ആഗസ്റ്റ് 13: വി. പോണ്‍ഷിയന്‍

[avatar user=”J Kochuveettil” size=”120″ align=”right” /]

റോമിലായിരുന്നു ജനനം. 230 ഓഗസ്റ്റ് 28 ന് ഇദ്ദേഹത്തെ പാപ്പായായി തിരഞ്ഞെടുത്തു. ഒരാള്‍ മരിക്കുന്നതിനുമുമ്പ് സങ്കീര്‍ത്തനങ്ങള്‍ ആലപിക്കാനും ‘മനസ്താപപ്രകരണം’ ചൊല്ലാ നും പാപ്പായാണു നിര്‍ദ്ദേശിച്ചത്. ”കര്‍ത്താവു നിങ്ങളോടു കൂടെ” എന്ന സംബോധന ആവിഷ്‌കരിച്ചു നടപ്പിലാക്കിയതും പാപ്പായാണ്. അവസാനം അദ്ദേഹം നാടുകടത്തപ്പെടുകയും ‘സാര്‍ഡീനിയയയിലെ ഖനിയില്‍ പണിയെടുക്കുവാന്‍ വിധിക്കപ്പെടുകയും ചെയ്തു. ‘താവോലാറ’ എന്ന ചെറുദ്വീപില്‍വച്ച് അവശനായി അദ്ദേഹം മരിച്ചു.

വി. ഉര്‍ബന്‍ ഒന്നാമന്‍ പാപ്പായുടെ പിന്‍ഗാമിയായി വന്ന വി. പോണ്‍ഷിയന്‍ ഉര്‍ബന്‍ പാപ്പായുടെ ശ്രമങ്ങള്‍ പിന്തുടര്‍ന്നു. കാരണം ബദല്‍പാപ്പയായിരുന്ന ഹിപ്പോളിറ്റസിന്റെ സ്വാധീനം വളരെ ശക്തമായിരുന്നു. പാപ്പായുടെ ശ്രദ്ധമുഴുവനും ഹിപ്പോളിറ്റസിനെ നേരിടുവാന്‍ വിനിയോഗിക്കേണ്ടി വന്നു.

ഈ സമയം റോമന്‍ ചക്രവര്‍ത്തിയായിരുന്ന മാക്‌സിമൂസിന്റെ നേതൃത്വത്തില്‍ ക്രൂരമായ മതപീഡനം അരങ്ങേറി. ക്രൈസ്തവര്‍ ആരായാലും അവരെ പിടികൂടി വധിക്കുക എന്ന തത്ത്വമായിരുന്നു ചക്രവര്‍ത്തിക്ക്. ചക്രവര്‍ത്തി പാപ്പായേയും ഹിപ്പോളിറ്റസിനേയും പിടികൂടി. അവരെ ഒരുമിച്ചുതന്നെ സര്‍ഡീനിയായിലെ ഖനികളിലേക്കു നാടുകടത്തി. തടങ്കല്‍പാളയത്തിലെ ഈ രണ്ട് അടിമകളും രണ്ടു വിരുദ്ധചേരികളെ നയിക്കുന്ന നേതാക്കളായിരുന്നു.

സ്വാഭാവികമായി അവര്‍ വിദ്വേഷവും പകയും വച്ചുപുലര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ അവര്‍ ഇരുവരും പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചും ആദരിച്ചും അവിടെ അടിമകളായി പണിയെടുത്തു. ഇവിടെവച്ച് ഹിപ്പോളിറ്റസിന് തന്റെ ഗുരുതരമായ തെറ്റുകളെക്കുറിച്ച് ബോധ്യമായി. അദ്ദേഹം പാപ്പായുടെ മുമ്പില്‍ അനുതപിച്ച് തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ട് പാപ്പായ്ക്കു പൂര്‍ണ്ണവിധേയത്വം പ്രഖ്യാപിച്ചു. കരുണാര്‍ദ്രമായ പിതൃഹൃദയത്തോടെ പാപ്പാ അദ്ദേഹത്തെ സഭയുടെ ജീവസ്രോതസ്സിലേക്കു സ്വീകരിച്ചു. സര്‍ഡീനിയായിലെ ഖനികളില്‍ രണ്ടുപേരും വിശ്വാസസംരക്ഷണത്തിനായി രക്തസാക്ഷികളായി. അങ്ങനെ ചരിത്രത്തിലെ ആദ്യത്തെ വിമതപാപ്പ ഒരു വിശുദ്ധനായി കിരീടമണിഞ്ഞു.

മാക്‌സിമൂസ് 

സഭയിലെ വേദപാരംഗതനും കോണ്‍സ്റ്റന്‍സ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ ഭീകരമായ മതമര്‍ദ്ദനത്തിനു വിധേയനാവുകയും ചെയ്ത വിശുദ്ധനാണ് മാക്‌സിമൂസ്. 580 ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ഒരു കുലീന കുടുംബത്തിലാണ് മാക്‌സിമൂസ് ജനിച്ചത്. ക്രിസോപോളീസ് ആശ്രമത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് അദ്ദേഹം ഹെരാക്ലിറ്റെസ് ചക്രവര്‍ത്തിയുടെ കാര്യനിര്‍വാഹകനായിരുന്നു.

കോണ്‍സ്റ്റന്‍സ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പാഷണ്ഡതകള്‍ വളരെയധികം ശക്തിപ്പെട്ടു. ചക്രവര്‍ത്തിയുടെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. ഈ സന്ദര്‍ഭത്തിലെ പാഷണ്ഡതകളെ എതിര്‍ത്തുകൊണ്ട് സഭയുടെ സത്യവിശ്വാസം പ്രചരിപ്പിക്കുവാന്‍ മാക്‌സിമൂസ് അക്ഷീണം പരിശ്രമിച്ചു. എന്നാല്‍ സഭാധികാരികള്‍പോലും അദ്ദേഹത്തെ എതിര്‍ത്തു. അവസാനം മാക്‌സിമൂസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി നാടുകടത്തി. ആറു വര്‍ഷത്തിനുശേഷം വീണ്ടും കോണ്‍സ്റ്റന്റിനോപ്പിളില്‍ മടങ്ങിയെത്തിയ മാക്‌സിമൂസിനെ അധികാരികള്‍ പിടികൂടുകയും ക്രൂരമായി മര്‍ദിക്കുകയും കൈയും നാവും പിഴുതെടുത്തശേഷം സ്‌കെമായിസിലേക്ക് നാടുകടത്തുകയും ചെയ്തു. അവിടെവച്ച് അദ്ദേഹം മരണമടഞ്ഞു.

ആ കാലഘട്ടത്തിലെ ഏറ്റവും ക്രാന്തദര്‍ശിയായ ദൈവശാസ്ത്രജ്ഞനായാണ് മാക്‌സിമൂസ് പരിഗണിക്കപ്പെടുന്നത്. തൊണ്ണൂറോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിരുന്നു.

വിചിന്തനം: ”ദൈവത്തേ കേള്‍ക്കുകയും അവിടുത്തെ സ്വരം അനുകരിക്കുകയും ചെയ്യുകയാണെങ്കില്‍ നമുക്കു സമാധാനം ആസ്വദിക്കാം.”

ഇതരവിശുദ്ധര്‍ : റാദെഗുന്തെ (+586)/ ഫക്കാനന്‍/ വിഗ്‌ബേര്‍ട്ട് (670-738) ആബട്ട്/സോദോസ്‌ക്കിലെ ടിക്കോണ്‍/ കാന്റൊല്ലായും ഹെലനും (+304)/ ഹെരുള്‍ഫ്(+785)/ ജൂണിയന്‍ (+587)/ ബനില്‍ദെ (1805-1862)/ ഇമോളായിലെ വി. കാഷ്യല്‍(+363) രക്തസാക്ഷി/പെസരോയിലെ വി. ഫ്രാന്‍സീസ്(+1350)/ ഹിപ്പോലിറ്റസ് (170-235) റോമിലെ രക്തസാക്ഷി/ലുഡോയിഫ് (+983) ബനഡിക്‌റ്റൈന്‍ ആബട്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ