ആഗസ്റ്റ് 12:  വി. എവുപ്ലൂസ്

 

മതമര്‍ദ്ദകനായ ഡയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്തു സിസിലിയിലെ കറ്റാനിയായില്‍ ജീവിച്ചിരുന്ന വിശുദ്ധനാണ് എവുപ്ലൂസ്. പ്രാദേശികഭരണാധികാരിയായിരുന്ന കാല്‌വിസിയാന്റെ മന്ദിരാങ്കണത്തില്‍നിന്നുകൊണ്ട് ഒരു ദിവസം താന്‍ ഒരു ക്രിസ്ത്യാനിയാണെന്നും വിശ്വാസത്തിനുവേണ്ടി മരിക്കാന്‍പോലും തയ്യാറാണെന്നും ഉറക്കെ വിളിച്ചുപറഞ്ഞു. ഇതുകേട്ട ഭരണാധികാരി എവുപ്ലൂസിനെ തന്റെ മുമ്പില്‍ ഹാജരാക്കുവാന്‍ ഭടന്മാരോടു നിര്‍ദ്ദേശിച്ചു.

എവുപ്ലൂസ് വിശുദ്ധ ഗ്രന്ഥവുമായാണ് അധികാരി സമക്ഷം ഹാജരായത്. അദ്ദേഹത്തിന്റെ കൈവശം സൂക്ഷിക്കപ്പെട്ട ഗ്രന്ഥം ഏതാണെന്ന് അധികാരി ചോദിച്ചു. ”ലോകരക്ഷകനായ ക്രിസ്തുവിന്റെ സുവിശേഷമാണിത്” എന്നായിരുന്നു മറുപടി.

ഉടന്‍തന്നെ അതിലെ പ്രതിപാദ്യമെന്തെന്ന് കേള്‍ക്കട്ടെ എന്നായി അധികാരി. ”അതു ദൈവവചനമാണ്. എന്റെ ഹൃദയത്തില്‍ അത് ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ വിശദീകരിക്കാം” ഈ മറുപടി അധികാരിയെ പ്രകോപിപ്പിച്ചു.

ദേവന്മാര്‍ക്കു പൂജയര്‍പ്പിക്കുവാന്‍കൂടി വിസമ്മതിച്ചതോടെ എവുപ്ലൂസിനെ കഠിനമായി പീഡിപ്പിക്കുവാന്‍ ഭടന്മാര്‍ക്കു നിര്‍ദ്ദേശം നല്കി. ദണ്ഡനങ്ങളേറ്റിട്ടും അചഞ്ചലനായി വര്‍ത്തിച്ച എവുപ്ലൂസിനെ ഒടുവില്‍ ശിരച്ഛേദം ചെയ്യുവാന്‍ കല്പിച്ചു. അവര്‍ ആ കല്പന അക്ഷരം പ്രതി നിറവേറ്റി.

 

വിചിന്തനം: ”ലോകത്തിന്റെ സകല സുഖങ്ങള്‍ക്കും പകരമായി അങ്ങേ അരൂപിയുടെ വിശിഷ്ടമായ ദിവ്യശ്വാസം എനിക്കു നല്‍കേണമേ. ജഡമോഹത്തിനുപകരം അങ്ങേ തീരുമാനത്തോടുള്ള സ്‌നേഹംകൊണ്ട് എന്നെ നിറക്കേണമേ.”

 

ഇതരവിശുദ്ധര്‍: ജസ്റ്റ്/ മിലാനിലെ യൗസേബിയൂസ്/ ജാംബര്‍ട്ട്/ മുര്‍ട്ടാഗ്/ യുപ്ലിയൂസ്/ ആന്റണി പീറ്റര്‍ ഡിക്ക്/ ബെനവെന്റോയിലെ കാഷ്യന്‍/ ഹിലാരിയ/ ജെയിംസ് നാം / മക്കാറിയൂസും ജൂലിയനും/മൈക്കിള്‍ മൈ(+838)/ പൊര്‍ക്കാരിയൂസ് (+732)

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ