ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നത് തിരഞ്ഞെടുപ്പിന്: മാർപ്പാപ്പ

മാമ്മോദീസാ എന്ന അതുല്യമായ കൂദാശയെക്കുറിച്ചും ജീവന്റെ ഉറവിടമായ ജലത്തെക്കുറിച്ചും ഒരേ സമയം ദൈവത്തെയും സാത്താനേയും സേവിക്കാൻ സാധിക്കാത്തതിനെക്കുറിച്ചുമാണ് സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ ബുധനാഴ്ചത്തെ പൊതുസന്ദർശകരോട് സംസാരിക്കവെ മാർപ്പാപ്പ പ്രത്യേകമായി പരാമർശിച്ചത്. മിഡിൽ ഈസ്റ്റ്, സിറിയ പോലുള്ള സ്ഥലങ്ങളിൽ സമാധാനം പുലരുന്നതിനുവേണ്ടി പ്രാർത്ഥിക്കണമെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.

ജലം, ജീവന്റെയും സുസ്ഥിതിയുടെയും ഉറവിടം

ജീവനും സുസ്ഥിതിയും പ്രദാനം ചെയ്യുന്ന ജലത്തിന് പല ഭാവങ്ങളുണ്ട്. അതിന്റെ ദൗർലഭ്യത്തിൽ ഫലപുഷ്ടിയും സമൃദ്ധിയും അപ്രത്യക്ഷമാവും. അതേസമയം വെള്ളത്തിലകപ്പെട്ടാൽ ചിലപ്പോൾ മരണത്തിന് വരെ കാരണമാവുകയും ചെയ്യാം. അതുപോലെതന്നെ ശുദ്ധീകരിക്കാനും നിർമ്മലമാക്കാനുമുള്ള കഴിവും ജലത്തിനുണ്ട്. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

ബൈബിളിൽ, ദൈവം ഇടപെടുന്നതും വാഗ്ദാനങ്ങൾ നൽകുന്നതുമായ നിരവധിയവസരങ്ങളിൽ ജലത്തിന്റെ സാന്നിധ്യം പ്രകടമാണ്. യേശുവിന്റെ ജ്ഞാനസ്നാന വേളയിലും അവിടുന്ന് കുരിശിൽ കിടന്നപ്പോഴുമെല്ലാം ജലത്തിന്റെ സാന്നിധ്യം ഉണ്ടായി.

മാമ്മോദീസായിൽ ജലം ഉപയോഗിക്കുമ്പോൾ അർത്ഥമാക്കുന്നത്, യേശുവിൽ നവജീവിതം ആരംഭിക്കുന്നു എന്നും, പാപങ്ങളെല്ലാം കഴുകി കളയുന്നു എന്നുമാണ്. പരിശുദ്ധാവിൽ നിറഞ്ഞ്, യേശുവിന്റെ മരണോത്ഥാനങ്ങളിലൂടെ രക്ഷിക്കപ്പെട്ട സഭയിൽ അംഗങ്ങളാവുകയാണ് മാമ്മോദീസാ സ്വീകരിക്കുന്ന എല്ലാവരും. നിത്യജീവിതത്തിനും അവർ അർഹരാവുന്നു. എന്നാൽ ഇത് സാധ്യമാകണമെങ്കിൽ സാത്താനേയും അവന്റെ സകല വ്യാപാരങ്ങളെയും നാം വെറുത്തുപേക്ഷിക്കണം. മാർപ്പാപ്പ വ്യക്തമാക്കി.

സാത്താൻ വേർപെടുത്തുന്നു, ദൈവം കൂട്ടിച്ചേർക്കുന്നു

എല്ലാത്തിനെയും എപ്പോഴും വേർപെടുത്താനാണ് സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദൈവമാകട്ടെ, എല്ലാത്തിനെയും യോജിപ്പിക്കാനും. അതുകൊണ്ടുതന്നെ ഒരേസമയം ദൈവത്തോടും സാത്താനോടുമൊപ്പം ആയിരിക്കാൻ സാധിക്കില്ല. ജീവന്റെയും രക്ഷയുടെയും പാത തിരഞ്ഞെടുക്കാൻ ഒരിക്കൽ തീരുമാനിച്ചുകഴിഞ്ഞാൽ സാത്താന്റെ തന്ത്രങ്ങളിലേക്ക് ഒരു മടങ്ങിപ്പോക്ക് ഉണ്ടാവാൻ പാടില്ല. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

ശക്തി നൽകുന്നത് പരിശുദ്ധാത്മാവ്

നവ, നിത്യ ജീവിതങ്ങൾ തിരഞ്ഞെടുക്കാൻ തീരുമാനിച്ച്, വിശ്വാസമേറ്റു പറഞ്ഞു കഴിയുമ്പോൾ, വിശുദ്ധ ജലംകൊണ്ട് നാം അഭിഷേകം ചെയ്യപ്പെടും. മാമ്മോദീസാ വേളയിൽ നമുക്ക് ലഭിച്ച സമ്മാനമാണത്. മാർപ്പാപ്പ പറഞ്ഞു.

സിറിയയ്ക്കുവേണ്ടി പ്രാർത്ഥിക്കുക

ലോകത്തിൽ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റ്, സിറിയ എന്നിവിടങ്ങളിലും സമാധാനം പുനസ്ഥാപിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണമെന്നും മാർപ്പാപ്പ ഓർമ്മിപ്പിച്ചു. സിറിയയിൽ നിന്നെത്തിയ ഒരുകൂട്ടം യുവജനങ്ങളോടാണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply