കോളറബാധ​: സാംബിയയിൽ സ്കൂളുകളും പള്ളികളും അടച്ചിട്ടു 

ദക്ഷിണ ആഫ്രിക്കൻ രാജ്യമായ സാംബിയയുടെ തലസ്ഥാനമായ ലുസാക്കെ കേന്ദ്രീകരിച്ചു കോളറ പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്ന് ചില സ്കൂളുകളുടെ പ്രവര്‍ത്തനവും  സഭാസമ്മേളനങ്ങളും അനിശ്ചിതകാലത്തെയ്ക്ക് റദ്ദാക്കി. 2017 ഒക്റ്റോബർ ഒൻപതു മുതൽ ആളുകളില്‍ കണ്ടു തുടങ്ങിയ കോളറ ബാധ തുടര്‍ന്ന് ഒരു പ്രദേശത്തെ ആളുകളിലേയ്ക്ക് പടരുകയായിരുന്നു എന്ന് സാംബിയയുടെ ആരോഗ്യമന്ത്രി ചിറ്റിലു ചിൽഫിയ, വിദ്യാഭ്യാസ മന്ത്രി , ഡെന്നീസ് വഞ്ചിംഗ എന്നിവര്‍ നവമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏകദേശം  2,802 ആളുകളില്‍ ജനുവരി ആറോടെ കോളറ ബാധ സ്ഥിതീകരിച്ചു. ഇവരില്‍ 66 പേ​ര്‍​ മരണമടഞ്ഞു. മരണമടഞ്ഞവരിൽ ഭൂരിഭാഗവും  ലുസാക്കെ പ്രദേശത്തുനിന്ന് ഉള്ളവരായിരുന്നു. രോഗം നിയന്ത്രണാതീതമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഒരു മുൻകരുതൽ എന്ന നിലയിൽ പല സ്‌കൂളുകളും പള്ളികളും അവരുടെ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുവാൻ തീരുമാനിച്ചു. സാംബിയൻ ബിഷപ്പുമാരുടെ സമ്മേളനം ചില സ്ഥലങ്ങളിൽ കുർബാനകൾ അർപ്പിക്കുന്നത് പരിമിതപ്പെടുത്തുകയും  കുർബാനകളിൽ സമാധാനം കൈമാറുന്നത് ഒഴിവാക്കുകയും ചെയ്തു.

സാംബിയയിലെ  മൂന്നു പ്രധാന ക്രിസ്ത്യൻ സമൂഹങ്ങളായ കത്തോലിക്കാ സഭ, കൗൺസിൽ ഓഫ് ചർച്ചസ് ഇൻ സാംബിയ, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഇൻ സാംബിയ എന്നിവ ചേർന്ന് ജനുവരി എട്ടാം തിയതി പുറത്തിറക്കിയ പ്രസ്താവനയിൽ കോളറ പ്രതിസന്ധിയിൽ ഖേദം  പ്രകടിപ്പിച്ചു.” രോഗം മൂലം പ്രിയപ്പെട്ടവരേ നഷ്ടമായവർക്കായി പ്രാർത്ഥിക്കുന്നു. രാജ്യം പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ദൈവത്തിന്റെ സമാധാനം നമുക്ക് പ്രത്യാശയും പ്രതിസന്ധികൾ തരണം ചെയ്യുന്നതിനുള്ള ശക്തിയും നൽകട്ടെ. കോളറ പ്രതിസന്ധിയെ വേഗം മറികടക്കുവാനും സാധാരണ നിലയിലേയ്ക്ക് എത്തുവാനും ഞങ്ങൾ പ്രാർത്ഥിക്കുന്നു. പകർച്ചവ്യാധി പരിഹരിക്കുന്നതിന് ഗവൺമെന്റുമായി സഹകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” എന്ന് പ്രസ്താവനയിൽ സഭകളുടെ നേതാക്കൾ പറഞ്ഞു.

രോഗബാധയ്ക്കെതിരെ മറ്റു സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ സാംബിയ ഡിഫൻസ് ഫോഴ്‌സും പ്രത്യേകം ശ്രദ്ധിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here