ക്രിസ്ത്യാനികളും മുസ്ലീങ്ങളും സഹവര്‍ത്തിത്വത്തോടെ മുന്നേറണം: കര്‍ദിനാള്‍ റ്റിയുറാന്‍ 

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ മത്സരിക്കുന്നതിലൂടെ, മതങ്ങള്‍ ആശങ്കയുടെയും അക്രമത്തിന്റെയും ഉറവിടമാണെന്ന വിശ്വാസത്തെയാണ് വളര്‍ത്തുന്നതെന്ന് കര്‍ദിനാള്‍ ജീന്‍ ലൂയിസ് റ്റിയുറാന്‍. മേയ് 16 ന് ആരംഭിച്ച റമദാനിലേക്കുള്ള വാര്‍ഷിക സന്ദേശത്തിലാണ് അദ്ദേഹം ഈ കാര്യം സൂചിപ്പിച്ചത്. മേയ് 18 നാണ് വത്തിക്കാനില്‍ നിന്ന് സന്ദേശം പ്രസിദ്ധീകരിച്ചത്.

“നമ്മുടെ വ്യത്യാസങ്ങളെ അംഗീകരിക്കുമ്പോള്‍ തന്നെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും പങ്കിടുന്ന മതപരവും ധാര്‍മികവുമായ മൂല്യങ്ങളെക്കുറിച്ചും ഓര്‍മിപ്പിക്കേണ്ടത് പ്രധാനമാണ്. ഇരുകൂട്ടരിലും പൊതുവായിട്ടുള്ളത് എന്താണെന്നു തിരിച്ചറിയുകയും വ്യത്യാസങ്ങള്‍ മനസിലാക്കുകയും ചെയ്തുകൊണ്ട്, സമാധാനപരമായ ബന്ധങ്ങള്‍ക്ക് ശക്തമായ അടിത്തറ സ്ഥാപിക്കുവാന്‍ ഇരു കൂട്ടര്‍ക്കും കഴിയണം. മത്സര ബുദ്ധിയില്‍ നിന്ന് പിന്മാറുകയും പൊതു നന്മയ്ക്കായി ഫലപ്രദമായ സഹകരണത്തിന് ഊന്നല്‍ നല്‍കുകയും വേണം”. കര്‍ദിനാള്‍ സന്ദേശത്തില്‍ പറഞ്ഞു.

‘ക്രിസ്ത്യാനികളും മുസ്ലീങ്ങളും: മത്സരത്തില്‍ നിന്ന് സഹവര്‍ത്തിത്വത്തിലേയ്ക്ക്’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നോമ്പെടുക്കുന്നതിനും ഉപവാസത്തിനുമായി ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ എടുക്കുന്ന ത്യാഗത്തെ അദ്ദേഹം പ്രശംസിച്ചു. മത്സരത്തിന്റെ ആത്മാവ് ഇരു വിശ്വാസികള്‍ക്കുമിടയില്‍ തകര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. അത് അസൂയക്കും മത്സരത്തിനും വഴക്കിനും കാരണമായി എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മറ്റുള്ളവരെ ആദരിച്ചുകൊണ്ടും കലഹത്തിന്റെ ചിന്തകള്‍ മാറ്റിവച്ചുകൊണ്ടും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്

Leave a Reply