ക്രിസ്തുമസ് വിചിന്തനം-മനുഷ്യബന്ധങ്ങളിലെ ദൈവം

ലോകം മുഴുവന്‍ സന്തോഷത്തോടെ എതിരേല്‍ക്കുന്ന ക്രിസ്മസ് ആഘോഷത്തിന്റെ അടിസ്ഥാനമെന്ത്? തന്റേതല്ലാത്ത കുഞ്ഞിന്റെ പിതൃത്വം ഏറ്റുവാങ്ങേണ്ടിവന്ന ഒരു മനുഷ്യന്റെ ആന്തരിക സംഘര്‍ഷമോ? തന്റെ കുഞ്ഞിനെ പ്രസവിക്കുമ്പോള്‍ സത്രം പോലും തരപ്പെടുത്താന്‍ സാധിക്കാത്ത കഴിവുകെട്ട ഭര്‍ത്താവിന്റെ കൂടെ യാത്ര ചെയ്യേണ്ടിവന്ന ഒരു ഭാര്യയുടെ ആശങ്കകളോ? അതോ, പുല്‍പ്പായ പോലും ലഭിക്കാതെ കീറത്തുണിയില്‍ പിറന്നു വീഴേണ്ടിവന്ന ഒരു പൈതലിന്റെ ജനനമോ? മാനുഷിക ദൃഷ്ടിയില്‍ നരകതുല്യമായി കാണാവുന്ന ഒരു സംഭവം എങ്ങനെ കോടാനുകോടികള്‍ക്ക് ആഘോഷമായി എന്ന് ധ്യാനിക്കുന്നത് നല്ലതാണ്. സാഹചര്യമല്ല, അതിനോടുള്ള പ്രതികരണമാണ് ജീവിതത്തെ രൂപപ്പെടുത്തുന്നതെന്ന ഒരു വലിയ സന്ദേശം അപ്പോള്‍ നമുക്ക് ലഭിക്കും.

ക്രിസ്മസ് എന്നും കുടുംബത്തിന്റെ ആഘോഷമാണ്. കുടുംബബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന പാശ്ചാത്യരാജ്യങ്ങളില്‍പ്പോലും ക്രിസ്മസിനെല്ലാവരും കുടുംബത്തിലെത്തിച്ചേരും. ക്രിസ്മസ് ട്രീയുടെ അടിയില്‍ വച്ചിരിക്കുന്ന സമ്മാനങ്ങള്‍ കൈമാറും. ബന്ധങ്ങള്‍ പുതുക്കും. ദൈവിക പദ്ധതിയില്‍ കുടുംബത്തിനുള്ള പ്രാധാന്യം എത്രയോ വലുതാണ്. അഹത്തിന്റെ തകര്‍ക്കപ്പെടലും പങ്കുവയ്ക്കലിന്റെയും പരസ്പരകരുതലിന്റെയും ആദ്യപാഠങ്ങളും ആരംഭിക്കുന്നതു കുടുംബത്തിലാണല്ലോ. അതായിരിക്കും മനുഷ്യചരിത്രത്തിലേക്കുള്ള ദൈവാഗമനം സ്വര്‍ഗ്ഗതുല്യമാക്കി യൗസേപ്പിന്റെ കുടുംബം ക്രിസ്തീയ കുടുംബങ്ങള്‍ക്കു മാതൃകയാകുകയാണ്.

യൗസേപ്പിനെ നീതിമാനെന്നാണു പറയുന്നത്. ‘സെദാക്ക’  എന്ന ഹീബ്രുപദം ദൈവഭയത്തെയും ദയവിനെയും സൂചിപ്പിക്കുന്നതാണ്. പ്രതിസന്ധിക്കുകാരണമായ വ്യക്തിയെ ഇല്ലായ്മ ചെയ്തു പ്രശ്‌നപരിഹാരം കണ്ടെത്തുന്നതിനു പകരം ദൈവാശ്രയത്തോടും കൂടി പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവായ യൗസേപ്പ് അവളെ രക്ഷപ്പെടുത്തുകയാണ്. ആ സമീപനത്തില്‍ അവന്റെ ജീവിതത്തില്‍ ദൈവിക ഇടപെടല്‍ ഉണ്ടായി. അവനെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റി ദൈവപുത്രന്റെ ‘വളര്‍ത്തു പിതാവ്’ എന്ന  മഹത്തരമായ പദവിയിലേക്ക് ദൈവം ഉയര്‍ത്തുകയാണ്. സ്വയനീതീകരണത്തിലൂടെ, ജീവിതപങ്കാളിയുടെയും മറ്റുള്ളവരുടെയും കുറവുകളെ പെരുപ്പിച്ചു കാണിച്ച് അപമാനിതരാക്കുകയും നശിപ്പിക്കുകയും, കുടുംബങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ക്കും ആധുനിക മനുഷ്യനും ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ യൗസേപ്പിന്റെ മാതൃക പാഠമാകേണ്ടതാണ്.

മറിയം എന്ന പെണ്‍കുട്ടിയോ? പൂര്‍ണ്ണ ഗര്‍ഭിണിയായിരിക്കുന്നവള്‍. അനേകം മൈലുകള്‍ താണ്ടി നസ്രത്തില്‍ നിന്നും ബേത്‌ലെഹേമിലേക്കുള്ള യാത്ര. കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ കഴുതപ്പുറത്തുള്ള ദുരിതയാത്ര. പ്രസവത്തിനുള്ള സമയമായി. ഭര്‍ത്താവു സത്രമന്വേഷിച്ചു നടക്കുന്നു. ഒന്നും തരപ്പെട്ടില്ല. അവസാനം ദുര്‍ഗന്ധം വമിക്കുന്ന കാലിത്തൊഴുത്തില്‍ പ്രസവം. മറിയത്തിനു ഭര്‍ത്താവിനെക്കുറിച്ച് എന്തൊരു കഴിവുകെട്ട മനുഷ്യന്‍ എന്ന് ചിന്തിക്കാം. പരിഹസിക്കാം, കുറ്റപ്പെടുത്താം. എന്നാല്‍ കച്ചിത്തുരുമ്പുകളെ ശയ്യയാക്കി അവള്‍ തന്റെ ഭര്‍ത്താവിന്റെ നിസ്സഹായാവസ്ഥയോടു പൂര്‍ണ്ണമായും സഹകരിച്ചു.

അപ്പോഴാണ് കാലിത്തൊഴുത്തിലേക്കു സ്വര്‍ഗ്ഗീയഗണം ഇറങ്ങി വരുന്നതും കാലിത്തൊഴുത്തു സ്വര്‍ഗമായി മാറുന്നതും. ആഡംബരജീവിതത്തിനും സുഖലോലുപതയ്ക്കും ഭര്‍ത്താക്കന്മാരെ പ്രേരിപ്പിച്ച് അവരുടെ നിസ്സഹായ അവസ്ഥകളെ പരിഹാസപാത്രമാക്കി മാറ്റി കൈക്കൂലിക്കും കരിഞ്ചന്തയ്ക്കും പ്രേരിപ്പിക്കുന്ന ആധുനിക ഭാര്യമാര്‍ മറിയത്തെ ദര്‍ശിക്കണം. മറിയത്തിന്റെ മനോഭാവമാണ് കാലിത്തൊഴുത്തിനെ സ്വര്‍ഗ്ഗമാക്കിയതെങ്കില്‍ ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന അനേകം സൗധങ്ങള്‍ ഇന്ന് നരകതുല്യമായി  മാറിക്കൊണ്ടിരിക്കുമ്പോള്‍ മറിയം എന്ന കുടുംബിനിയെ പിന്‍പറ്റുന്ന ആഘോഷമാകണം ക്രിസ്മസ്.

പുല്‍മെത്തയെ പൂമെത്തയാക്കുന്ന യേശു എന്ന പൈതലാണു നസ്രത്തിലെ കുടുംബത്തിലെ മൂന്നാമത്തെ അംഗം. അവനെ കണ്ടാലറിയാം അവന്‍ ഇവിടെ കിടക്കേണ്ടവനല്ലായെന്ന്. പിന്നെ എന്തിനിവിടെ വന്നു? അവനെന്തോ ലോകത്തെ പഠിപ്പിക്കാനുണ്ട്. എല്ലാവരും വലിയവരാകാന്‍ തത്രപ്പെടുമ്പോള്‍, വലിയവന്‍ ചെറുതായിത്തീരാന്‍ വെമ്പല്‍ കൊള്ളുന്ന വിരോധാഭാസം. ഇതിനെയാണ് ചിലര്‍ കെനോസിസ് എന്ന് പറയുന്നത്- സ്വയം ശൂന്യവത്ക്കരണം.

പ്രപഞ്ചത്തിന്റെ മുഴുവന്‍ അധിപനാണ് കീറത്തുണിയില്‍ കിടക്കുന്നത്. സ്രഷ്ടാവിനെ വഞ്ചിച്ച് വലിയവനാകാന്‍ ആഗ്രഹിച്ച ആദവും സഹോദരന്റെ രക്തം വളമാക്കി വലുതാകാന്‍ ശ്രമിച്ച കായേലും ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും വഞ്ചനയുടേതുമായ ഒരു സംസ്‌ക്കാരം രൂപപ്പെടുത്തി തലമുറകള്‍ക്കു കൈമാറിയതോടെ അസമാധാനവും നാശവും മനുഷ്യരാശിയെ പിന്തുടരുകായിരുന്നു. ഇവിടെയാണ് ഒരു പുത്തന്‍ സംസ്‌ക്കാരത്തിനു തിരിനാളം കൊളുത്താന്‍ ദൈവം പദ്ധതിയിടുന്നത്. മറ്റുള്ളവന്റെ വിലകൊണ്ടല്ല. സ്വന്തം വിലകൊടുത്ത്, സ്വന്തം പുത്രനെ ബലി നല്‍കിയാണതു സാധ്യമാക്കിയത്. ചൂഷണമല്ല, സ്വപരിത്യാഗമാണു ജീവന്റെ രഹസ്യമെന്നു പഠിപ്പിക്കുകയാണ് പുതിയ ദൈവിക സംസ്‌ക്കാരം. സ്വര്‍ഗത്തിലാരംഭിച്ച്, കാല്‍വരിയില്‍ പൂര്‍ത്തീകരിച്ച ആ സംസ്‌ക്കാരത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണു പുല്‍ത്തൊട്ടിയില്‍ ശയിക്കുന്ന ശിശു.

ദൈവാശ്രയത്തിലും സഹിഷ്ണുതയിലും കാലിത്തൊഴുത്തിനെ സ്വര്‍ഗമാക്കിത്തീര്‍ത്ത തിരുക്കുടുംബത്തിന്റെ മാതൃകയാണ് നമ്മളും പിന്തുടരേണ്ടത്. പരിശുദ്ധ അമ്മയുടെയും യൗസേപ്പിതാവിന്റെയും ജീവിതത്തില്‍ വിഷമഘട്ടങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. പക്ഷേ, അവര്‍ പ്രതിസന്ധികളില്‍ ദൈവഹിതത്തിന് ആമേന്‍ പറഞ്ഞു. അപ്പോഴാണ് ദൈവപുത്രന്റെ മാതാപിതാക്കളാകാന്‍ ഭാഗ്യം കൈവന്നത്. നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ദൈവപദ്ധതിയുടെ ഭാഗമായി കണ്ട് സ്വീകരിക്കുമ്പോള്‍ നമ്മിലൂടെ വലിയ ദൈവിക ഇടപെടല്‍ തന്നെ ലോകം ദര്‍ശിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply