നവംബര്‍ 30: വി. അന്ത്രയോസ് ശ്ലീഹാ

അപ്പസ്‌തോല സമൂഹത്തിലേക്കു മിശിഹായാല്‍ വിളിക്കപ്പെട്ട ആദ്യ ക്രിസ്തു ശിഷ്യനാണ് അന്ത്രയോസ് ശ്ലീഹാ. യോനായുടെ മൂത്തപുത്രനും അപ്പസ്‌തോല പ്രമുഖനുമായ പത്രോസിന്റെ സഹോദരനുമായ അന്ത്രയോസ് ബെത്‌സെയ്ദാ എന്ന സ്ഥലത്താണു ജനിച്ചത്. സുവിശേഷങ്ങളില്‍ രേഖെപ്പടുത്തിയിരിക്കുന്ന അപ്പസ്‌തോലന്മാരുടെ പേരുകളിലെല്ലാം രണ്ടാമത്തേത് അന്ത്രയോസിന്റെ പേരാണ്.

”മിശിഹായെ പരിചയപ്പെടുത്തി കൊടുക്കുന്നവന്‍” എന്നാണ് വി. ബീഡ് അന്ത്രയോസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മിശിഹായുടെ ശിഷ്യനാവുന്നതിനുമുമ്പ് അന്ത്രയോസും സഹോദരനും യോഹന്നാന്റെ ശിഷ്യന്മാരായിരുന്നു. ഒരു ദിവസം ഈശോയോടുകൂടെ താമസിച്ചതിനുശേഷമാണ് അന്ത്രയോസ് ക്രിസ്തുശിഷ്യനായത്. അതിനുശേഷം ഉടന്‍തന്നെ അദ്ദേഹം തന്റെ സഹോദരനായ പത്രോസിനെയും മിശിഹായുടെ അടുത്തേക്കു കൂട്ടിക്കൊണ്ടു വന്നു.

പിന്നീടു സുവിശേഷത്തില്‍ അന്ത്രയോസിനെ കാണുന്നത് അപ്പം വര്‍ദ്ധിപ്പിക്കുമ്പോഴാണ്. വിജനസ്ഥലത്തുവച്ച് അയ്യായിരം പേര്‍ക്ക് അപ്പം കൊടുക്കുന്നതിനായി അഞ്ചപ്പവും രണ്ടുമീനും കൈവശമുണ്ടായിരുന്നവനെ മിശിഹായുടെ അടുത്തേക്ക് എത്തിക്കുന്നത് അന്ത്രയോസാണ്.

പന്തക്കുസ്താ ദിനത്തിനുശേഷം പ്രേഷിതവൃത്തിക്കായി പുറപ്പെട്ട അന്ത്രയോസ് കപ്പദോച്ചിയ, ഗലാത്യ, ബിഥീനിയ, സിത്തിയ, റഷ്യ, ബിസാനുസിയ, ത്രെയിസ്, മാസെഡോണിയ, തെസലി, അക്കയാ എന്നീ സ്ഥലങ്ങളില്‍ സുവിശേഷം അറിയിച്ചു. ഇവരുടെ ഇടയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളും പ്രസംഗിച്ച തത്വങ്ങള്‍ക്ക് അനുയോജ്യമായ ജീവിതവും അനേകരെ ഉത്തമ ക്രിസ്ത്യാനികളാക്കി മാറ്റി.

അവസാനമായി അദ്ദേഹം എത്തിയത് അക്കായ എന്ന സ്ഥലത്താണ്. ക്രൈസ്തവ ശത്രുവായിരുന്ന അവിടുത്തെ അധികാരിയെ മാനസാന്തരപ്പെടുത്തുന്നതിനായി ശ്ലീഹാ നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. മാത്രമല്ല, തങ്ങളുടെ ദേവന്മാരെ ആരാധിച്ചില്ലെങ്കില്‍ വിശുദ്ധനെ കുരിശില്‍ തറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതിനു തയാറാവാതിരുന്ന ശ്ലീഹായെ ക്രൂരമായ പല മര്‍ദ്ദനങ്ങള്‍ക്കും വിധേയനാക്കി. അവസാനം അദ്ദേഹത്തെ ചമ്മട്ടികള്‍ കൊണ്ടടിക്കാന്‍ ഉത്തരവിട്ടു. അടിയുടെ ശക്തിയില്‍ ശരീരത്തിലെ മാംസം കഷണംകഷണമായി നിലത്തുവീണു. അസ്ഥികള്‍ പുറമെ കാണെപ്പട്ടു. എന്നിട്ടും യാതൊരു ഭാവ വ്യത്യാസവും പ്രകടിപ്പിക്കാതെ പ്രാര്‍ത്ഥനയില്‍ ലയിച്ചുനിന്ന വിശുദ്ധനെ കണ്ടപ്പോള്‍ ഗവര്‍ണറുടെ രോഷം കൂടുതല്‍ വര്‍ദ്ധിച്ചു.

ഉടന്‍തന്നെ ശ്ലീഹായെ കുരിശില്‍ തറയ്ക്കാന്‍ ഉത്തരവിട്ടു. കുരിശില്‍ തറയ്ക്കപ്പെട്ട അദ്ദേഹത്തെ രക്ഷിക്കുവാന്‍ വിശ്വാസികള്‍ ശ്രമിച്ചുവെങ്കിലും ശ്ലീഹാ അവരെയെല്ലാം പിന്തിരിപ്പിക്കുകയാണുണ്ടായത്. ”ദിവ്യനാഥനുവേണ്ടി മരിക്കുന്നത് എത്രയോ ആനന്ദപ്രദം” എന്ന് ശ്ലീഹാ അവരോടു പറഞ്ഞിരുന്നു. രണ്ടു ദിവസത്തെ അവാച്യമായ ക്രൂരപീഡകള്‍ക്കൊടുവില്‍ അദ്ദേഹം സ്വര്‍ഗത്തിലേക്ക് വിളിക്കെപ്പട്ടു.

വിചിന്തനം: ഒരു ക്രിസ്താനിയുടെ ജീവിതം യഥാര്‍ത്ഥത്തില്‍ കുരിശാണ്. അതു സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗദര്‍ശിയാണ്.

ഇതരവിശുദ്ധര്‍ : ആന്‍ഡ്രൂ-മീന്‍പിടുത്തക്കാരുടെ മധ്യസ്ഥന്‍/ ട്രോജന്‍ (+533) മെത്രാന്‍ കോണ്‍സ്റ്റാന്റിയൂസ് (അഞ്ചാം നൂറ്റാണ്ട്)/മൗരി-രക്തസാക്ഷിയായ കന്യക/ ജോസഫ് മര്‍ച്ചാന്ദ് (1803-1835)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ