നവംബര്‍ 10: വി. അന്ത്രയോസ് അവലീനോ

 

നേപ്പിള്‍സില്‍ 1521 ല്‍ അന്ത്രയോസ് അവലീനോ ജനിച്ചു. സിവില്‍ നിയമങ്ങളും കാനോന്‍ നിയമങ്ങളും പഠിച്ചു ബിരുദം നേടിയതിനുശേഷം വൈദികവൃത്തി സ്വീകരിച്ചു. അനന്തരം വൈദികകോടതികളില്‍ അഭിഭാഷകനായി ജോലി ചെയ്തു. പിന്നീടദ്ദേഹം അഭിഭാഷകജോലി രാജിവച്ചു.

അന്ത്രയോസ് മുപ്പത്തഞ്ചാമത്തെവയസ്സില്‍ നേപ്പിള്‍സിലെ ‘തിയെറ്റയിന്‍’ സഭയില്‍ ചേര്‍ന്നു. പതിനാലുവര്‍ഷം അവിടെ ജീവിച്ചു. 1570 ല്‍ വി. ചാള്‍സ് ബൊറോമിയോവിന്റെ നിര്‍ബന്ധംമൂലം അധികാരികള്‍ അദ്ദേഹത്തെ ലോംബാര്‍ഡിയിലേക്ക് അയച്ചു. അന്ത്രയോസിന്റെ നിരന്തരമായ പ്രയത്‌നത്തിന്റെ ഫലമായി ലോംബാര്‍ഡിയിലെ ജനങ്ങളുടെ ആത്മീയജീവിതം ഉന്നതി പ്രാപിച്ചു. വിശ്വാസത്തില്‍നിന്നും വ്യതിചലിച്ചുകൊണ്ടിരുന്ന അവിടുത്തെ ജനത്തെ തിരികെ വിശ്വാസത്തിലേക്കു കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചു.

1608 നവംബര്‍ 10-ാം തീയതി അന്ത്രയോസ് വി. കുര്‍ബാന അനുഷ്ഠിക്കാന്‍ ഭാവിച്ചപ്പോള്‍ പെട്ടെന്നു തളര്‍ച്ച ബാധിച്ചു നിലത്തുവീണു, അന്നുതന്നെ മരിക്കുകയും ചെയ്തു. അദ്ദേഹത്തിനു എണ്‍പത്തെട്ടുവയസ്സു പ്രായമുണ്ടായിരുന്നു.

വി. പൗലോസിന്റെ ദേവാലയത്തിലെ നിലവറയിലാണു മൃതദേഹം കിടത്തിയത്. ഭക്തരായ സന്ദര്‍ശകര്‍ മൃതദേഹത്തില്‍നിന്നും തലമുടിയും മുഖത്തെ ത്വക്കും മുറിച്ചെടുത്തുകൊണ്ടുപോകാന്‍ തുടങ്ങി. മരിച്ചിട്ടു മുപ്പത്താറുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുറിഞ്ഞ ഭാഗങ്ങളില്‍ ചോര പൊടിഞ്ഞു. ശരീരം ചൂടുള്ളതായും കാണപ്പെട്ടു. വൈദ്യപരിശോധനയില്‍ അദ്ദേഹം മരിച്ചുകഴിഞ്ഞിരുന്നതായി തെളിഞ്ഞു. എന്നിട്ടും അടുത്ത മുപ്പത്താറുമണിക്കൂര്‍ സമയം തുടര്‍ച്ചയായി മുറിവുകളില്‍നിന്നും രക്തം സ്രവിച്ചുകൊണ്ടിരുന്നു. ആശ്രമവാസികള്‍ ആ രക്തം ചഷകത്തില്‍ ശേഖരിച്ചു ഭദ്രമായി സൂക്ഷിച്ചുവച്ചു. നാലു ദിവസം കഴിഞ്ഞപ്പോള്‍ അതു പതഞ്ഞുപൊങ്ങി. പിന്നീടു കട്ടിയാവുകയും ചെയ്തു. തുടര്‍ന്ന് അന്ത്രയോസിന്റെ ചരമവാര്‍ഷികദിനങ്ങളിലെല്ലാം കട്ടിയായ രക്തം ഉരുകിയിരുന്നതായി പറയപ്പെടുന്നു. 1717 ല്‍ സഭ അന്ത്രയോസിനെ വിശുദ്ധനായി നാമകരണം ചെയ്തു.

വിചിന്തനം: ”ദൈവം തിരുമനസാകാതെയോ അങ്ങയുടെ പരിപാലന കൂടാതെയോ അകാരണമായോ യാതെന്നും ഈ ഭൂമിയില്‍ സംഭവിക്കുന്നില്ല.”

ഇതരവിശുദ്ധര്‍ : ലയോ. പാപാ (440-461)/ഗുവെരെസാള്‍ദുസ് (+965) സ്‌പെയിനിലെ മെത്രാന്‍/ റാറ്റ്‌സ്ബര്‍ഗ്ഗിലെ ജോണ്‍ (+1066) മിഷനറി/യൂസ്തൂസ് +(627) കാന്റര്‍ബറിയിലെ മെത്രാന്‍/മോണിത്തോര്‍ (+490) ഓര്‍ലീന്‍സിലെ മെത്രാന്‍/നോണൂസ് +(417) ഹിലിയോപോളീസിലെ മെത്രാന്‍/ട്രൈഫോണ്‍(+251) രക്തസാക്ഷി/ റ്റിബേരിയൂസ് (+303) രക്തസാക്ഷി/ആന്‍ഡ്രൂ (1521-1608)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here