ദൈവവുമായുള്ള സംഭാഷണം എളുപ്പമാക്കാന്‍ 5 മാര്‍ഗ്ഗങ്ങള്‍ 

ഒരു വ്യക്തിയുടെ പ്രാര്‍ത്ഥനാ ജീവിതം എപ്പോഴും ഒരുപോലെ ആകണം എന്നില്ല. ആത്മീയ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടാവുക സാധാരണമാണ്. പ്രാര്‍ത്ഥനയില്‍ ചിലപ്പോള്‍ മടുപ്പ് തോന്നാം. എന്നാല്‍ അത്തരം അവസരങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്‌താല്‍ ഈ അവസ്ഥയെ, ആത്മീയമായ ആ മരവിപ്പിനെ അതിവേഗം മറികടക്കുവാന്‍ കഴിയും.

എന്നാല്‍ പലപ്പോഴും പലര്‍ക്കും ഇത്തരം ആത്മീയമായ മരവിപ്പിനെ എങ്ങനെ നേരിടണം എന്നറിയില്ല. പ്രാര്‍ത്ഥിക്കാന്‍ തോന്നില്ല അത്ര തന്നെ എന്ന് പറഞ്ഞു മാറുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ പ്രാർത്ഥനയിലുള്ള മടുപ്പിനെ മാറ്റുവാനും ദൈവവുമായി സംസാരിക്കുവാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ താഴെച്ചേര്‍ക്കുന്നു:

1 . ബൈബിള്‍ വായന 

 ആത്മീയമായ മടുപ്പ് അകറ്റുന്നതിന് ഏറ്റവും ഉചിതമായ ഒരു മാര്‍ഗ്ഗമാണ് വിശുദ്ധ ഗ്രന്ഥം വായിക്കുക എന്നത്. ഇനി മടുത്തിരിക്കുമ്പോള്‍ ബൈബിള്‍ വായനയോ എന്നല്ലേ ? ഒരുപാട് നേരം വായിക്കണം എന്നല്ല. ഒരു അഞ്ചു മിനിറ്റ്. ശേഷം ബൈബിള്‍ അടച്ചു വെച്ച് വായിച്ച ഭാഗത്തെ കുറിച്ച് ധ്യാനിക്കുക. വായിച്ച വരികളുടെ അര്‍ത്ഥം മനസിലാക്കുവാനും അത് മനസ്സില്‍ സൂക്ഷിക്കുവാനും ശ്രമിക്കാം. ഇടക്കിടെ ആ ബൈബിള്‍ ഭാഗം ഓര്‍ക്കുന്നതും നല്ലതാണ് .

2 .  വിശുദ്ധരെക്കുറിച്ചു ധ്യാനിക്കുക 

വിശുദ്ധരെക്കുറിച്ചു ധ്യാനിക്കുന്നതും ചെറിയ ചെറിയ പ്രാര്‍ത്ഥനകള്‍ ഇടക്കിടെ ചൊല്ലുന്നതും ആത്മീയമായ ഉണര്‍വ് ലഭിക്കുവാന്‍ സഹായിക്കും. വിശുദ്ധരുടെ ജീവിതത്തിലെ ചെറിയ ചില സംഭവങ്ങള്‍ ചിലപ്പോള്‍ നമ്മെ സ്വാധീനിക്കാം. അത്തരം അവസരങ്ങളില്‍ വായന നിര്‍ത്തി അതിനെ കുറിച്ച് ചിന്തിക്കുന്നതും നമ്മുടെ ജീവിതവുമായി താരതമ്യം ചെയ്യുന്നതും നന്നായിരിക്കും.

3 . സ്വയം പ്രേരിത പ്രാര്‍ത്ഥന 

മനസ് സ്വസ്ഥമാക്കാന്‍ പറ്റുന്നില്ല എങ്കില്‍ ജപമാല കരങ്ങളില്‍ എടുക്കാം. വിരലുകള്‍ക്കിടയില്‍ ജപമാല മണികള്‍ സൂക്ഷിക്കാം. ചെറിയ പ്രാര്‍ത്ഥനകള്‍ വഴി ദൈവവുമായി സംസാരിക്കാന്‍ ശ്രമിക്കാം. ദൈവവുമായി അടുത്തിരിക്കാന്‍ ശ്രമിക്കാം. മനസ് തുറന്നുള്ള ആഗ്രഹത്തില്‍ ദൈവത്തിനു പ്രവര്‍ത്തിക്കാതിരിക്കാന്‍ കഴിയില്ല എന്ന് ഓര്‍ക്കുക.

4 . ദൈവത്തിനു സമര്‍പ്പിക്കാം

പ്രാര്‍ത്ഥിക്കുവാനോ ധ്യാനിക്കുവാനോ ഒട്ടും പറ്റുന്നില്ല എങ്കില്‍ അസ്വസ്ഥമാകരുത്. നമ്മുടെ  ഈ  അവസ്ഥയെ പൂര്‍ണ്ണമായും ദൈവത്തിനു വിട്ടുകൊടുക്കാം. ദൈവമേ എനിക്ക് പറ്റുന്നില്ല നീ ഇടപെടണമേ എന്ന് പ്രാര്‍ത്ഥിക്കാം.

5 . സ്വയം നിരീക്ഷിക്കുക 

നിങ്ങളെ തന്നെ നിരീക്ഷിക്കുക. നിങ്ങളുടെ കുറവുകള്‍, കുറ്റങ്ങള്‍, നിസഹായത, ആഗ്രഹം ഇതെല്ലാം കണ്ടെത്തുക. സൂക്ഷ്മമായ ആത്മശോധനയിലൂടെ ദൈവത്തില്‍ നിന്ന് അകലാനുണ്ടായ കാരണങ്ങളെ കണ്ടെത്തുവാന്‍ നമുക്ക് കഴിയും. അവിടെയ്ക്കൊക്കെ ദൈവത്തിന്റെ കരുണ വര്‍ഷിക്കാന്‍ പ്രാര്‍ത്ഥിക്കാം.

ഇങ്ങനെ ചെറിയ ചില പ്രവര്‍ത്തികളിലൂടെ നഷ്‌ടമായ ആത്മീയതയിലേയ്ക്ക് തിരിച്ചെത്തുവാന്‍ കഴിയും. പ്രാര്‍ത്ഥനയില്‍ മടുപ്പ്, പ്രാര്‍ത്ഥിക്കുവാന്‍ തോന്നുന്നില്ല എന്ന് പറഞ്ഞു മാറിയിരുന്നാല്‍ നഷ്ടമായ പ്രാര്‍ത്ഥനാനുഭവത്തിലേയ്ക്ക് തിരികെ എത്തുവാന്‍ കഴിയില്ല എന്ന് ഓര്‍ക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here