കുഞ്ഞിപ്പൈതങ്ങള്‍

റാമായില്‍ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ച് കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍ അവള്‍ക്ക് സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. (മത്താ. 2:18)

”ഓരോ ശിശു രോദനത്തിലും കേള്‍പ്പൂ ഞാന്‍
ഒരുകോടി ഈശ്വര വിലാപം
ഓരോ കരിന്തിരിക്കണ്ണിലും കാണ്‍മൂ ഞാന്‍
ഒരു കോടി ദേവനൈരാശ്യം”

മധുസൂതനന്‍നായരുടെ വരികള്‍ കൊണ്ടുചെന്നു നിര്‍ത്തുന്നത് കുഞ്ഞിപ്പൈതങ്ങളുടെ ഓര്‍മ്മയിലാണ്. ലോകരക്ഷകന്റെ ജീവരക്ഷക്കു വേണ്ടി ഒഴുക്കപ്പെടുന്ന നിഷ്‌കളങ്കരക്ത പ്രവാഹം ആദ്യസുവിശേഷത്തിന്റെ ആദ്യഅധ്യായങ്ങളില്‍ മാത്രമല്ല പുതിയനിയമത്തിന്റെ താളുകളിലാകെ രക്തക്കറ വീഴ്ത്തുന്നതാണ് കുഞ്ഞിപ്പൈതങ്ങളുടെ ഓര്‍മ്മ. രക്ഷാകര പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ദൈവകുമാരന്റെ തിരുരക്തത്തോടു ചേര്‍ക്കാന്‍ മാത്രം യോഗ്യത ദൈവം കണ്ടെത്തിയത് കുഞ്ഞിപ്പൈതങ്ങളുടെ ചോരയിലായിരുന്നു. കുരിശില്‍ രക്ഷകന്‍ ചിന്താനിരിക്കുന്ന രക്തബലിയുടെ ആരംഭമായിരുന്നു പുതിയ നിയമത്താളുകളെ ആദ്യമായി നനയ്ക്കുന്ന ഈ രക്തബലി. തീര്‍ന്നില്ല; ചരിത്രത്തിലുടനീളം ക്രിസ്തുനാമത്തില്‍ ചിന്തിയിട്ടുള്ള ചിന്താനിരിക്കുന്ന സകല രക്തസാക്ഷികളുടെയും ബലിയുടെ തുടക്കമായിരുന്നു കുഞ്ഞിപ്പൈതങ്ങളുടെ ബലി. നിരപരാധികളുടെ സഹനത്തിന്റെ ഉത്തരം തേടുന്നവര്‍ക്കും ദൈവപരിപാലനയുടെ ഉത്തരമില്ലാത്ത സമസ്യകള്‍ക്കു മുന്നില്‍ ഇടറിപ്പോകുമ്പോഴും ഉത്തരത്തിന്റെ ദിശാസൂചിയായി കുഞ്ഞിപ്പൈതങ്ങള്‍ നമ്മുടെ ചിന്തയ്ക്കുമേല്‍ ചൊരിയുന്ന പ്രഭയ്ക്ക് ആയിരം സൂര്യതേജസ്സിനേക്കാള്‍ കരുത്തുണ്ട്.

കുഞ്ഞിപ്പൈതങ്ങളുടെ സഹനത്തിനു കാരണം ദൈവമല്ല മനുഷ്യന്റെ അധികാരക്കൊതിയാണെന്നു വചനം സാക്ഷ്യം തരുന്നുണ്ട്. സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്ത മാലാഖ അറിയിച്ചപ്പോള്‍ നഗരവും നാടും നഗരവും സന്തോഷിക്കേണ്ടതായിരുന്നു. കര്‍ത്തവ്യ നിരതരായിരുന്ന അജാപാലകരും കാത്തിരുന്ന പൂര്‍വ്വദേശ രാജാക്കളും ആ സന്തോഷ വാര്‍ത്ത കേട്ട് ഓടിവന്നു. എന്നാല്‍ നാടുവാഴുന്ന ഹേറോദേസിന്റെ ഉറക്കം കെടുത്തുന്നതായിരുന്നു ആ വാര്‍ത്ത. ”നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു” എന്ന വാര്‍ത്ത കേട്ട് വട്ടം കറങ്ങിയത് തന്റെ ശിരസ്സോ അതോ സിംഹാസനമോ എന്നു വേര്‍തിരിച്ചറിയാനാകാതെ ഹേറോദേസ് പകച്ചു നിന്നു. അധികാര മോഹത്തോളം മനുഷ്യനെ അധമനാക്കാന്‍ മറ്റൊന്നിനും കഴിയില്ല എന്നതിന്റെ ചരിത്രസാക്ഷ്യമായി ഹേറോദേസിനെ മാറ്റിയ തീരുമാനമാണ് അയാള്‍ കൈക്കൊണ്ടത്: ”അവനെ കിട്ടിയില്ലെങ്കില്‍ അവനെപ്പോലെയുള്ള സകലതിനേയും വധിക്കുക”.

കുഞ്ഞിപ്പൈതങ്ങള്‍ രൂപത്തിലും പ്രായത്തിലും മാത്രമല്ല നിഷ്‌കളങ്കതയിലും ദൈവപുത്ര തുല്യരായതിനാല്‍ ഹേറോദേസിന്റെ തീരുമാനത്തില്‍ വലിയൊരു ദൈവിക സത്യം അതിശയകരമാം വിധം ഒളിഞ്ഞിരിപ്പുണ്ട്. പിറന്നു വീണ ഓരോ ശിശുവിലും രക്ഷകനാകാനുള്ള സാധ്യതയുണ്ട് എന്ന ഹേറോദേസിന്റെ കിരാതമായ തിരിച്ചറിവിലും ദൈവികതയുടെ മിന്നല്‍ വെളിച്ചമുണ്ട്. പക്ഷേ ആ തിരിച്ചറിവിനെ നക്ഷത്ര പ്രകാശത്തില്‍ വായിക്കാനല്ല; വാള്‍മുനയുടെ ചോരയില്‍ മുക്കിക്കൊല്ലാനാണ് രാജാവ് തീരുമാനിച്ചത്.

നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ ഹേറോദേസ് സകല നീതിയും യുക്തിയും മറന്നു. ഇപ്പോള്‍ പിറന്ന കുഞ്ഞ് പ്രായപൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് രണ്ടുദശകങ്ങളെടുക്കുമെന്നും, എണ്‍പതുകാരനായ തനിക്ക് അവന്‍ പ്രതിബന്ധമാകില്ലെന്നും ഹേറോദേസിന് ന്യായമായി ചിന്തിക്കാമായിരുന്നു. പക്ഷേ അധികാരമോഹം സകലനീതിയും യുക്തിയും മറക്കാന്‍ പലരെയും പ്രേരിപ്പിച്ചിട്ടുണ്ട്. അതിനു വിലകൊടുക്കേണ്ടി വരുന്നത് പലപ്പോഴും കുഞ്ഞുങ്ങളാണ്. തങ്ങളുടെ കസേരകള്‍ക്കു ഭീഷണിയാകുമെന്നു ഭയന്ന് സൈനിക നടപടിക്കു കല്‍പന കൊടുത്ത അഭിനവ ഭരണാധികാരികളും റാമായിലെ വിലാപവും റാഹേലിന്റെ കണ്ണുനീരും കാണുന്നില്ല എന്നതാണ് സത്യം. ഹേറോദേസുമാരുടെ കുലവും കുഞ്ഞിപ്പൈതങ്ങളുടെ രോദനവും ചരിത്രത്തിന്റെ ആദ്യനാള്‍വഴിയിലെ കാലഹരണപ്പെട്ട സംഭവമല്ലെന്ന് ഓരോ യുദ്ധവും തെളിയിക്കുന്നു.

പിറന്നു വീഴുന്ന ശിശു ലോകത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കും ഭീഷണിയായതില്‍ ഗര്‍ഭച്ഛിദ്രം പ്രോത്സാഹിപ്പിക്കുന്നവരും ഹേറോദേസിന്റെ വേഷം ഭംഗിയായി ആടിത്തീര്‍ക്കുകയാണ്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വന്ന ചില നിര്‍ദ്ദേശങ്ങള്‍ നമ്മള്‍ കേള്‍ക്കുകയുണ്ടായി. രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന മാതാപിതാക്കള്‍ക്കു തടവുശിക്ഷ നല്‍കണം, ഗര്‍ഭച്ഛിദ്രത്തിനുള്ള നടപടികള്‍ ഉദാരമാക്കി അതിനുള്ള ‘സൗകര്യം സാര്‍വ്വത്രികമാക്കണം തുടങ്ങിയവയായിരുന്നു നിര്‍ദ്ദേശങ്ങള്‍. ഹേറോദേസിന്റെ കാഴ്ചപ്പാടിന് നൈയാമികവും സാംസ്‌ക്കാരികവുമായ അംഗീകാരം ലഭിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത്. നിലവിലുള്ളവയുടെ സുസ്ഥിതി മാത്രമാണ് ലക്ഷ്യം. വരാനുള്ള തലമുറയ്ക്ക് അവകാശങ്ങളൊന്നുമില്ല. ജനിച്ചവര്‍ ജനിക്കാനിരിക്കുന്നവരുടെ വിധിപറയുന്ന ദുരന്തത്തെക്കുറിച്ച് വേണ്ടത്ര ദാര്‍ശനികവിചിന്തനം ഇനിയും നടന്നിട്ടില്ല.

നൂറ്റാണ്ടുകള്‍ക്കായി പ്രകൃതി കരുതിവച്ച വിഭവങ്ങളെല്ലാം, പെട്രോളിയം അടക്കം ഈ തലമുറ കുടിച്ചു വറ്റിക്കുമ്പോള്‍ വരാനിരിക്കുന്ന തലമുറ എങ്ങനെ ജീവിക്കും എന്നുകൂടി ചിന്തി ക്കേണ്ടതല്ലേ? ജനിക്കാനുള്ളവരുടെ അവകാശത്തിന്റെ ധാര്‍മ്മി കതയെക്കുറിച്ച് എമ്മാനുവല്‍ ലെവിനാസിനെ പോലുള്ളവര്‍ പറയുന്നത് അവഗണിക്കുന്നത് ശരിയല്ല. ധാര്‍മ്മികതയുടെ ഈ മാനം മറക്കുമ്പോള്‍ അനീതി സാര്‍വ്വത്രികമാകുന്നു എന്നതാണ് സത്യം. ഗര്‍ഭച്ഛിദ്രം സാര്‍വ്വത്രീകരിക്കാനുള്ള നിര്‍ദ്ദേശത്തിനു പിന്നിലും ഹേറോദിയന്‍.

ഓരോ ശിശുരോദനവും അമ്മയുടെയും കൂടി രോദനമാണെന്ന വിശുദ്ധഗ്രന്ഥകാരന്റെ തിരിച്ചറിവ് നമ്മുടെയും കൂടി ആ വേണ്ടതാണ്. മാതൃത്വം എന്നത് ‘ഹൃദയത്തില്‍ വാള്‍പേറി’ ജീവിക്കാനുള്ള വിളിയാണെന്ന ശിമയോന്‍ ദീര്‍ഘദര്‍ശിയുടെ ക്രാന്ത ദര്‍ശനവും ക്രിസ്തുമസ് ചിന്തയുടെ ഭാഗം തന്നെയാണല്ലോ. കുഞ്ഞിനെയോര്‍ത്തുള്ള നിലക്കാത്ത ആന്തലും, ഹൃദയത്തില്‍ അവരുടെ ഭാവിയെയും വഴിവിട്ട പോക്കും ഓര്‍ത്തുള്ള വ്യാധിയും… കരയാന്‍ അമ്മമാര്‍ക്ക് ഒരുപാടു കാരണമുണ്ട്.

റാഹേല്‍ എന്ന അമ്മ ഇസ്രായേലിന്റെ പൂര്‍വ്വമാതാവാണ്. മാതൃത്വം അവളുടെ കണ്ണീരിന്റെ സമ്മാനമായിരുന്നു എന്ന് വചനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അമ്മയാകാന്‍ വേണ്ടി കരഞ്ഞവള്‍ക്ക് അമ്മയായതിനുശേഷവും കണ്ണീര്‍ ഉണങ്ങിയിരുന്നില്ല. തന്റെ പ്രിയപുത്രനായ ജോസഫ് വന്യമൃഗങ്ങള്‍ക്ക് ഇരയായെന്ന വ്യാജവാര്‍ത്തയുടെ ദുഃഖവും പേറി തോരാത്ത കണ്ണീരില്‍ ജീവിതം കടലാസു വഞ്ചിപോലെ ഒഴുകിപ്പോയ ഒരു അമ്മയായിരുന്നു റാഹേല്‍. കുഞ്ഞിപൈതങ്ങളെക്കുറിച്ചുള്ള ഓര്‍മ്മ അവരുടെ അമ്മമാരിലേക്കു നമ്മെ നയിക്കുന്നതുപോലെ ഓരോ ശിശുവിനെക്കുറിച്ചുമുള്ള ചിന്ത മാതൃത്വത്തിന്റെ തോരാത്ത കണ്ണീരിലേക്കും തീരാത്ത ദുഃഖങ്ങളിലേക്കും നമ്മുടെ ചിന്തകളെ ഉണര്‍ത്തണം.

ബിഷപ്പ് ഡോ. ജോസഫ് പാംപ്ലാനി

പ്രാര്‍ത്ഥന:
ദൈവമേ കാരണമില്ലാത്ത സഹനങ്ങള്‍ക്കു മുമ്പില്‍ പകച്ചു നില്‍ക്കുന്ന വേളകള്‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. കുഞ്ഞു പൈതങ്ങള്‍ അതിനുള്ള ഉത്തരമാണ്, എനിക്കും ഈ തലമുറയ്ക്കും. ഒരു തുള്ളി കണ്ണീരുപോലും പാഴായി പോകുന്നില്ലെന്നും വരാനിരിക്കുന്ന രക്ഷയ്ക്കുള്ള മുന്നോടിയാണ് അവയെന്നുമുള്ള അറിവ് നല്‍കേണമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply