഞ്ഞു 

ക്രിസ്തുമസ് പാതിരാകുര്‍ബാന മദ്ധ്യേ തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരുടെ മാതാപിതാക്കള്‍ താമരശ്ശേരി രൂപതയുടെ അധ്യക്ഷന്‍ മാര്‍ റെമീജിയൂസ് ഇഞ്ചനാനിയെ കണ്ട് സംഭവത്തില്‍ ഖേദവും അതീവ വ്യസനവും രേഖപ്പെടുത്തി. ഈ സംഭവത്തില്‍ എവിടെ വേണമെങ്കിലും മാപ്പ് പറയാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചു.

താമരശ്ശേരി രൂപതയുടെ കീഴിലുള്ള ചെമ്പുകടവ് സെന്‍റ് ജോര്‍ജ്ജ് ദേവാലയത്തില്‍ നിന്നാണ് ക്രിസ്തുമസ് പാതിരാകുര്‍ബാന മദ്ധ്യേ തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. അപരിചിതരായ രണ്ട് പേര്‍ വിശുദ്ധ കുർബാന സ്വീകരിക്കുന്ന രീതി കണ്ടപ്പോളാണ് വിശ്വാസികളില്‍ സംശയമുയര്‍ന്നത്. നാവിൽ സ്വീകരിച്ച പരിശുദ്ധ കുർബാന വിരൽകൊണ്ട് തട്ടി പോക്കറ്റിലേക്ക് മാറ്റുന്നത് കണ്ടപ്പോള്‍ വിശ്വാസികളുടെ സംശയം പൂര്‍ണ്ണമാകുകയായിരിന്നു. ഇതിനിടെ ഒരാളുടെ വായിൽ നിന്നും വീണ തിരുവോസ്തി പോക്കറ്റിൽ വീഴാതെ നിലത്തു പോയപ്പോള്‍ ചവിട്ടി പിടിക്കാനും പിന്നെ എടുത്ത് പോക്കറ്റിൽ ഇടാനും ശ്രമമുണ്ടായി.

ഇതോടെ ഇടവകക്കാര്‍ ഇവരെ പിടികൂടി. പേരുകൾ ചോദിച്ചപ്പോൾ ക്രിസ്ത്യൻ പേരുകൾ പറഞ്ഞെങ്കിലും തിരിച്ചറിയല്‍ കാർഡുകൾ പരിശോധിച്ചപ്പോൾ മറ്റു മതസ്ഥരാണെന്നു തെളിഞ്ഞു. പുലര്‍ച്ചെ രണ്ടുമണിയോടെ കോടഞ്ചേരി പോലീസ് ദേവാലയത്തിലെത്തി ഏഴു പേരെയും കസ്റ്റഡിയിൽ എടുത്തു. പിടിയിലായ എല്ലാവരും യുവജനങ്ങളാണ്.

തിരുനാള്‍ ദിനങ്ങളില്‍ വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണത്തിലും നല്‍കലിലും അതീവ ശ്രദ്ധ പുലര്‍ത്തെണ്ടതാണ്‌ എന്ന് സഭ നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. ഈ ഒരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വൈദികരും വിശ്വാസികളും ഇനിയും ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് രൂപതാ കേന്ദ്രങ്ങള്‍ അറിയിച്ചു.

Leave a Reply