637 നക്ഷത്രങ്ങൾ പ്രകാശിക്കുന്ന ഇടവക  

വ്യതസ്തമായി ക്രിസ്തുമസ് സന്ദേശം പകർന്ന് പച്ച ചെക്കടിക്കാട് ലൂർദ്മാത ഇടവക നക്ഷത്രം പോലെ ഉയര്‍ന്നു നില്‍ക്കുന്നു.

ക്രിസ്തുമസ് കുർബാനകണ്ടു ആശംസകൾ കൈമാറി പിരിയുന്ന ഒരു ഇടവകയുടെ പതിവ് ചിത്രത്തിൽ നിന്ന് മാറി നടക്കുകയാണ് പച്ച ചെക്കടിക്കാട് ലൂർദ്മാത  ഇടവക. ക്രിസ്തുമസിന്റെ സന്ദേശം പങ്കുവെച്ചുകൊണ്ട് ഒരാഴ്ചമുന്നേ തുടങ്ങിയ ആഘോഷങ്ങൾ. പാവങ്ങൾക്കൊപ്പം ക്രിസ്തുമസ് മധുരവും  സ്നേഹവും  പങ്കുവെച്ചും പ്രായഭേദമില്ലാതെ പള്ളിമുറ്റത്ത്‌ ഒത്തുചേർന്നും ഇവർ സമ്മാനിച്ചത് ക്രിസ്തുമസിന്റെ അതിമധുരം.

637 നക്ഷത്രങ്ങൾ പ്രകാശപൂർണ്ണമാക്കിയ നക്ഷത്രരാവ്

ക്രിസ്തുമസ് നക്ഷത്രങ്ങളായി മാറുവാനുള്ള സന്ദേശമാണ് പകരുന്നത്; യേശുവിന്റെ അടുത്തേയ്ക്കു ജ്ഞാനികളെയും ആട്ടിടയന്മാരെയും ആനയിച്ച ആ വെള്ളിനക്ഷത്രം പോലെ അനേകരെ ഈശോയിലേയ്ക്ക് നയിക്കുന്നതിനുള്ള നക്ഷത്രങ്ങൾ. ഈ സന്ദേശം പരത്തുന്നതിനായി ഇടവക വൈദികരുടെ ഉള്ളിൽ തോന്നിയ ഒരാശയമാണ് നക്ഷത്രരാവിലേയ്ക്ക് വിരൽ ചൂണ്ടിയത്. ഇടവകയിൽ അംഗങ്ങളായുള്ള എല്ലാ കുടുംബങ്ങളും പള്ളിയിലേയ്ക്ക് ഓരോ നക്ഷത്രം സ്പോൺസർ ചെയ്യുക. ആ നക്ഷത്രങ്ങളാൽ ദേവാലയം അലങ്കരിക്കുക. ആശയത്തിന്റെ പൊരുൾ മനസിലാക്കിയ ഇടവക ജനങ്ങൾ ഇരുകയ്യും നീട്ടി ഇതിനെ സ്വീകരിച്ചു. അവർ നൽകിയ നക്ഷത്രങ്ങളാൽ ദേവാലയത്തിനു ചുറ്റും അലങ്കരിച്ചു.  ഇടവക ജനങ്ങളിൽ നിന്നും ശേഖരിച്ചത്  637   നക്ഷത്രങ്ങൾ. അവ ഒന്നിച്ചു പ്രകാശിച്ചു ഒരു രാവിനെ പ്രകാശപൂരിതമാക്കിയപ്പോൾ  ഒരാളുടെയോ ഒരു വ്യക്തിയുടെയോ ഒക്കെ ആയിരുന്ന ക്രിസ്തുമസ് ഒരു ഇടവകയുടെ ക്രിസ്തുമസായി മാറി.

മതസൗഹാർദത്തിന്റെ സന്ദേശവുമായി പങ്കുവയ്ക്കൽ 

ക്രിസ്‌തുമസ് അത് ഒരിക്കലും ക്രിസ്ത്യാനികളുടെ മാത്രം ആഘോഷമാകുന്നില്ല എന്നും അത് പൂർണ്ണമാകുന്നത് പങ്കുവയ്ക്കലിന്റെ അനുഭവം  സാധ്യമാകുമ്പോഴാണെന്നു തിരിച്ചറിഞ്ഞ ലൂര്‍ദ്മാതയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഒരു പരിപാടിയാണ് ഫുഡ്‌ കിറ്റ് വിതരണം. അരിയും പച്ചക്കറികളും അടങ്ങിയ കിറ്റിനോപ്പം ക്രിസ്തുമസ് മധുരം പകര്‍ന്നു കേക്കും പായസം മിക്സും  ചേര്‍ന്നപ്പോള്‍ അവരുടെ ക്രിസ്തുമസ് മധുരിതമായി. ഏകദേശം ഇരുപത്തി അഞ്ചോളം കിറ്റുകള്‍ വിതരണം ചെയ്തു. അതിനായി ഇടവകാതിര്‍ത്തിയില്‍ പെട്ട  പാവപ്പെട്ട ആളുകളെ തിരഞ്ഞെടുത്തു. അതില്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളും ഉണ്ടായിരുന്നു. ക്രിസ്തുമസ് കേക്കും കിറ്റുമായി അപ്രതീക്ഷിതമായി കടന്നു വന്ന യുവജനങ്ങളെയും വൈദികരെയും കണ്ടു അമ്പരന്ന ഇതര മതസ്ഥരായ ആളുകളോടൊപ്പം അല്‍പനേരം സംസാരിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു കൊണ്ടാണ് അവര്‍ മടങ്ങിയത്.

നന്മയുടെ സന്ദേശം പകര്‍ന്ന ‘ബോണ്‍ നത്താലെ’

ക്രിസ്തുമസ് രാവുകളെ സാധാരണ ആഘോഷവേളകളാക്കി മാറ്റുക യുവജങ്ങളാണ്. എന്നാല്‍ ചെക്കടിക്കാട് പള്ളിയില്‍ ഈ തവണ ഈ പതിവിനു ചെറിയൊരു മാറ്റം സംഭവിച്ചു. മുതിര്‍ന്ന തലമുറയ്ക്കായി യുവജനങ്ങള്‍ ഒന്നു വഴിമാറി നല്‍കി. ഇടവകയിലെ മുതിര്‍ന്ന അപ്പച്ചന്മാരുടെയും അമ്മച്ചിമാരുടെയും കലാ പരിപാടിയായിരുന്നു ‘ബോണ്‍ നത്താലെ’. ഓരോ വാര്‍ഡുകള്‍ക്കായി അനുവദിച്ച ഇരുപതു മിനിറ്റ് സമയത്തെ, മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തികൊണ്ട് മുതിര്‍ന്ന തലമുറ തങ്ങളും മോശക്കാരല്ലെന്നു തെളിയിച്ചപ്പോള്‍ ഇളം തലമുറ അത് ആഹ്ലാദാരവങ്ങളോടെ സ്വീകരിച്ചു.

‘ബോണ്‍ നത്താലെ’ നന്മയുടെയും പങ്കുവയ്ക്കലിന്റെയും അവസരമായിരുന്നു. ക്യാന്‍സര്‍ രോഗികള്‍ക്കായി തങ്ങളുടെ മുടി മുറിച്ചു നല്‍കിക്കൊണ്ട് വിവിധ പ്രയങ്ങളിലായി ഉള്ള പതിനൊന്നു പേര്‍ ഈ ക്രിസ്തുമസിനു മുന്നോടിയായുള്ള രാവുകളെ പങ്കുവയ്ക്കലിന്റെ വേളകളാക്കി. മുടി നല്‍കിയവരില്‍ രണ്ടു വീട്ടമ്മമാരും രണ്ടു യുവജനങ്ങളും ഉള്‍പ്പെടുന്നു. ബാക്കി എല്ലാവരും സ്കൂള്‍ കുട്ടികളാണ്.

ക്രിസ്തുമസ് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും അവസരമാണ്. ഈ ക്രിസ്തുമസ് രാവുകളെ അര്‍ത്ഥപൂര്‍ണ്ണമാക്കികൊണ്ട് അതിന്റെ സന്ദേശം സമൂഹത്തിന്റെ നനാഭാഗങ്ങളിലേക്ക് പകര്‍ന്നു കൊണ്ട് സന്തോഷം പങ്കുവെച്ചുകൊണ്ട് ഇവര്‍ നടത്തുന്ന ഈ ക്രിസ്തുമസ് ആഘോഷം അനേകര്‍ക്ക്‌ മാതൃകയാകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here